സാബി അലോൺസോ ലിവർപൂളിലേക്കോ; ക്ലോപിന് പിൻഗാമിയെ തേടി ഇംഗ്ലീഷ് ക്ലബ്
ഈ സീസണൊടുവിൽ ക്ലബ് വിടുമെന്ന് യുർഗൻ ക്ലോപ് വ്യക്തമാക്കിയതോടെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ലിവർപൂൾ.
ലണ്ടൻ: സമീപ കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച പരിശീലകനാണ് സാബി അലോൺസോ. ഒന്നുമില്ലായ്മയിൽ നിന്ന് ജർമൻ ക്ലബ് ബയേർ ലെവർകൂസനിൽ അത്ഭുതങ്ങൾ തീർത്ത മജീഷ്യൻ. നിലവിൽ ബുണ്ടെസ് ലീഗയിൽ തോൽവി വഴങ്ങാത്ത ഏക ടീമാണ് ലെവർകൂസൻ. 21 മത്സരങ്ങളിൽ 17 ജയവും നാല് സമനിലയുമായി പോയന്റ് ടേബിളിൽ മാസങ്ങളായി തലപ്പത്താണ് സാബിയും സംഘവും.
ലീഗിൽ പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന ബയേൺ മ്യൂണിക് ആധിപത്യം കൂടിയാണ് ഇത്തവണ ചോദ്യം ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നിലവിലെ ചാമ്പ്യൻമാരായ ബയേണിനെ തോൽപിച്ചിരുന്നു. ലെവർകൂസനെ വിജയങ്ങൾ ശീലമാക്കിയ ക്ലബായി മാറ്റിയതിന് പിന്നിൽ മുൻ സ്പാനിഷ് താരം കൂടിയായ അലോൺസോയാണ്. ഇപ്പോഴിതാ താരത്തെ വാനോളം പുകഴ്ത്തി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് രംഗത്തെത്തിയിരിക്കുന്നു.
'സാബി അലോൺസോ അസാധാര കഴിവുള്ള പരിശീലകനാണ്. അവിശ്വസിനീയമായ ജോലിയാണ് ചെയ്തു വരുന്നത്. പരിശീലന രംഗത്ത് അടുത്ത തലമുറ ഇപ്പോൾ തന്നെ ഇവിടെയുണ്ട്. ആ കൂട്ടത്തിൽ അവൻ മുന്നിൽ തന്നെയുണ്ടാകുമെന്ന കാര്യം തീർച്ചയാണ്' ഇന്റർവ്യൂവിൽ ക്ലോപ് വ്യക്തമാക്കി. ഈ സീസണൊടുവിൽ ക്ലബ് വിടുമെന്ന് യുർഗൻ ക്ലോപ് വ്യക്തമാക്കിയതോടെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ലിവർപൂൾ. ഇംഗ്ലീഷ് ക്ലബിന്റെ റഡാറിലുള്ള പ്രധാനിയും ഈ സ്‌പെയിൻ കാരനാണ്. മുൻ ലിവർപൂൾ താരം കൂടിയാണ് അലോൺസോയെന്നതും അഭ്യൂഹം ശക്തമാക്കുന്നു
2004-2009 സീസണിൽ ഇംഗ്ലീഷ് ക്ലബിനായി ബൂട്ടുകെട്ടിയ താരം 15 ഗോളുകളും സ്‌കോർ ചെയ്തിട്ടുണ്ട്. പിന്നീട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. നേരത്തെ റയൽമാഡ്രിഡും അലോൺസെക്കായി രംഗത്തുണ്ടായിരുന്നെങ്കിലും കാർലോ അൻസലോട്ടിയുമായി കരാർ നീട്ടിനൽകുകയായിരുന്നു. റിയൽ സോസിഡാഡ് ബി ടീം പരിശീലകനായി 2019ൽ കരിയർ ആരംഭിച്ച 42 കാരൻ 2022ലാണ് ലെവർകൂസൻ മാനേജറായി സ്ഥാനമേൽക്കുന്നത്. തുടർന്ന് ക്ലബിൽ അടിമുടി മാറ്റമാണ് വരുത്തിയത്. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മികച്ച യുവതാരങ്ങളെയും വിവിധ ക്ലബുകളിൽ നിന്നായി ജർമനിയിലെത്തിച്ച് ഏതു ടീമിനേയും നേരിടാൻ കെൽപുള്ള സംഘമാക്കി വളർത്തിയെടുത്തു.