റെഡ് സിഗ്നൽ കത്തിയിട്ടും കാറുമായി മുന്നോട്ടു കുതിച്ചു; വൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് മെസി
കഴിഞ്ഞ ദിവസം യു.എസിലെ ഒരു സൂപ്പർ മാർക്കറ്റിൽ മെസി ട്രോളി ഉന്തിനടക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു
ന്യൂയോർക്ക്: വന്‍ വാഹനാപകടത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് സൂപ്പർ താരം ലയണൽ മെസി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോർട്ട് ലൗഡർഡെയിലിലാണ് സംഭവം. സ്പാനിഷ് സ്‌പോർട്‌സ് മാധ്യമമായ 'മാഴ്‌സ'യാണ് അപകടവിവരം പുറത്തുവിട്ടത്.
ട്രാഫിക്കിൽ റെഡ് സിഗ്നൽ കത്തിയിട്ടും മെസി സഞ്ചരിച്ച കാർ മുന്നോട്ടു സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു വശത്തുനിന്നും വാഹനങ്ങൾ എതിരെ കുതിച്ചുവന്നെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റോഡിലൂടെ കടന്നുപോകുന്നതിനിടെ ഒരു ആരാധകൻ മെസിയുടെ കാറിനടുത്തേക്ക് ഫോട്ടോയെടുക്കാനായി ഓടിയെത്തിയതായി റിപ്പോർട്ടുണ്ട്. ഇതിൽ ശ്രദ്ധമാറിയാണ് താരം റെഡ് സിഗ്നൽ ശ്രദ്ധിക്കാതെ കാർ മുന്നോട്ടെടുത്തതെന്നാണ് വിശദീകരണം.
സംഭവത്തിന്റെ വിഡിയോ അർജന്റീന സ്‌പോർട്‌സ് ചാനലായ 'ടൈസി സ്‌പോർട്‌സ്' പുറത്തുവിട്ടിട്ടുണ്ട്. താരം സഞ്ചരിച്ച കാറിനുമുന്നിലും പിന്നിലുമായി പൊലീസിന്റെ എസ്‌കോർട്ട് വാഹനവും സഞ്ചരിച്ചിരുന്നു. സൈറൻ ഇട്ടായിരുന്നു പൊലീസ് വാഹനം എത്തിയത്. ഇതിനാൽ, റെഡ് സിഗ്നൽ കത്തിയാലും കാർ മുന്നോട്ടെടുക്കാൻ മെസിക്ക് അനുമതിയുണ്ടായിരുന്നുവെന്നാണ് സൂചന. പൊലീസ് വാഹനത്തിലെ സൈറൺ കേട്ട് എതിരെനിന്നു വന്ന വാഹനം വേഗം കുറച്ചതുകൊണ്ടു മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
ദിവസങ്ങൾക്കുമുൻപാണ് അമേരിക്കൻ ഫുട്‌ബോൾ ക്ലബായ ഇന്റർ മയാമിയോടൊപ്പം ചേരാൻ മെസി യു.എസിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഫോർട്ട് ലൗഡർഡെയിലിലെ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിലായിരുന്നു മയാമി ജഴ്‌സിയിൽ താരത്തെ അവതരിപ്പിച്ചത്. ജൂലൈ 21ന് ക്രൂസ് അസൂലിനെതിരെയാണ് മയാമി ജഴ്‌സിയിൽ മെസിയുടെ അരങ്ങേറ്റ മത്സരം.
കഴിഞ്ഞ ദിവസം യു.എസിലെ ഒരു സൂപ്പർ മാർക്കറ്റിൽ മെസി ട്രോളി ഉന്തിനടക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. ഭക്ഷ്യവസ്തുക്കൾ ട്രോളിയിലാക്കി നടക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. താരത്തെ ആദ്യം സൂപ്പർമാർക്കറ്റിലുണ്ടായിരുന്നവർ തിരിച്ചറിഞ്ഞില്ലെന്നും വാർത്തയുണ്ടായിരുന്നു. പിന്നീട് ചില ആരാധകർ താരത്തെ കണ്ട് സെൽഫിയെടുക്കാൻ ഓടിയെത്തിയതോടെയാണ് ആൾക്കൂട്ടം കൂടിയത്.
Summary: Lionel Messi narrowly escapes serious car accident after driving through red light