മാറ്റമില്ല; സ്വന്തം മൈതാനത്ത് മോഹൻ ബഗാനോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്‌

സമനിലയിലാക്കാമായിരുന്ന മത്സരം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്‌

Update: 2024-03-13 16:33 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: സമനിലയിലാകേണ്ടിയിരുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു. മൂന്നിനെതിരെ നാല് ഗോളുകൾക്ക് കൊച്ചിയിൽ മോഹൻ ബഗാൻ സൂപ്പര്‍ ജിയന്റ്സ് ജയിച്ചുകയറിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകളിലും സംശയങ്ങളുയരുന്നു. 

രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിന്റെ അവസാന നിമഷം ഡയമന്റകോസ് തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തലയിൽ കൈവെച്ചുകാണും. അതിന് തൊട്ടുമുമ്പായിരുന്നു മോഹൻ ബഗാൻ തങ്ങളുടെ നാലാം ഗോൾ നേടിയിരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ അലസമായ സമീപനം എന്ന് തോന്നിപ്പിക്കുന്ന കളിയായിരുന്നു ആ ഗോളിലേക്ക് വഴി തെളിയിച്ചത്. അല്ലെങ്കിൽ ഡയമന്റകോസിന്റെ ഗോളോടെ മത്സരം 3-3 എന്ന സമനിലയിൽ എത്തിയേനെ.

ബഗാനായി അർമാണ്ടോ സാദികു രണ്ട് ഗോളുകൾ നേടി. ദീപക് ടാൻഗ്രി, ജേസൺ കമ്മിങ്‌സ് എന്നിവരാണ് ബഗാന്റെ മറ്റു സ്‌കോറർമാർ. ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയോസ് ഡയമന്റകോസാണ് രണ്ടു ഗോളുകൾ നേടിയത്. വിപിൻ മോഹനാണ് മറ്റൊരു സ്‌കോറർ. നാലാം മിനുറ്റിൽ തന്നെ അർമാണ്ടോ ബ്ലാസ്റ്റേഴ്‌സ് വലയിൽ പന്ത് എത്തിച്ച്, കൊച്ചിയെ ഞെട്ടിച്ചു. ആ ഒരൊറ്റ ഗോളിന്റെ ആത്മവിശ്വാസത്തിൽ പ്രതിരോധ ലൈനാണ് ഒന്നാം പകുതിവരെ മോഹൻ ബഗാൻ സ്വീകരിച്ചത്.

പ്രതിരോധപ്പൂട്ട് പൊട്ടിയത് രണ്ടാം പകുതിയിലും. അഞ്ച് ഗോളുകളാണ് അവിടെ പിറന്നത്. 54ാം മിനുറ്റിൽ വിപിൻ മോഹനാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില നൽകിയത്. എന്നാൽ ആറ് മിനിറ്റുകൾക്കപ്പുറം അർമാണ്ടോ, ബഗാന് വീണ്ടും സന്തോഷം നൽകി. അതോടെ സ്‌കോർ 2-1. മൂന്ന് മിനിറ്റുകൾക്കപ്പുറം ഗോളടി വീരൻ ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും ഒപ്പമെത്തിച്ചു. അതോടെ സ്‌കോർ 3-3.

ബഗാന്റെ നാലാം ഗോളാണ് ബ്ലാസ്റ്റേഴ്‌സിനെ ഇല്ലാതാക്കിയത്. അതേസമയം പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും മറ്റു ടീമുകൾ കയറി വന്നാൽ ബ്ലാസ്റ്റേഴ്‌സിന് ക്ഷീണമാകും. ആറ്, എഴ് സ്ഥാനങ്ങളിലുള്ള ജംഷഡ് പൂരും പഞ്ചാബിനും എട്ടാം സ്ഥാനത്തുള്ള ബംഗളൂരുവിനും 21 പോയിന്റേയുള്ളൂവെന്നത് മഞ്ഞപ്പടക്ക് ആശ്വാസമാണ്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News