'സലാഹിനെ തകർത്തത് ആ അർജന്റീനക്കാരൻ...' - ലിവർപൂൾ ഇതിഹാസതാരം
"അതിനു ശേഷം എനിക്ക് ആ പഴയ സലാഹിനെ കാണാൻ കഴിഞ്ഞിട്ടില്ല..."
ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹിന് എന്തുപറ്റിയെന്നാണിപ്പോൾ ഫുട്‌ബോൾ ലോകം ചിന്തിക്കുന്നത്. പ്രീമിയർ ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലുമെല്ലാം ഗോളടിച്ചു കൂട്ടിയിരുന്ന ഈജിപ്തുകാരന്റെ ബൂട്ടുകൾ ടീമും ആരാധകരും ആഗ്രഹിക്കുന്നതു പോലെ ഗർജിക്കുന്നില്ല. പ്രീമിയർ ലീഗ് പുതിയ സീസണിൽ ആറ് മത്സരം പിന്നിട്ടപ്പോൾ രണ്ടു ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗിലാണെങ്കിൽ സലാഹ് 62 മിനുട്ടോളം കളിച്ച മത്സരത്തിൽ നാപോളി ലിവർപൂളിനെ 4-1 ന് കശക്കിയെറിയുകയും ചെയ്തു.
കരിയറിന്റെ ഒരു ഘട്ടത്തിൽ ലയണൽ മെസിയോടും ക്രിസ്റ്റിയാനോ റൊണാൾഡോയോടും ഉപമിക്കപ്പെട്ടിരുന്ന സലാഹ് ഫോം കണ്ടെത്താൻ വിഷമിക്കുന്നതിനു പിന്നിലെ കാരണമെന്താണ്? പോയ സീസണുകളിൽ തോളോടു തോൾ ചേർന്നു കളിച്ചിരുന്ന സാദിയോ മാനെ ക്ലബ്ബ് വിട്ടു പോയതും യുവതാരം ഡാർവിൻ നൂനസിന് സ്‌പേസ് നൽകാൻ വേണ്ടി സലാഹിന് തന്റെ ശൈലി മാറ്റേണ്ടി വന്നതും ലിവർപൂൾ മിഡ്ഫീൽഡിന്റെ മോശം പ്രകടനവുമെല്ലാം കാരണമായി എടുത്തുപറയുന്നവരുണ്ട്.
എന്നാൽ, ലിവർപൂളിന്റെ ഇതിഹാസതാരവും ഫുട്‌ബോൾ പണ്ഡിറ്റുമായ ഗ്രേയം സോനസ്, സലാഹിന്റെ മോശം ഫോമിന് 'കുറ്റപ്പെടുത്തുന്നത്' അർജന്റീനക്കാരനായ ഒരു കളിക്കാരനെയാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഫുൾബാക്കായി കളിക്കുന്ന ലിസാന്ദ്രോ മാർട്ടിനസ് ആണ് സോനസിന്റെ ഭാഷയിൽ സലാഹിന്റെ വില്ലൻ. മാഞ്ചസ്റ്ററും ലിവർപൂളും തമ്മിലുള്ള മത്സരത്തിൽ ലിസാന്ദ്രോ സലാഹിനെ തളർത്തിക്കളഞ്ഞെന്നും, ആ മത്സരത്തിനു ശേഷം പഴയ സലാഹിനെ താൻ കണ്ടിട്ടില്ലെന്നും 247 മത്സരങ്ങളിൽ ലിവർപൂളിനു വേണ്ടി കളിക്കുകയും മൂന്ന് സീസണുകളിൽ ക്ലബ്ബിനെ പരിശീലിപ്പിക്കുകയും ചെയ്ത സോനസ് പറയുന്നു.
സ്‌കൈ സ്‌പോർട്‌സിനു വേണ്ടി കളി വിശകലനം ചെയ്യുന്ന സോനസ് പറയുന്നതിങ്ങനെ:
'മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ മത്സരത്തിൽ ലിവർപൂളിനു വേണ്ടി സലാഹിനെ ഞാൻ നോക്കുകയായിരുന്നു. ആദ്യ അഞ്ച് മിനുട്ടിൽ ലിസാന്ദ്രോ മാർട്ടിനസ് അദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ടായിരുന്നു. കളിയുടെ ശേഷിച്ച സമയങ്ങളിൽ മാർട്ടിനസ് എവിടെയാണെന്ന് സലാഹ് നോക്കിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. ആ ദിവസത്തിനു ശേഷം പഴയ സലാഹിനെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല.'
'സലാഹിന് അദ്ദേഹം ആഗ്രഹിച്ച കരാർ ലഭിച്ചിട്ടുണ്ട്. പക്ഷേ, ഈ ലെവലിൽ അര ശതമാനത്തിലോ ഒരു ശതമാനത്തിലോ നിർത്തുകയാണെങ്കിൽ അദ്ദേഹത്തിന് പഴയ ആ കളിക്കാരനാവാൻ കഴിയില്ല.' - ലിവർപൂൾ ആരാധകൻ എന്ന നിലയ്ക്കാണ് താനിത് പറയുന്നതെന്നും തന്റെ നിരീക്ഷണം തെറ്റാണെന്ന് സലാഹ് തെളിയിക്കണമെന്നാണ് ആഗ്രഹമെന്നും സോനസ് പറഞ്ഞു.
സലാഹ് മികവു പുലർത്താൻ വിഷമിക്കുമ്പോൾ, പ്രതിരോധ താരമായ ലിസാന്ദ്രോ മാർട്ടിനസ് മികച്ച ഫോമിലാണ്. അയാക്‌സിൽ നിന്ന് ഈ സീസണിൽ മാഞ്ചസ്റ്ററിലേക്ക് കൂടുമാറിയ താരം ടീം ക്യാപ്ടൻ ഹാരി മഗ്വയറിനെ സൈഡ് ബെഞ്ചിലേക്കു മാറ്റി ടീമിന്റെ പിൻനിരയിലെ പ്രധാന കളിക്കാരനായി മാറിക്കഴിഞ്ഞു. സീസൺ തുടക്കത്തിലെ രണ്ട് മത്സരങ്ങളിൽ തോൽവിയറിഞ്ഞ ശേഷം ലിവർപൂളിനെയും ആഴ്‌സനലിനെയുമടക്കം നാല് ടീമുകളെ തകർത്ത് മാഞ്ചസ്റ്റർ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ ലിസാന്ദ്രോയുടെ പ്രകടനം നിർണായകമായിരുന്നു. യൂറോപ്പ ലീഗിൽ റയൽ സോഷ്യദാദിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മാർട്ടിനസ് വഴങ്ങിയ വിവാദ പെനാൽട്ടിയിൽ ടീം സ്വന്തം മൈതാനത്ത് തോൽവിയറിഞ്ഞു.