സുഫിയാൻ അംറബാത്തിന് നോമ്പുതുറക്കാൻ പരിക്ക് അഭിനയിച്ച് സഹതാരം ലൂക്ക
'സീരി എ'യിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ഇന്റർമിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഫിയോറന്റിന തോൽപിച്ചു
റോം: ഇറ്റാലിയൻ ഫുട്ബോൾ ലീഗായ 'സീരി എ'യിൽ സഹതാരത്തിന് നോമ്പുതുറയ്ക്കാൻ പരിക്ക് അഭിനയിച്ച് ഫിയോറന്റിന താരം. ഇന്റർ മിലാനും ഫിയോറന്റിനയും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിലാണ് സംഭവം. ഫിയോറന്റിനയ്ക്കു വേണ്ടി കളിക്കുന്ന മൊറോക്കൻ മിഡ്ഫീൽഡർ സുഫിയാൻ അംറബാത്തിനു വേണ്ടി സഹതാരം ലൂക്ക റാനിയേരിയുടേതായിരുന്നു ഇടപെടൽ.
മത്സരം അവസാനത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. നിശ്ചിതസമയം കഴിഞ്ഞ് മത്സരം 91-ാം മിനിറ്റിലെത്തിയപ്പോഴാണ് അംറബാത്തിന് നോമ്പുതുറക്കാൻ സമയമായത് ഇറ്റാലിയൻ ഡിഫൻഡർ ലൂക്ക മനസിലാക്കിയത്. തുടർന്ന് പരിക്ക് അഭിനയിച്ച് നിലത്ത് വീഴുകയായിരുന്നു. എതിരാളികളുമായി കൂട്ടിയിടിക്കുകയോ ഫൗൾ ചെയ്യുകയോ ഒന്നുമില്ലാതെ പേശീവലിവാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു താരം വീണത്.
ഇതുമൂലം ഏതാനും സെക്കൻഡുകൾ മത്സരം നിർത്തിവയ്ക്കുകയും ചെയ്തു. ഈ സമയത്താണ് സുഫിയൻ വെള്ളവും പഴവും കഴിച്ച് നോമ്പുതുറന്നത്. ലൂക്കയുടെ നടപടിയെ അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്. പരിക്ക് അഭിനയിക്കുന്നത് മാന്യതയല്ലെന്നും പകരം നോമ്പുതുറയ്ക്കാൻ ചെറിയ ഇടവേള നൽകുകയാണ് വേണ്ടതെന്നാണ് ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയത്. എന്തിനു വേണ്ടിയാണെങ്കിലും കളിക്കിടയിൽ ഇത്തരത്തിലുള്ള കള്ളങ്ങൾ ശരിയല്ലെന്നും ചിലർ വിമർശിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണ കളിക്കിടെ മുസ്ലിം താരങ്ങൾക്ക് നോമ്പുതുറയ്ക്കാൻ ഇടവേള അനുവദിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് അധികൃതരാണ് റഫറിമാർക്ക് നിർദേശം നൽകിയത്. ഇടവേളയിൽ വെള്ളവും ലഘുഭക്ഷണങ്ങളും കഴിച്ച് നോമ്പുതുറക്കാനാണ് അനുവദിക്കുക. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ലീഗിൽ വ്രതമെടുക്കുന്നവർക്കായി ഔദ്യോഗികമായി പ്രത്യേക ഇളവ് അനുവദിക്കുന്നത്.
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ഇന്റർമിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഫിയോറന്റിന തോൽപിച്ചു. ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞ ശേഷം 53-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഗോൾപോസ്റ്റിനു തൊട്ടരികെനിന്ന് ജാക്കോമോ ബോണവെന്തൂറ മനോഹരമായൊരു ഹെഡറിലൂടെയാണ് ഫിയോറന്റിനയ്ക്ക് നിർണായക ഗോൾ സമ്മാനിച്ചത്. 'സീരീ എ'യിൽ പോയിന്റ് പട്ടികയിൽ നിലവിൽ നാപ്പോളിക്കും ലാസിയോയ്ക്കും പിറകിൽ മൂന്നാം സ്ഥാനക്കാരാണ് ഇന്റർ മിലാൻ. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഫിയോറന്റിന.
Summary: Fiorentina defender Luca Ranieri fakes an injury to enable his Muslim teammate Sofyan Amrabat break fast in yesterday's Serie A match against Inter Milan