ഫ്രഞ്ച് ലീഗ് വണ്ണിൽ മെസ്സിയുടെ ആദ്യ ഗോൾ; പിഎസ്ജിക്കായി ഗോൾ നേടുന്ന 17-ാമത്തെ അർജന്റീന താരം

ഗോൾകീപ്പർ കെയ്‌ലർ നവാസ് ചുവപ്പ്കാർഡ് നേടി പുറത്തായതിനെതുടർന്ന് പത്തു പേരായി ചുരുങ്ങിയ പിഎസിജി വിജയം പിടിച്ചെടുക്കുകയായിരുന്നു.

Update: 2021-11-21 10:27 GMT
Editor : abs | By : Web Desk
Advertising

ഫ്രഞ്ച് ലീഗ് വണ്ണിൽ ലയണൽ മെസ്സി തന്റെ ഗോൾ വേട്ട ആരംഭിച്ചു. നാന്റ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച പിഎസ്ജിയുടെ അവസാന ഗോളായിരുന്നു മെസ്സിയുടെ വക. ഗോൾകീപ്പർ കെയ്‌ലർ നവാസ് ചുവപ്പ്കാർഡ് നേടി പുറത്തായതിനെ തുടർന്ന് പത്തു പേരായി ചുരുങ്ങിയ പിഎസിജി വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തിൽ എംബാപ്പയിലൂടെ മുന്നിലെത്തിയ പിഎസ്ജി നവാസ് പുറത്തായതിനു ശേഷം ഒരു ഗോൾ വഴങ്ങി. എന്നാൽ അതിനു ശേഷം ടീമിന്റെ വിജയമുറപ്പിച്ച രണ്ടു ഗോളിലും മെസിയുടെ സാന്നിധ്യമുണ്ടായിരുന്നു. എംബാപെയുടെ പാസിൽ നിന്നും മെസി വല കുലുക്കി. 2021 ൽ മാത്രം ബോക്‌സിന് പുറത്ത് നിന്ന് മെസ്സി നേടുന്ന 15 മത്തെ ഗോൾ ആയിരുന്നു ഇത്. പി.എസ്.ജിക്ക് ആയി ലീഗിൽ ഗോൾ നേടുന്ന 17 മത്തെ അർജന്റീന താരവുമായി മെസ്സി.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയ മെസിക്ക് ഭൂരിഭാഗം മത്സരങ്ങളിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഇന്നലെത്തേതടക്കം ഇതുവരെ നാല് ഗോളുകൾ മാത്രം കണ്ടെത്തിയ താരം അർജന്റീന ലോകകപ്പ് യോഗ്യത നേടിയതിനു ശേഷം ക്ലബിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് തന്റെ ആദ്യത്തെ ലീഗ് ഗോൾ കുറിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News