ആന്‍റമാന്‍ ഗോള്‍ വലയില് കേരളത്തിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; വമ്പന്‍ ജയം

ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലക്ഷദ്വീപിനെ തകര്‍ത്തിരുന്നു

Update: 2021-12-03 06:49 GMT
Editor : Roshin | By : Web Desk
Advertising

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണമേഖല യോഗ്യതാ മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. ആന്‍റമാന്‍ നിക്കോബാറിനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം വിജയം ആഘോഷമാക്കിയത്.

കേരളത്തിനായി നിജോ ഗില്‍ബര്‍ട്ടും ജെസിനും ഇരട്ട ഗോളുകള്‍ നേടി. വിബിന്‍ തോമസ്, അര്‍ജുന്‍ ജയരാജ്, നൗഫല്‍, സല്‍മാന്‍, സഫ്‌നാദ് എന്നിവരും സ്‌കോര്‍ ചെയ്തപ്പോള്‍ കേരള സ്കോര്‍ ബോര്‍ഡ് സമ്പന്നമായി. ഈ വിജയത്തോടെ കേരളം പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ദുര്‍ബലരായ ആന്‍റമാന് കേരളത്തിന് മേല്‍ ഒരു രീതിയിലുമുള്ള സമ്മര്‍ദം ചെലുത്താനും സാധിച്ചില്ല.

ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്ന് ഗോളിന്‍റെ ലീഡ് നേടി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് കേരളം ഗോളടിച്ചത്. ആദ്യ 38 മിനിറ്റുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ താരതമ്യേന ദുര്‍ബലരായ ആന്‍റമാന് സാധിച്ചു. എന്നാല്‍ മുപ്പത്തിയൊമ്പതാം മിനിറ്റില്‍ കേരളം ആന്‍റമാന്‍ ഗോള്‍വല കുലുക്കി. നിജോ ഗില്‍ബര്‍ട്ടിലൂടെ കേരളം ആദ്യ ഗോളടിച്ചു. പോസ്റ്റിലിടിച്ച് വന്ന പന്ത് അനായാസം നിജോ വലയിലെത്തിച്ചു.

പിന്നാലെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ജെസിന്‍ കേരളത്തിന്‍റെ ലീഡുയര്‍ത്തി. പിന്നാലെ തൊട്ടടുത്ത മിനിട്ടില്‍ ജെസിന്‍ വീണ്ടും ഗോളടിച്ചു. രണ്ടാം പകുതിയില്‍ ആക്രമിച്ച് തന്നെയാണ് കേരളം കളിച്ചത്. അതിന്‍റെ ഫലമെന്നോണം ആറ് തവണയാണ് പിന്നീട് കേരളം ഗോള്‍ വലയില്‍ പ്രഹരം സൃഷ്ടിച്ചത്.

ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലക്ഷദ്വീപിനെ തകര്‍ത്തിരുന്നു. അടുത്ത മത്സരത്തില്‍ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളി. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News