ഗോൾമഴയ്‌ക്കൊടുവിൽ സമനില; ബ്ലാസ്റ്റേഴ്‌സിനെ തളച്ച് ചെന്നൈയിൻ

മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്തേക്കു കുതിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്

Update: 2023-11-29 16:44 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ഗോൾമഴ പെയ്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ പിടിച്ചുകെട്ടി ചെന്നൈയിൻ എഫ്.സി. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം തട്ടകത്തിലാണ് മഞ്ഞപ്പടയെ ചെന്നൈയിൻ തളച്ചത്. ഇരുഭാഗത്തുമായി ആറു ഗോളുകളാണു മത്സരത്തിൽ പിറന്നത്. സമനിലയായെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്തേക്കു കുതിച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്.

ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ചെന്നൈയിൻ ഞെട്ടിച്ചു. റഹീം അലിയിലൂടെ മത്സരത്തിൽ അക്കൗണ്ട് തുറന്നു ചെന്നൈയിൻ. റാഫേൽ ക്രിവെല്ലാറോയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോൾ. 11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി. ഷോട്ടെടുത്ത സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് പന്ത് കൃത്യമായി വലയിലാക്കി. എന്നാൽ, മഞ്ഞപ്പടയുടെ ആശ്വാസത്തിന് അൽപനിമിഷത്തിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 13-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർദൻ മുറേ ചെന്നൈയിന് ലീഡ് നേടിക്കൊടുത്തു.

കളി മുറുകവെ വീണ്ടും ജോർഡൻ മുറേ ഡബിൾ സ്‌ട്രൈക്ക്. റഹീം അലി നൽകിയ പാസ് മുറേ ഗോളാക്കി മാറ്റി. ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ തലയിൽ കൈവച്ച നിമിഷം.. ബ്ലാസ്‌റ്റേഴ്‌സ്-1, ചെന്നൈയിൻ-3.

38-ാം മിനിറ്റിൽ ക്വാമെ പെപ്രയിലൂടെ ആതിഥേയർ മത്സരത്തിലേക്കു തിരിച്ചെത്തി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അസിസ്റ്റിലൂടെ സീസണിലൂടെ ആദ്യ ഗോൾ സ്വന്തം പേരിലാക്കി പെപ്ര. ഹാഫ്‌ടൈമിൽ ബ്ലാസ്റ്റേഴ്‌സ്-2, ചെന്നൈയിൻ-03.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ഡാനിഷ് ഫാറൂഖിന്റെ അസിസ്റ്റിൽ ഡയമന്റകോസിന് ഇരട്ടഗോൾ. തുടർന്നങ്ങോട്ട് പൊടിപാറിയ മത്സരമായിരുന്നെങ്കിലും ഇരുഭാഗത്തും ഗോൾമാത്രം അകന്നുനിന്നു. 94-ാം മിനിറ്റില്‍ മികച്ചൊരു അവസരം ദെയ്സുകെ സകായ് കളഞ്ഞുകുളിച്ചതോടെ വിജയം പിടിച്ചെടുക്കാനുള്ള ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ശ്രമങ്ങളും അവസാനിച്ചു.

Summary: Kerala Blasters vs Chennaiyin FC live score

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News