രണ്ട് അബദ്ധങ്ങൾ!; കളിച്ചിട്ടും തോൽവിയേറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ്
ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി (3-1)
കൊച്ചി: വിയർത്തുകളിച്ചിട്ടും ആർത്തലച്ച ആരാധക്കൂട്ടത്തിന്റെ പിന്തുണയുണ്ടായിട്ടും ബെംഗളൂരു എഫ്.സിക്കെതിരെ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. പ്രതിരോധ താരം പ്രീതം കോട്ടാലും ഗോൾകീപ്പർ സോംകുമാറും വരുത്തിയ അബദ്ധങ്ങളാണ് കൊമ്പൻമാർക്ക് വിനയായത്.
മത്സരത്തിന്റെ എട്ടാം മിനുറ്റിൽ തന്നെ പെരേര ഡയസിന്റെ ഗോളിൽ ബെംഗളൂരു മുന്നിലെത്തി. വെറ്ററൻ പ്രതിരോധതാരം പ്രീതം കോട്ടാലിന്റെ അബദ്ധത്തിലാണ് ഗോൾപിറന്നത്. മറികടക്കാനുള്ള ശ്രമത്തിനിടെ കോട്ടാലിന് പിഴച്ചത് പെരേര ഡയസ് കൃത്യമായ മുതലെടുത്തു. ഗോൾകീപ്പർ സോംകുമാറിന് മുകളിലൂടെ അനായാസം പന്ത് ചിപ്പ് ചെയ്തായിരുന്നു ഗോൾ.
ഗോൾവീണതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നെണീറ്റ് ബെംഗളൂരു ഗോൾമുഖം വിറപ്പിച്ചു. സൂപ്പർതാരം നോഹ സദോയിയുടെ അഭാവത്തിലും വളരെ ഭാവനാസമ്പന്നമായ മുന്നേറ്റങ്ങളാണ് കൊമ്പൻമാർ പുറത്തെടുത്തത്. 10ാം മിനുറ്റിൽ ബോക്സിന് വെളിയിൽ നിന്നും ജീസസ് ഹിമെനസ് തൊടുത്ത ഉഗ്രൻ ഷോട്ട് ബംഗളൂരു ഗോൾകീപ്പറുടെ കൈകളിൽ തട്ടി ക്രോസ് ബാറിലിടിച്ചാണ് പോയത്.
ആദ്യപകുതി അവസാനിക്കാനിരിക്കേ പെനൽറ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ബോക്സിലേക്ക് ഓടിക്കയറിയ ക്വാമി പെപ്രെയെ രാഹുൽ ഭെക്കെ വീഴ്ത്തിയതിന് റഫറി പെനൽറ്റി അനുവദിച്ചു. ബെംഗളൂരു താരങ്ങൾ പെനൽറ്റിയല്ലെന്ന് വാദിച്ചെങ്കിലും റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി നിന്നു. കിക്കെടുത്ത ഹിമെനസ് പന്ത് അനായാസം വലയിലെത്തിച്ചതോടെ കാത്തിരുന്ന സമനില ഗോളെത്തി. സീസണിൽ ബെംഗളൂരു എഫ്.സി വഴങ്ങുന്ന ആദ്യത്തെ ഗോളാണിത്.
രണ്ടാം പകുതിയിൽ ഇരുടീമുകളും കരുതിയാണ് തുടങ്ങിയത്. പക്ഷേ പതിയെ ബ്ലാസ്റ്റേഴ്സ് കളം പിടിച്ചുവരുന്നതിനിടെയാണ് ഗോൾകീപ്പർ സോംകുമാറിന്റെ പിഴവെത്തുന്നത്. യാതൊരു അപകടവും ഉയർത്താതെ വന്ന ഒരു പന്ത് സോംകുമർ കൈകളിൽ നിന്നും ഊർന്നിറങ്ങിയപ്പോൾ അവസരം പാത്തുനിന്ന എഡ്ഗാർ മെൻഡസ് ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തൊടുത്തു. അതോടെ ആർത്തലച്ച ഗ്യാലറി നിശബ്ദമായി.
നിനക്കാതെ ഗോൾവന്നിട്ടും ഉണർന്നെണീറ്റ ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ വട്ടംകറക്കി. ക്വാമി പെപ്ര ബെംഗളൂരു ബോക്സിൽ പലകുറി ഭീതിവിതച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. ഒടുവിൽ മത്സരം അവസാനിക്കാനിരിക്കേ ആക്രമണത്തിനായി കോപ്പ് കൂട്ടിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ ദൗർബല്യം മുതലെടുത്ത് മെൻഡസ് മൂന്നാംഗോളും കുറിച്ചു.
മത്സരത്തിന്റെ 57 ശതമാനവും പന്ത് കൈവശം വെച്ചിട്ടും 15 ഷോട്ടുകൾ ഉതിർത്തിട്ടും അർഹിക്കാത്ത തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. ആറ് മത്സരങ്ങളില 16 പോയന്റുള്ള ബെംഗളൂരു ഒന്നാംസ്ഥാനം ഭദ്രമാക്കിയപ്പോൾ ആറ് മത്സരങ്ങളിൽ എട്ട് പോയന്റുള്ള ബ്ലാസ്റ്റേഴസ് ആറാംസ്ഥാനത്ത് തുടരുകയാണ്.