പ്രതികരണമെത്തി; അൽ ഹിലാലിന്റെ ഓഫറിൽ എംബാപ്പെയുടെ 'ചിരി'
ഏകദേശം 332 മില്യൺ യൂറോയാണ് അൽഹിലാൽ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
പാരിസ്: പി.എസ്.ജിയുമായി അത്രരസത്തിലല്ലാത്ത ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്ക് മുന്നിൽ സൗദി പ്രോ ലീഗ് ക്ലബ്ബ് അൽഹിലാൽ മുന്നോട്ടുവെച്ച ഓഫറാണ് ഫുട്‌ബോൾ ലോകത്തെ സംസാരവിഷയം. ഏകദേശം 332 മില്യൺ യൂറോയാണ്(2,721 കോടി) അൽഹിലാൽ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പി.എസ്.ജി താത്പര്യപൂർവം ഓഫറിനെ സ്വീകരിച്ചെങ്കിലും എംബാപ്പെയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും വന്നിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ നേരിട്ടല്ലെങ്കിലും ഹിലാലിന്റെ ഓഫറിൽ എംബാപ്പെയുടെ പ്രതികരണം ചർച്ചയായിക്കഴിഞ്ഞു. പ്രശസ്ത ബാസ്‌ക്കറ്റ്‌ബോൾ താരം യാനിസ് അന്റെറ്റോകൗൺമ്പോയുടെ ട്വീറ്റിനോടായിരുന്നു എംബാപ്പെയുടെ പ്രതികരണം. 'അൽഹിലാൽ, നിങ്ങൾക്ക് എന്നെ കൊണ്ടുപോകാം, ഞാൻ എംബാപ്പെയെപ്പോലെയുണ്ട് എന്നായിരുന്നു യാനിസിന്റെ ട്വീറ്റ്. സ്‌മൈലി ഇമോജി ചേർത്തായിരുന്നു യാനിസിന്റെ ട്വീറ്റ്.
ഇതിന് എംബാപ്പെയുടെ മറുപടി എത്തി, അതും നീണ്ട ചിരിയോടെ( സ്‌മൈലി ഇമോജി). യാനിസിന്റെ ട്വീറ്റ് താരം പങ്കുവെക്കുകയായിരുന്നു.
പി.എസ്.ജിയുടെ പ്രീസീസൺ ടൂറിൽ എംബാപ്പയെ ഉൾപ്പെടുത്തിയിട്ടില്ല. ക്ലബ്ബിന് വേണ്ടപ്പെട്ടവരെ മാത്രമെ ഉൾപ്പെടുത്തുന്നുള്ളൂവെന്നും രണ്ട് മനസുള്ളവരെ വേണ്ടെന്നുമായിരുന്നു എംബാപ്പയെ ഒഴിവാക്കിയതിന് പിഎസ്ജി നൽകിയ വിശദീകരണം. റയൽമാഡ്രിഡുമായി എംബാപ്പെ സംസാരിച്ചുകഴിഞ്ഞെന്നും കരാർ അവസാനിക്കുന്ന അടുത്ത വർഷം മുതൽ ഫ്രീ എജന്റായി അങ്ങോട്ട് പോകാമെന്നുമാണ് താരത്തിന്റെ കണക്കുകൂട്ടൽ. തങ്ങളുമായി കരാർ പുതുക്കാൻ താത്പര്യമില്ലെങ്കിൽ കരാർ കാലാവധി തീരും മുമ്പെ ഒഴിഞ്ഞുപോകണമെന്നാണ് പി.എസ്.ജിയുടെ നിലപാട്.
അതിനാൽ താരത്തെ വിൽക്കാനൊരുങ്ങുകായാണ് പി.എസ്.ജി. അതേസമയം എംബാപ്പെയും പി.എസ്.ജിയും തമ്മിലെ പോര് ആകാംക്ഷാപൂർവമാണ് ഫുട്‌ബോൾ പ്രേമികൾ നോക്കിക്കാണുന്നത്. ഓരോ ദിവസത്തെയും അപ്‌ഡേറ്റുകൾ സൂക്ഷമമായി നിരീക്ഷിക്കുകയാണ് ഫുട്‌ബോൾ ലോകം.
😂😂😂😂😂😂😂😂😂😂😂😂😂 https://t.co/hKhqYXC7tH
— Kylian Mbappé (@KMbappe) July 24, 2023