നഷ്ടം 15 കോടി, പിഴ നാലു കോടി; ബ്ലാസ്റ്റേഴ്‌സ് എങ്ങനെ തിരിച്ചുകയറും?
സീസൺ ആരംഭം മുതൽ നഷ്ടത്തിലാണ് ക്ലബ്ബുകൾ. 35-40 കോടിവരെയായിരുന്നു ആദ്യഘട്ടത്തിലെ നഷ്ടം
പനജി: ഒമ്പത് വർഷം മുമ്പാണ് ഇന്ത്യൻ ഫുട്ബോളിനെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻസൂപ്പർലീഗ്(ഐ.എസ്.എൽ) തുടങ്ങുന്നത്. ക്ലബ്ബുകളുടെ എണ്ണം പതിനെന്നായി ഉയർന്നെങ്കിലും ആരും ലാഭത്തിലല്ലെന്നാണ് റിപ്പോർട്ടുകൾ. സ്‌പോൺസർഷിപ്പിലാലും കാണികളുടെ എണ്ണംകൊണ്ടായാലും സമ്പന്നമായ കേരളബ്ലാസ്റ്റേഴ്‌സ് പോലും ലാഭത്തിലല്ല എന്നറിയുമ്പോൾ മറ്റുക്ലബ്ബുകളുടെ അവസ്ഥ പറയേണ്ടതില്ല.
ഇക്കഴിഞ്ഞ സീസണിൽ മാത്രം 12-15 കോടി വരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടം. അതിനിടയിലാണ് ബ്ലാസ്റ്റേഴ്‌സിന് മത്സരം ഉപേക്ഷിച്ച്‌പോയതിന് നാല് കോടിയുടെ ഭീമമായ പിഴവരുന്നത്. പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ തുക ആറ് കോടിയിലെത്തുകയും ചെയ്യും. സീസൺ ആരംഭം മുതൽ നഷ്ടത്തിലാണ് ക്ലബ്ബുകൾ. 35-40 കോടിവരെയായിരുന്നു ആദ്യഘട്ടത്തിലെ നഷ്ടം. പിന്നാലെ ചെലവുകൾ വെട്ടിക്കുറക്കാൻ ക്ലബ്ബുകൾ നിർബന്ധിതരായെങ്കിലും നഷ്ടം തുടർന്നു. 20 മുതൽ 25 കോടി വരെ ഒരു സീസണിൽ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്‌പോൺസർഷിപ്പിലൂടെ റെക്കോർഡ് വരുമാനമുണ്ടെങ്കിലും ബ്ലാസ്‌സ്റ്റേഴ്‌സിന് കഴിഞ്ഞ സീസണിലെ നഷ്ടം 12-15 കോടി.
ടിക്കറ്റ് വിൽപ്പന, സ്‌പോൺസർഷിപ്പ്, ട്രാൻസ്ഫർ വിപണി തുടങ്ങിയവയിലൂടെയാണ് ക്ലബ്ബുകൾ കാര്യമായ വരുമാനം കണ്ടെത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ മത്സരങ്ങളിലെല്ലാം ഗ്യാലറി നിറയുന്നുണ്ടെങ്കിലും സ്വന്തമായി ഹോംഗ്രൗണ്ട് ഇല്ലാത്തത് തിരിച്ചടിയാണ്. അതേസമയം വരുമാന നഷ്ടം മുൻനിർത്തി വിവേകത്തോടെ നിക്ഷേപം നടത്താനും കൂടുതൽ വരുമാനം ലഭിക്കുന്ന മാർഗങ്ങൾ കണ്ടെത്താനും രാജ്യത്തെ മുൻനിര ക്ലബ്ബുകളോട് അടുത്തിടെ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഫുട്‌ബോൾ വിപണിയും പ്രധാനമാണ്. ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകരണമൊന്നും ഫുട്‌ബോളിന് കിട്ടുന്നില്ല, ഇതും ക്ലബ്ബുകൾക്ക് തിരിച്ചടിയാണ്.
എന്നാൽ വിപണിയിലെ തിരിച്ചടികൾക്ക് പരിഹാരമാർഗങ്ങളുണ്ടെന്നും അതിന് ക്ഷമ വേണമെന്നുമാണ് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്. ശരിയായ സമീപനത്തിലൂടെ നിക്ഷേപം സ്വീകരിക്കണമന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ കളിക്കാരുടെ മാര്‍ക്കറ്റ് നിശ്ചയിക്കുന്ന രീതിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ക്ലബ്ബുകൾ എല്ലാ ഇന്ത്യൻ കളിക്കാർക്കും വില നിശ്ചയിക്കുകയാണെന്നായിരുന്നു എഫ്‌സി ഗോവ സഹ ഉടമയായ അക്ഷയ് ടണ്ടൻ അടുത്തിടെ വ്യക്തമാക്കിയത്. കൂടുതൽ കാര്യക്ഷമമായ കളിക്കാരുടെ വിപണി സൃഷ്ടിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം നഷ്ടത്തിലോടുന്ന ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഇരുട്ടടിയായി ഭീമമമായ പിഴ. നഷ്ടം നികത്താനുള്ള മാർഗം കണ്ടെത്തുന്നതിനൊപ്പം ഈ ചെലവ് കൂടി ബ്ലാസ്റ്റേഴ്‌സ് വഹിക്കേണ്ടിവരും. എന്നാൽ എ.ഐ.എഫ്.എഫിന്റെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സിന് അപ്പീൽ പോകാനുള്ള അവസരമുണ്ട്. ഇങ്ങനെ പോയാൽ പിഴത്തുകയിൽ കുറവ് വരുമോ എന്നൊന്നും വ്യക്തമല്ല.
Summary-Loss 15 crores, fine 4 crores; How will the Blasters bounce back?- ISL-AIFF Fines