'ബ്ലാസ്റ്റേഴ്‌സിൽ സന്തോഷവാൻ, എന്നാൽ കാര്യങ്ങൾ എന്റെ കൈയിലല്ല'; ആരാധകരുടെ നെഞ്ചിടിപ്പേറ്റി ഇവാൻ കൽയൂഷ്‌നി
യുക്രൈൻ താരമായ കൽയൂഷ്‌നി സ്വന്തം രാജ്യത്ത് നടക്കുന്ന യുദ്ധത്തെ തുടർന്നാണ് ഐഎസ്എല്ലിലെത്തിയത്
കേരള ബ്ലാസ്റ്റേഴ്‌സിൽ സന്തോഷവാനാണെന്നും ക്ലബ്ബില്‍ തുടരാൻ ആഗ്രഹിക്കുന്നതായും മധ്യനിര താരം ഇവാൻ കൽയൂഷ്‌നി. എന്നാല്‍ യുക്രൈന്‍ ക്ലബ്ബിന്റെ തീരുമാനം അനുസരിച്ചാകും ബ്ലാസ്റ്റേഴ്‌സിലെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കൽയൂഷ്‌നി.
'കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഞാൻ സന്തോഷവാനാണ്. ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. ഞാനൊരു ഫ്രീ ഏജന്റ് അല്ലാത്തതു കൊണ്ട് അത് ബുദ്ധിമുട്ടാണ്. ഫ്രീ പ്ലേയർ ആയിരുന്നെങ്കിൽ അത് എളുപ്പമായേനെ. എന്റെ ക്ലബ് റിലീസിനായി വലിയ പണം ചോദിക്കും.' - അദ്ദേഹം പറഞ്ഞു. യുക്രൈൻ താരമായ കൽയൂഷ്‌നി സ്വന്തം രാജ്യത്ത് നടക്കുന്ന യുദ്ധത്തെ തുടർന്നാണ് ഐഎസ്എല്ലിലെത്തിയത്. വായ്പാടിസ്ഥാനത്തില്‍ ക്ലബ്ബിലെത്തിയ മിഡ്ഫീല്‍ഡര്‍ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറിയിരുന്നു.
സ്വന്തം നാട്ടിലെ റഷ്യന്‍ അധിനിവേഷത്തെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 'യുദ്ധം ആരംഭിച്ച വേളയിൽ പോളണ്ടിലേക്ക് പോകാനായിരുന്നു ഞാൻ പദ്ധതിയിട്ടത്. എന്നാൽ രക്ഷിതാക്കൾക്ക് അങ്ങനെയൊരു കരാറിൽ ഏർപ്പെടാനായില്ല. അപ്പോഴാണ് ഇന്ത്യയിൽ നിന്ന് ഒരു ഓഫറുണ്ടെന്ന് എന്റെ ഏജന്റ് പറഞ്ഞത്. ഇങ്ങോട്ടു വരുന്നതിന് മുമ്പ് മൂന്നു മാസം ഇക്കാര്യത്തിൽ ചർച്ച നടത്തി. കുടുംബത്തെ സുരക്ഷിത സ്ഥലത്തെത്തിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. യുക്രൈനിൽ വലിയ ബുദ്ധിമുട്ടായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച മുംബൈയിലാണ് ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി പോരാട്ടം. ഇതുവരെ ഒരു കളി പോലും തോൽക്കാത്ത ടീമാണ് മുംബൈ സിറ്റി. 13 കളിയിൽനിന്ന് 30 പോയിന്റ് പട്ടികയിൽ അവർ രണ്ടാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും. തുടർച്ചയായ എട്ടു മത്സരങ്ങൾ തോൽക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്.