നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ്; രാഹുൽ പ്ലേയിങ് ഇലവനിൽ, സഹലില്ല
ആദ്യ ഇലവനില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി കോച്ച് ഇവാന്‍ വുകുമനോവിച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിർണായക പോരാട്ടത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. നായകനായിരുന്ന ജസ്സൽ ആദ്യ ഇലവനിലില്ല. അഡ്രിയൻ ലൂനയാണ് ക്യാപ്റ്റൻ. മലയാളി താരം സഹൽ അബ്ദുൽ സമദും ആദ്യ ഇലവനിലില്ല.
കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം പുറത്തെടുത്ത കെ.പി രാഹുൽ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചു. പ്രതിരോധവും കോച്ച് ഇവാന്‍ വുകുമനോവിച്ച് ഉടച്ചു വാര്‍ത്തിട്ടുണ്ട്. പ്യൂട്ടിയയ്ക്ക് പകരം സൗരവും ജസ്സലിന് പകരം നിഷുവും ഖബ്രയ്ക്ക് പകരം സന്ദീപും കളത്തിലിറങ്ങും.
ടീം ഇങ്ങനെ: ഗിൽ (ഗോൾകീപ്പർ), സന്ദീപ്, ലെസ്‌കോവിച്ച്, ഹോർമിപാം, നിഷു, ഇവാൻ, ജീക്‌സൺ, സൗരവ്, ലൂന, രാഹുൽ, ദയമന്തകോസ്.
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മിന്നും ജയം നേടിയായിരുന്നു ബ്ലാസ്റ്റേഴ്സ് സീസൺ തുടങ്ങിയത്. എന്നാൽ, അതിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളിലും ദയനീയ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്.
എ.ടി.കെ മോഹൻ ബഗാനോട് 5-2 ന് തോറ്റപ്പോൾ ഒഡീഷയോട് തോറ്റത് 2-1 നായിരുന്നു. നാലാം മത്സരത്തിൽ 2-0 ന് മുംബൈ എഫ്സിയോടായിരുന്നു തോൽവി. പട്ടികയിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ടൂർണമെന്റിലേക്ക് തിരിച്ചെത്താനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
ടൂർണമെന്റിലെ നാല് മത്സരങ്ങളിലും തോറ്റ നോർത്ത് ഈസ്റ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമുള്ള ഹൈദരാബാദ് എഫ്.സിയാണ് 10 പോയിന്റുമായി പട്ടികയിൽ ഒന്നാമത്.