2018 ലെ ലോകകപ്പിൽ കണ്ട അർജന്റീനയല്ല ഇത്; ഖത്തർ ലോകകപ്പിലെ ഫേവറിറ്റുകളാണവർ : മോഡ്രിച്ച്
മെസി ഉള്ളപ്പോൾ അവർ എപ്പോഴും ലോകകപ്പിലെ ഫേവറിറ്റുകൾ തന്നെയാണ് എന്നും മോഡ്രിച്ച് പറഞ്ഞു
പാരിസ്: റഷ്യയിൽ 2018ൽ അരങ്ങേറിയ ലോകകപ്പിൽ കളിച്ച ടീമല്ല അർജന്റീന ഇപ്പോഴെന്ന് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച്. മെസി നയിക്കുന്ന അർജന്റീനയെ ലോകകപ്പിലെ ഫേവറിറ്റുകൾ എന്നാണ് മോഡ്രിച്ച് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ അർജന്റീനക്കെതിരെ കളിച്ച് ജയിച്ചിരുന്നു. എന്നാലിപ്പോൾ അവർ ശക്തരായ ടീമാണ്. ഏതാനും വർഷം മുൻപ് കണ്ടതിനേക്കാൾ കരുത്തരാണെന്ന് തോന്നുന്നു. ഒരു നല്ല ടീം അവർക്കുണ്ട്. മെസിയെ മുൻപിൽ നിർത്തി ശക്തമായ ടീമിനെ അവർ ഇതിനോടകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്, മോഡ്രിച്ച് ചൂണ്ടിക്കാണിച്ചു.
അവർ കൂടുതൽ ഒത്തിണക്കത്തോടെ കളിക്കുന്നു. ഒരുപാട് കളികളിൽ അവർ തോറ്റിട്ടില്ല. അത് തന്നെ എല്ലാം വ്യക്തമാക്കുന്നു. മെസി ഉള്ളപ്പോൾ അവർ എപ്പോഴും ലോകകപ്പിലെ ഫേവറിറ്റുകൾ തന്നെയാണ് എന്നും മോഡ്രിച്ച് പറഞ്ഞു.
ഖത്തർ ലോകകപ്പിൽ നവംബർ 22നാണ് അർജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയാണ് മെസിയുടേയും സംഘത്തിന്റേയും മുൻപിലേക്ക് ആദ്യം എത്തുക. പിന്നാലെ മെക്സിക്കോയേയും പോളണ്ടിനേയും നേരിടും. ഗ്രൂപ്പ് എഫിലാണ് ക്രൊയേഷ്യ. ബെൽജിയം, കാനഡ, മൊറോകോ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയുടെ എതിരാളികൾ