കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ ഗോളിൽ മുക്കി പഞ്ചാബ്
ഈ സീസണിൽ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോൽവിയാണിത്
കൊച്ചി: സ്വന്തം തട്ടകത്തിൽ പഞ്ചാബിനോട് തോറ്റമ്പി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പഞ്ചാബ് എഫ്.സി മഞ്ഞപ്പടയെ മുക്കിയത്. വിൽമർ ജോർദൻ ഗില്ലിന്റെ ഇരട്ട ഗോളിനു പുറമെ ലുക്ക മാജ്‌സെന്റെ ഗോളും സന്ദർശകരെ വിജയത്തിലേക്കു നയിച്ചപ്പോൾ ആദ്യ പകുതിയിൽ മിലോസ് ഡ്രിഞ്ചിച്ച് നേടിയ ഏക ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനെ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഈ സീസണിൽ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോൽവിയാണിത്.
ഇന്നു കരുതലോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. തുടക്കത്തിൽ തന്നെ രാഹുൽ കെ.പിയുടെ ഒരു ഹെഡറിലൂടെ മഞ്ഞപ്പട ഗോൾവല വരെ എത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ, 39-ാം മിനിറ്റിൽ മിലോസ് ഡ്രിഞ്ചിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. കോർണറിൽനിന്നുള്ള ഡ്രിഞ്ചിച്ചിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി ഗോൾവല കടന്നു തിരികെ മടങ്ങിയെത്തിയെങ്കിലും ലൈൻ റഫറിയുടെ തീരുമാനം ടീമിനെ കാത്തു.
എന്നാൽ, നാല് മിനിറ്റിനകം പഞ്ചാബ് ഗോൾ മടക്കി. 42-ാം മിനിറ്റിൽ തലാലിന്റെ അസിസ്റ്റിൽ ജോർദൻ ഗില്ലിന്റെ മികച്ചൊരു ഗോൾ. ബ്ലാസ്റ്റേഴ്‌സ്-1, പഞ്ചാബ്-1.
ഇഞ്ചോടിഞ്ചു നിന്ന ആദ്യ പകുതിക്കുശേഷം പഞ്ചാബ് കത്തിക്കയറുന്നതാണ് കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ കണ്ടത്. 61-ാം മിനിറ്റിൽ ജോർദന് രണ്ടാം ഗോൾ. മഞ്ഞത്തിരയാർത്ത സ്റ്റേഡിയത്തെ നിശബ്ദമാക്കി ഗോൾലീഡുയർത്തി പഞ്ചാബ്. പിന്നാലെ ലൂകയിലൂടെ പഞ്ചാബ് മൂന്നാം ഗോളിനു തൊട്ടരികയെത്തിയെങ്കിലും സച്ചിന്റെ സേവ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു.
തുടർന്നങ്ങോട്ട് പല നീക്കങ്ങൾ നടത്തി നോക്കിയെങ്കിലും ആതിഥേയർക്കിന്ന്് ഒരു രക്ഷയുമുണ്ടായിരുന്നില്ല. 88-ാം മിനിറ്റിൽ തുറന്നുകിട്ടിയ പെനൽറ്റിയിലൂടെ ലൂക്ക മാജ്‌സെൻ മൂന്നാം ഗോളും പഞ്ചാബിന്റെ അക്കൗണ്ടിൽ കുറിച്ചതോടെ ഏകദേശം തീർന്ന മട്ടായിരുന്നു. പിന്നീട് ഗോൾ തിരിച്ചടിക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല.
Summary: Kerala Blasters vs Punjab FC, ISL 10