എഫ്.എ കപ്പിൽ വമ്പൻമാർക്ക് ജയം; കസമിറോ ഗോളിൽ യുണൈറ്റഡ്
ക്വാർട്ടറിൽ കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും
ലണ്ടൻ: എഫ്.എ കപ്പിൽ വമ്പൻമാർക്ക് ജയം. ലീഡ്‌സ് യുണൈറ്റഡിനെ 3-2 ന് കീഴടക്കി ചെൽസിയും സതാംപ്റ്റണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ലിവർപൂളും ക്വാർട്ടറിലെത്തി. എതിരില്ലാത്ത ഒരു ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രൈട്ടൻ പോരാട്ടത്തെ (1-0) മറികടന്ന് വോൾവ്‌സും അവസാന എട്ടിൽ ഇടം പിടിച്ചു.
ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് ചെൽസിയുടെ തിരിച്ചുവരവ്. നീലപടയുടെ പ്രതിരോധപിഴവിൽ എട്ടാം മിനിറ്റിൽ ജോസഫിലൂടെയാണ് ലീഡ്‌സ് മുന്നിലെത്തിയത്. മറുപടിയായി 15ാം മിനിറ്റിൽ നികോളാസ് ജാക്‌സൻ മുൻ ചാമ്പ്യൻമാർക്കായി സമനില പിടിച്ചു. 37ാം മിനിറ്റിൽ മികായിലോ മൂഡ്രിചിലൂടെ ഗോൾ രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ വീണ്ടും ലീഡ്‌സ് സമനില പിടിച്ചു. 59ാം മിനിറ്റിൽ ജോസഫ് തന്നെയാണ് ലക്ഷ്യം കണ്ടത്. 90ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കോണർ ഗാലഗറിന്റെ ഗോളിൽ വിജയും ക്വാർട്ടർ പ്രവേശനവും നീലപട സ്വന്തമാക്കി.
യുവനിര കരുത്തിലാണ് ലിവർപൂൾ എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ മുന്നേറിയത്. ചെമ്പടക്കായി കൗമാര താരം ജയ്‌ദെൻ ഡൻസ്(73,88) ഇരട്ടഗോൾ നേടി. 44ാം മിനിറ്റിൽ ലെവിസ് കൗമാസും വലകുലുക്കി. പരിക്കിന്റെ പിടിയിലായതിനാൽ പ്രധാന താരങ്ങളില്ലാതെയാണ് ചെമ്പട ഇറങ്ങിയത്. 21 വയസിന് താഴെയുള്ള ആറുതാരങ്ങളാണ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്. ലിവർപൂൾ ചരിത്രത്തിൽ ആദ്യമായാണ് ഒരുമത്സരത്തിൽ രണ്ട് യുവതാരങ്ങൾ ഗോൾ നേടുന്നത്. മറ്റൊരു മത്സരത്തിൽ കസമിറോയുടെ ഗോളിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡും ക്വാർട്ടർ പ്രവേശനമുറപ്പിച്ചു. 89ാം മിനിറ്റിലാണ് ബ്രസീലിയൻ വിജയ ഗോൾനേടിയത്. ബ്രൈട്ടൻ പോരാട്ടത്തെ മറികടന്ന് വോൾവ്‌സും ജയിച്ചുകയറി. രണ്ടാം മിനിറ്റിൽ മരിയോ ലെർമിനയാണ് വലചലിപ്പിച്ചത്.
അഞ്ചാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ക്വാർട്ടർ ലൈനപ്പായി. മാർച്ച് 16ന് നടക്കുന്ന അവസാന എട്ടിലെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെയും ചെൽസി ലെസ്റ്റർ സിറ്റിയേയും വോൾവ്‌സ് കൊവെൻട്രിയേയും നേരിടും.