രക്ഷയില്ല; എ.ടി.കെ മോഹൻബഗാനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റു, രാഹുലിന് ചുവപ്പ് കാർഡും
എടികെയ്ക്കായി കാൾ മക്ഹ്യുവാണ് രണ്ട് ഗോളുകളും നേടിയത്. ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്‌സനായി ഗോൾ നേടിയത്.
കൊൽക്കത്ത: കൊച്ചിയിലേറ്റ തോൽവിക്ക് കൊൽക്കത്തയിൽ പകരംവീട്ടാമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കണക്ക് കൂട്ടലുകൾ തെറ്റി. കൊൽക്കത്തയിലും ബ്ലാസ്റ്റേഴ്‌സ് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എ.ടി.കെ മോഹൻബഗാന്റെ വിജയം(2-1). എടികെയ്ക്കായി കാൾ മക്ഹ്യുവാണ് രണ്ട് ഗോളുകളും നേടിയത്. ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്‌സനായി ഗോൾ നേടിയത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു രണ്ട് ഗോളുകൾ മടക്കിയുള്ള എടികെ മോഹൻബഗാന്റെ ഗംഭീര തിരിച്ചുവരവ്. മലയാളി താരം രാഹുൽ കെ.പി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ( രണ്ട് മഞ്ഞക്കാർഡ്) പത്ത് പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ കളിച്ചത്. മത്സരം തുടങ്ങി 16ാം മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചു. ഡയമന്റകോസ് ആണ് എടികെ വലയിൽ പന്ത് എത്തിച്ചത്.
ഇവാൻ കല്യൂഷ്നി കൊടുത്ത പാസിൽനിന്നാണ് ഗോളിലേക്കു നയിച്ച നീക്കമുണ്ടായത്. അപ്പോസ്തലസ് ജിയാനു നല്‍കിയ മനോഹര ക്രോസ് ദിമിത്രിയോസ് ഡയമെന്റകോസ് പിഴവുകളില്ലാതെ വലയിലെത്തിക്കുകയായിരുന്നു. ഐഎസ്എൽ സീസണിൽ ഗ്രീക്ക് താരത്തിന്റെ പത്താം ഗോളാണിത്. എന്നാൽ ആക്രമിച്ച് കളിച്ച മോഹൻ ബഗാൻ 23ാം മിനുറ്റിൽ പകരം വീട്ടി. മക്ഹ്യുവിന്റെ സുന്ദരഫിനിഷിങ്. 1-1 എന്ന നിലയിൽ ഹാഫ്‌ടൈമിന് പിരിഞ്ഞു ടീമുകൾ. എന്നാൽ 77ാം മിനുറ്റിൽ മക്ഹ്യു തന്നെ രണ്ടാം ഗോളും നേടി എടികെയെ മുന്നിലെത്തിച്ചു.
അതിനിടെയാണ് രണ്ട് മഞ്ഞക്കാർഡുകൾ കണ്ട് രാഹുൽ കെപി പുറത്തായത്. അതേസമയം തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ക്ഷീണമില്ല. നേരത്തെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. എന്നാലും ടീം ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്താൽ ഹോംഗ്രൗണ്ടിൽ പ്ലേഓഫ് കളിക്കാൻ അവസരം ലഭിക്കും. ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്‌സിന് ഇനിയും ബാക്കിയുണ്ട്. മുംബൈ സിറ്റി എഫ്.സി, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകളാണ് നേരത്തെ സെമി ഉറപ്പിച്ച ടീമുകൾ.
.@manvir_singh07's attempt hits the post! 👀
— Indian Super League (@IndSuperLeague) February 18, 2023
Watch the #ATKMBKBFC game live on @StarSportsIndia, @DisneyPlusHS: https://t.co/2sHdaKvkDK and @OfficialJioTV
Live Updates: https://t.co/uSFTYlPvkW#HeroISL #LetsFootball #ATKMohunBagan #KeralaBlasters pic.twitter.com/LpLlx1YWX1