"11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു"; ബ്ലാസ്‌റ്റേഴ്‌സിന് വിജയാശംസകളുമായി മമ്മൂട്ടി
"കാൽപ്പന്തിന്‍റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരളദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്"
ഐ.എസ്.എൽ കലാശപ്പോരിൽ കന്നിക്കിരീടത്തിനായി ബൂട്ട്‌കെട്ടിയിറങ്ങുന്ന മഞ്ഞപ്പടക്ക് വിജയാശംസകളുമായി മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. ബ്ലാസ്റ്റേഴ്‌സിന്‍റെ 11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു എന്ന് കുറിച്ച താരം ടീമിന് വിജയാശംസകൾ നേർന്നു.
'കാൽപ്പന്തിന്‍റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ...പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയാശംസകൾ"- മമ്മൂട്ടി കുറിച്ചു
നേരത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ബ്ലാസ്റ്റേഴ്സിന് വിജയാശംസകളുമായി രംഗത്തെത്തിയിരുന്നു.
ജേഴ്‌സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്‌സിന്‍റെ നിറം മഞ്ഞയായിരിക്കുമെന്നും ഇക്കുറി ബ്ലാസ്റ്റേഴ്‌സ് തന്നെ കപ്പടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ലോക ഫുട്‌ബോളിൽ രാജ്യം കളിക്കുന്നതിന്‍റെ ഇരട്ടി ആവേശമാണ് ഇന്നത്തെ കളികാണാന്‍ എന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മീഡിയ വണിനോട് പറഞ്ഞു. രണ്ട് തവണ ഫൈനലിലെത്തി നഷ്ടപ്പെട്ട കിരീടം ഇക്കുറി ബ്ലാസ്റ്റേഴ്സ് നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇത്ര നല്ലൊരു ടീം കേരളത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയറിവാടാ മക്കളെ എന്ന കോച്ചിന്‍റെ വിളി തന്നെ ധാരാളമായിരുന്നു എന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് അത് ഗോവയിലേക്കുള്ള് ക്ഷണമായിരുന്നു എന്നും ഷാഫി പറമ്പില്‍ എം.എല്‍.എ മീഡിയ വണിനോട് പറഞ്ഞു. കലിപ്പടക്കണം എന്ന് പ്രൊമോ വന്നതല്ലാതെ കഴിഞ്ഞ സീസണുകളില്‍ നമുക്ക് വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ ടീം ഈ സീസണില്‍ അടിമുടി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധകരുടെ പ്രതീക്ഷകളെ കാത്ത് ബ്ലാസ്റ്റേഴ്സ് കിരീടം നേടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.