ഡ്രസ്സിങ് റൂമിൽ അധോവായു; ബ്രസീലിയൻ താരത്തെ ക്ലബ്ബ് തരംതാഴ്ത്തി
മുൻ ബ്രസീൽ താരം ജുനിഞ്ഞോയുടെ ഇടപെടലോടെയാണ് മാഴ്സലോയ്ക്കെതിരെ കടുത്ത നടപടിക്ക് ക്ലബ്ബ് മുതിർന്നത്
കഴിഞ്ഞ സീസണിൽ പ്രതിരോധതാരം മാഴ്‌സലോയെ ഫസ്റ്റ് ടീമിൽനിന്ന് തരംതാഴ്ത്താൻ ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോൺ തീരുമാനിച്ചത് ഡ്രസ്സിങ് റൂമിലെ മാന്യതയില്ലാത്ത പെരുമാറ്റത്തിന്റെ പേരിലെന്ന് റിപ്പോർട്ട്. അധോവായു വിടുകയും അതേപ്പറ്റി സഹതാരങ്ങൾക്കിടയിൽ പറഞ്ഞു ചിരിക്കുകയും ചെയ്തതിനാണ് 34-കാരനായ താരത്തെ കഴിഞ്ഞ ആഗസ്തിൽ ലിയോൺ തരംതാഴ്ത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ബോർഡോയ്ക്കു വേണ്ടി കളിക്കുന്ന മാഴ്‌സലോ ആരോപണം നിഷേധിച്ചിട്ടുണ്ട്.
ആഗസ്ത് 15-ന് നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ താരതമ്യേന ദുർബലരായ എയ്‌ഞ്ചേഴ്‌സിനോട് ലിയോൺ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റിരുന്നു. മത്സരത്തിനു ശേഷം ടീമംഗങ്ങൾ ഡ്രസ്സിങ് റൂമിൽ ഒത്തുകൂടിയപ്പോഴാണ് മാഴ്‌സലോ മാന്യതവിട്ട രീതിയിൽ പെരുമാറിയതെന്നും ഇത് താരത്തെ തരംതാഴ്ത്തുന്നതിലേക്ക് നയിച്ചെന്നും എൽ എക്വിപ് റിപ്പോർട്ട് ചെയ്തു.
ടീമംഗങ്ങൾ തോൽവിയിൽ നിരാശപ്പെട്ടിരിക്കെ മാഴ്‌സലോ ടീമംഗങ്ങൾ കേൾക്കുംവിധം ഉറക്കെ അധോവായു വിടുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലബ്ബിന്റെ സ്‌പോർട്ടിങ് ഡയറക്ടറും മുൻ ബ്രസീൽ താരവുമായ ജുനിഞ്ഞോ പെർനാമ്പുകാനോയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. സീനിയർ താരത്തിന്റെ പെരുമാറ്റത്തിൽ അതൃപ്തനായ ജുനിഞ്ഞോ കോച്ചുമായി സംസാരിച്ച് താരത്തെ തരംതാഴ്ത്താൻ തീരുമാനിക്കുകയായിരുന്നു.
മാഴ്‌സലോയുടെ ഡ്രസ്സിങ് റൂമിലെ അലസമായ പെരുമാറ്റം ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതാണെന്നു വിലയിരുത്തിയായിരുന്നു മാനേജ്‌മെന്റിന്റെ നടപടി. ഇക്കാര്യം അന്നുതന്നെ മാഴ്‌സലോയെ അറിയിച്ചിരുന്നതായും എൽ എക്വിപ് റിപ്പോർട്ടിൽ പറയുന്നു. തരംതാഴ്ത്തപ്പെട്ട താരം ലിയോണിന്റെ രണ്ടാം ടീമിനു വേണ്ടി 11 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയിലെ ട്രാൻസ്ഫർ കാലയളവിൽ മാഴ്‌സലോ ലിയോൺ വിട്ട് ബോർഡോയിൽ ചേർന്നു. ഈ സീസൺ അവസാനം വരെയാണ് കരാർ.
അതേസമയം, തന്റെ പെരുമാറ്റദൂഷ്യം സംബന്ധിച്ച എൽ എക്വിപ് റിപ്പോർട്ടിനെതിരെ മാഴ്‌സലോ രംഗത്തുവന്നു. ഇക്കാലത്ത് മാധ്യമപ്രവർത്തനം വെറും തമാശയായി മാറിയിട്ടുണ്ടെന്ന് താരം ആരോപിച്ചു.
'എൽ എക്വിപിന് നന്ദി. ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതിനായി ഏറെക്കാലത്തിനു ശേഷം എനിക്ക് ട്വിറ്ററിലേക്ക് തിരികെ വരേണ്ടിവന്നു. ഇക്കാലത്ത് മാധ്യമപ്രവർത്തനം വെറും തമാശയാണ്.' ട്വിറ്ററിൽ താരം കുറിച്ചു.
ബ്രസീലിയൻ ക്ലബ്ബ് സാന്റോസിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച മാഴ്‌സലോ പോളണ്ടിലെ വിസ്ല ക്രാക്കോവിലൂടെയാണ് യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാഗമാകുന്നത്. പിന്നീട് പി.എസ്.വി ഐന്തോവൻ, ഹാനോവർ 96, ബെസിക്താസ്, ലിയോൺ എന്നീ ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ചു. 2017 മുതൽ അഞ്ചു വർഷം ലിയോണിനു വേണ്ടി കളിച്ച താരം 121 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 2007-ൽ ബ്രസീൽ അണ്ടർ 20 ടീമിൽ നാല് മത്സരങ്ങൾ കളിച്ച താരത്തിന് സീനിയർ ടീമിൽ അവസരം ലഭിച്ചിട്ടില്ല.