മൊഹമ്മദൻസിൽ നിക്ഷേപത്തിനൊരുങ്ങി യൂസുഫ് അലി; ലക്ഷ്യം ഐ.എസ്.എൽ

ലുലു ഗ്രൂപ്പ് പ്രധാന നിക്ഷേപരായി വരികയാണെങ്കിൽ വരുന്ന സീസണില്‍ മൊഹമ്മദൻസ് സ്പോര്‍ട്ടിങ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്

Update: 2023-09-24 14:29 GMT
Advertising

മലയാളി വ്യവസായ പ്രമുഖന്‍ യൂസുഫ് അലിയുടെ ലുലു ഗ്രൂപ്പ് കൊല്‍ക്കത്ത ഫുട്ബോള്‍ ക്ലബ്ബായ മൊഹമ്മദൻസ് സ്പോര്‍ട്ടിങ്ങില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലുലു ഗ്രൂപ്പ് ആകും മൊഹമ്മദൻസ് സ്പോര്‍ട്ടിങ്ങിന്‍റെ അടുത്ത സീസൺ മുതൽ ഉള്ള പ്രധാന നിക്ഷേപകർ. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയും ലുലു ഗ്രൂപ്പും തമ്മില്‍ ദുബൈയില്‍ വെച്ച് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം.

മമത ബാനര്‍ജിയും യു.എ.ഇയിലെ അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ്പിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ സെപ്റ്റംബര്‍ 22നാണ് ദുബൈയില്‍ കൂടിക്കാഴ്ച നടത്തിയത്. പശ്ചിമ ബംഗാളില്‍ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ് താല്‍പര്യപ്പെടുന്നുവെന്നും അന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലുലു ഗ്രൂപ്പ് പ്രധാന നിക്ഷേപരായി വരികയാണെങ്കിൽ വരുന്ന സീസണില്‍ മൊഹമ്മദൻസ് സ്പോര്‍ട്ടിങ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. ഐ- ലീഗ് വിജയിക്കാൻ ആയില്ലെങ്കിൽ നേരിട്ട് ഐ.എസ്.എല്ലിലേക്ക് പ്രവേശനം നേടാൻ മൊഹമ്മദൻസ് ശ്രമിക്കും എന്ന കാര്യവും ഏറെക്കുറെ ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ കൊൽക്കത്തയിലെ മൂന്ന് പ്രധാന ക്ലബുകളും ഐ.എസ്.എല്ലിൽ ഒരുമിച്ച് കളിക്കുമെന്ന പ്രത്യേകതയുമുണ്ടാകും.

നിലവില്‍ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐ.എസ്.എല്‍ കളിക്കുന്നുണ്ട്. ഒപ്പം മൊഹമ്മദൻസ് കൂടെ എത്തിയാൽ കൊൽക്കത്ത ഫുട്ബോൾ അതിന്‍റെ പഴയ പ്രതാപത്തിലേക്ക് തിരികെ പോകും. മുന്‍ വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ലുലു ഗ്രൂപ്പ് നിക്ഷേപങ്ങൾ നടത്തുമെന്ന തരത്തില്‍ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും വന്നില്ല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News