അവിസ്മരണീയ തിരിച്ചുവരവ്; ഗോവക്കെതിരെ വിജയത്തിലേക്ക് പറന്നിറങ്ങി ബ്ലാസ്റ്റേഴ്‌സ്

ആദ്യ പകുതിയിൽ നിന്നും തീർത്തും വ്യത്യസ്തമായി രണ്ടാം പകുതിയിൽ മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അവിശ്വസിനീയ ഉയിർത്തെഴുന്നേൽപ്പാണ് നടത്തിയത്.

Update: 2024-02-26 14:23 GMT
Editor : Sharafudheen TK | By : Web Desk
Advertising

കൊച്ചി: ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം നാല് ഗോളുകൾ തിരിച്ചടിച്ച് അത്യുജ്ജ്വല തിരിച്ചുവരവ് നടത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം കാണികൾക്ക് മുന്നിൽ ഫുട്‌ബോൾ വിരുന്നൊരുക്കിയ മഞ്ഞപ്പടയുടെ ഐഎസ്എൽ ചരിത്രത്തിലെ തന്നെ അവിസ്മരണീയ തിരിച്ചുവരവായി.  ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റകോസ്(81,84) ഇരട്ടഗോളുമായി തിളങ്ങി.ഡൈസുകായ് സകായ്(51), ഫെഡോർ സെർണിച്(88) എന്നിവരും വല കുലുക്കി. റൗളിൻ ബോർഗെസ്(7), മുഹമ്മദ് യാസിർ(17) എന്നിവർ സന്ദർശകർക്കായി ആശ്വാസഗോൾ നേടി.

ആദ്യ പകുതിയിൽ നിന്നും തീർത്തും വ്യത്യസ്തമായി രണ്ടാം പകുതിയിൽ മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അവിശ്വസിനീയ ഉയിർത്തെഴുന്നേൽപ്പാണ് നടത്തിയത്. സ്റ്റാർട്ടിങ് വിസിൽ മുതൽ കേരള ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തിയ സന്ദർശകർ തുടക്കത്തിൽതന്നെ ഗോളും കണ്ടെത്തി. ഹെറാറയുടെ കോർണർ കിക്ക് തട്ടിയകറ്റുന്നതിൽ മഞ്ഞപ്പടക്ക് പിഴച്ചു. ബോക്‌സിൽ നിന്ന് പന്ത് സ്വീകരിച്ച് റൗളിങ് ബോർഗസിന്റെ ബുള്ളറ്റ് കിക്ക് വലയിൽ. മികച്ച പാസിങ് ഗെയിമിലൂടെ എതിരാളികൾ ലീഡ് ഉയർത്തി. സദൗയിയുടെ ക്രോസ് കൃത്യമായി വലയിലേക്ക് പ്ലെയിസ് ചെയ്ത് മുഹമ്മദ് യാസിർ രണ്ടാമതും ഗോൾനേടി.

എന്നാൽ രണ്ടാം പകുതിയിൽ ജക്‌സൻ സിങിനെ പിൻവലിച്ച് മുഹമ്മദ് അസ്ഹറിനെയും കെപി രാഹുലിന് പകരക്കാരനായി മുഹമ്മദ് ഐമനേയും കളത്തിലിറക്കാനുള്ള കോച്ച് വുകനോവിചിന്റെ തീരുമാനം മത്സര ഗതിയെ മാറ്റിമറിച്ചു. 51ാം മിനിറ്റിൽ മികച്ചൊരു ഫ്രീകിക്കിലൂടെ ജപ്പാൻ താരം ഡെയ്‌സുക് സകായിയാണ് ലക്ഷ്യം കണ്ടത്. തുടർന്ന് പ്രതിരോധത്തിലേക്ക് തിരിഞ്ഞ ഗോവക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോളിനായി നിരന്തരം ആക്രമിച്ചു കളിച്ചു.

81ാം മിനിറ്റിൽ  ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് അനായാസം വലയിലാക്കി. ഗോവൻ ഗോൾ കീപ്പറുടെ പിഴവിൽ നിന്നാണ് മലയാളി ക്ലബ് മൂന്നാം ഗോൾ നേടിയത്. 84ാം മിനിറ്റിൽ വലതുവിങിലൂടെ ബോക്‌സിലേക്ക് മുന്നേറിയ ഐമൻ ഉതിർത്ത ഷോട്ട് തട്ടികയറ്റുന്നതിൽ ഗോൾകീപ്പർ പരാജയപ്പെട്ടു. തക്കംപാർത്തിരുന്ന ദിമി കൃത്യമായി വലയിലാക്കി മത്സരത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു(3-2). 88ാം മിനിറ്റിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ. ഇത്തവണ അവസരം ഫെഡോർ സെർണിച്ചിന്. ബോക്‌സിനുള്ളിൽ സെർണിച് ഉതിർത്ത അത്യുഗ്രൻ ഷോട്ടിന് മുന്നിൽ കാഴ്ചക്കാരനാകാനേ ഗോവൻ ഗോൾകീപ്പർക്കായുള്ളൂ. ലിത്വാനിയൻ സ്‌ട്രൈക്കർ ബ്ലാസ്‌റ്റേഴ്‌സിനായി നേടുന്ന ആദ്യ ഗോളായിത്.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News