സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്: വീഴ്ത്തിയത് ഒഡീഷ എഫ്.സിയെ
കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയെത്തിയ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരേ രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തി. വിദേശ താരം ആല്‍വാരൊ വാസ്‌കെസും മലയാളി താരം പ്രശാന്തും ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു
എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ വലയിലെത്തിച്ചപ്പോൾ ഈ സീസൺ ഐ.എസ്.എല്ലിൽ കേരളബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. അൽവാരോ വാസ്‌ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.
മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഒഡീഷയുടെ ഗോള്‍കീപ്പറെ പരീക്ഷിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. എന്നാല്‍ ഗോള്‍ പിറന്നില്ല. രണ്ടാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് സഹല്‍ അബ്ദുല്‍ സമദ് തൊടുത്ത ഷോട്ട് ഒഡിഷ ഗോളി കമല്‍ജിത് സിങ്ങ് തട്ടിയകറ്റി. പിന്നാലെ ഒരു ഫ്രീ കിക്കിലൂടെ അഡ്രിയാന്‍ ലൂണയും കമല്‍ജിതിനെ പരീക്ഷിച്ചു. ഗോൾ നേടാൻ ലഭിച്ച 2 മികച്ച അവസരങ്ങൾ ഒഡീഷയും തുലച്ചു.
രണ്ടാം പകുതിയടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ എത്തിയത്. വാസ്‌കെസാണ് പന്ത് വലക്കുള്ളിലാക്കിയത്. അഡ്രിയാൻ ലൂണയുടെ പാസാണ് വാസ്‌കെസ് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിനെ സജീവമാക്കിയത്. 85ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ എത്തി. ഈ ഗോളിന് വഴിയൊരുക്കിയതും അഡ്രിയാൻ ലൂണയായിരുന്നു. പന്ത് വലയിലെത്തിച്ചത് മലായളി താരം പ്രശാന്തും.
എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം ബ്ലാസ്റ്റേഴ്‌സ് കുറിക്കുമെന്ന ഘട്ടത്തിൽ ഇഞ്ച്വറി ടൈമിൽ ഒഡീഷ ഒരു ഗോൾ മടക്കി. നിഖിൽ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്. നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണു ബ്ലാസ്റ്റേഴ്സിനുള്ളത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചു തുടങ്ങിയ ഒഡിഷയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്സിൽനിന്നുണ്ടായത്. ആറ് പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.