ഒറ്റ സീസണിന് 770 കോടി! മെസിയെ വാങ്ങാൻ വമ്പൻ ഓഫർ വച്ച് സൗദി ക്ലബ്

സ്പാനിഷ് മാധ്യമപ്രവർത്തകനായ ജുവാൻ ഫോഞ്ചസ് ആണ് വിവരം പുറത്തുവിട്ടത്

Update: 2023-03-02 16:39 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ സൗദി ഫുട്‌ബോൾ ലീഗ് ഫുട്‌ബോൾ ലോകത്തും ശ്രദ്ധ നേടിയിരിക്കുകയാണ്. 1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. ഇപ്പോഴിതാ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലേക്കെത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വമ്പൻ തുകയ്ക്ക് അൽഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്.

സ്പാനിഷ് മാധ്യമപ്രവർത്തകനായ ജുവാൻ ഫോഞ്ചസ് ആണ് വിവരം പുറത്തുവിട്ടത്. ഒരു സീസണിനു മാത്രം 94 മില്യൻ ഡോളറാണ്(ഏകദേശം 770 കോടി രൂപ) അൽഇത്തിഹാദിന്റെ ഓഫർ. രണ്ടു വർഷത്തെ കരാറാണ് ടീം ലക്ഷ്യമിടുന്നത്. ഓഫർ സ്വീകരിച്ചാൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വേതനം വാങ്ങുന്ന താരമാകും മെസി.

2008-09നുശേഷം സൗദി ദേശീയ കിരീടം സ്വന്തമാക്കുകയാണ് മുൻ പോർച്ചുഗീസ് താരം ന്യൂനോ എസ്പിരിറ്റോ പരിശീലിപ്പിക്കുന്ന ഇത്തിഹാദിന്റെ ലക്ഷ്യം. അൽഹിലാലും ക്രിസ്റ്റിയാനോയുടെ അൽനസ്‌റുമാണ് വർഷങ്ങളായി സൗദി ലീഗ് ഭരിക്കുന്നത്. മെസി എത്തുന്നതോടെ ടീമിന്റെ പ്രകടനം തന്നെ ഒന്നാകെ മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബ്.

മെസിയെ നേരത്തെ അൽഹിലാലും നോട്ടമിട്ടിരുന്നു. ക്രിസ്റ്റിയാനോയെ ഇറക്കി നസ്ർ വമ്പൻ നീക്കം നടത്തിയതിനു പിന്നാലെയായിരുന്നു ഹിലാലിന്റെ നീക്കം.

മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കുകയാണ്. പി.എസ്.ജിയുമായുള്ള കരാർ പുതുക്കുമോ എന്ന കാര്യം വ്യക്തമല്ല. മറ്റേതെങ്കിലും ക്ലബിലേക്കു കൂടുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യു.എസ് ക്ലബായ ഇന്റർ മിയാമിയുമായി ചർച്ച നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മുൻ ക്ലബ് ബാഴ്‌സലോണയിലേക്കു മടങ്ങുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം താരത്തിന്റെ മാനേജറും അച്ഛനുമായ ജോർജ് മെസി തള്ളിയിട്ടുണ്ട്. ബാഴ്സലോണയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2021ലാണ് ബാഴ്‌സ വിട്ട് മെസി പി.എസ്.ജിയിലെത്തുന്നത്.

Summary: Lionel Messi set to receive record payment to play in Saudi Arabia as Al Ittihad offers to pay 94 million dollars per season

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News