ഈ അർജന്റൈൻ നഗരത്തിൽ മെസ്സി എന്നു പേരിടാൻ പാടില്ല!
പേര് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം നഗരഭരണകൂടം പാസാക്കിയിട്ടുണ്ട്
ലോകത്തെ ഏറ്റവും മൂല്യമുള്ള പേരുകളിലൊന്നാണ് മെസ്സി. ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടിയതോടെ അര്‍ജന്‍റീനന്‍ നായകനൊപ്പം ആ പേരിന്‍റെയും മൂല്യം കുതിച്ചുയർന്നു. ലോകത്തുടനീളമുള്ള നിരവധി അർജന്റൈൻ ആരാധകരാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ട താരത്തിന്‍റെ പേരു നല്‍കിയിട്ടുള്ളത്. എന്നാൽ കുഞ്ഞുങ്ങൾക്ക് മെസ്സി എന്നു പേരിടാൻ പാടില്ലാത്ത ഒരു നാടുണ്ട് അർജന്റീനയിൽ- ലയണല്‍ മെസ്സിയുടെ സ്വന്തം നാടായ റൊസാരിയോ തന്നെ.
'വൻതോതിലുണ്ടാകുന്ന ആശയക്കുഴപ്പം' ഒഴിവാക്കാനാണ് മെസ്സി എന്ന പേരു തന്നെ റൊസാരിയോ നഗരഭരണകൂടം നിരോധിച്ചതെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നു. 'മെസ്സി' ഉപയോഗം വിലക്കി 2014ലാണ് അധികൃതർ നിയമം കൊണ്ടുവന്നത്.
അർജന്റീനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് റൊസാരിയോ. 1987 ജൂൺ 24ന് റൊസാരിയോയിൽ ജനിച്ച മെസ്സി നഗരത്തിലെ ന്യൂവെൽസ് ഓൾഡ് ബോയ്‌സ് ക്ലബിലാണ് കളിജീവിതം ആരംഭിച്ചത്. 13-ാം വയസ്സിൽ കുടുംബ സമേതം സ്‌പെയിനിലേക്ക് മാറിത്താമസിക്കുകയായിരുന്നു.
അതിനിടെ, 36 വർഷത്തിന് ശേഷം നേടിയ വിശ്വകിരീടത്തിന്റെ ആഘോഷത്തിമിർപ്പിലാണ് അർജന്റീന. ഖത്തറിൽനിന്ന് നാട്ടിലെത്തിയ ക്യാപ്റ്റൻ മെസ്സി അടക്കമുള്ള താരങ്ങൾക്ക് തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ രാജകീയ വരവേൽപ്പാണ് ലഭിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് പതിനായിരങ്ങളാണ് പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ തെരുവില്‍ തടിച്ചുകൂടിയിരുന്നത്. ഡിസംബർ 18 നടന്ന ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് നീലക്കുപ്പായക്കാർ കിരീടം നേടിയത്.