മറ്റൊരു ഫൈനൽ വരാനിരിക്കുന്നു, നമ്മള്‍ ഒരുമിച്ച് പൊരുതും: മെസി

'ഇന്ന് ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു, ഞങ്ങള്‍ ജയിച്ചു'

Update: 2022-11-27 03:56 GMT
Advertising

ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്ക് എതിരെ നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയിരിക്കുകയാണ്. പോളണ്ടിനെതിരായി നടക്കാനിരിക്കുന്നത് മറ്റൊരു ഫൈനലാണെന്ന് മത്സര ശേഷം മെസി ഫേസ് ബുക്കില്‍ കുറിച്ചു. 

"ഇന്ന് ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു, ഞങ്ങള്‍ ജയിച്ചു. ബുധനാഴ്ച മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു. നമ്മള്‍ ഒരുമിച്ച് പോരാടിയേ മതിയാകൂ. നമുക്ക് മുന്നേറാം അര്‍ജന്‍റീന" എന്നാണ് മെസിയുടെ പ്രതികരണം.

"ഒരുപാട് ഓർമകൾ, നല്ല നിമിഷങ്ങൾ.. നമ്മുടെ രാജ്യത്തെയും ദേശീയ ടീമിനെയും പ്രതിനിധീകരിക്കുന്നതിൽ എപ്പോഴും അഭിമാനിക്കുന്നു. ആവേശത്തോടെ ഞങ്ങൾ നാളെ മറ്റൊരു ലോകകപ്പ് ആരംഭിക്കുന്നു. നമ്മൾ എല്ലാവരും ഒരുമിച്ച് മുന്നേറും"- എന്നാണ് ലോകകപ്പിലെ ആദ്യ മത്സരത്തിനു മുന്‍പ് മെസി ഫേസ് ബുക്കില്‍ കുറിച്ചത്.

ആദ്യ മത്സരത്തില്‍ സൌദി അറേബ്യയോട് തോറ്റ അര്‍ജന്‍റീന മെക്സിക്കൊയെ തകർത്താണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. നിർണായക മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്‍റീനയുടെ ജയം. ലയണൽ മെസിയും എൻസൊ ഫെർണാണ്ടസുമാണ് ഗോൾ നേടിയത്.

ആദ്യ മത്സരത്തിലെ അമ്പരപ്പിക്കുന്ന തോൽവിയുടെ ഞെട്ടൽ മാറത്തതു പോലെ തോന്നിയ ആദ്യ പകുതി. അർജന്‍റീനയുടെ ആക്രമണങ്ങൾ മധ്യഭാഗത്ത് തളയ്ക്കപ്പെട്ടു. സ്കലോണിക്ക് ഒരു പ്ലാൻ ബി ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ അത് മൈതാനത്ത് കണ്ടു. അനിശ്ചിതത്വം അവസാനിപ്പിച്ച് മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. മെസിയുടെ മാന്ത്രികക്കാലുകൾ ഉണർന്ന നിമിഷത്തിൽ അൽ രിഹ്‍ലയെ നൈലോൺ വല സ്വീകരിച്ചു.

ആദ്യ ഗോളിന്റെ ആവേശത്തിൽ ആൽബിസെലസ്റ്റകൾ. മെക്സിക്കൻ പ്രതിരോധം ഉലഞ്ഞു. അതിനിടെ ലയണൽ മെസി നൽകിയ പന്ത് സ്വീകരിച്ച എൻസോയുടെ കൃത്യത വലയിലേക്ക് മുറിഞ്ഞുവീണു. അനന്തരം അന്തിമ വിസിൽ. ഇനി പോളണ്ടിനെക്കുറിച്ച് മിണ്ടിത്തുടങ്ങാം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News