ആർസനൽ x മാഞ്ചസ്റ്റർ സിറ്റി: കൊടിയിറങ്ങിയത് പ്രീമിയർ ലീഗിന്റെ വിധികുറിച്ച മത്സരം
പത്തുപേരായി ചുരുങ്ങിയിട്ടും എതിരാളികളുടെ തട്ടകമായ ഇത്തിഹാദിൽ നിന്നും സമനിലയുമായി മടങ്ങുന്ന ആർസനൽ. അൾട്രാ ഡിഫൻസീവിലേക്ക് മാറി എങ്ങനെയെങ്കിലും ജയിക്കുകയെന്ന ആർസനലിന്റെ മോഹം അവസാന നിമിഷം തകർത്ത മാഞ്ചസ്റ്റർ സിറ്റി.. 2-2ന് സമനിലയിൽ അവസാനിച്ച ഈ മത്സരത്തിൽ ആരാണ് ചിരിക്കുന്നത്? വളരെ കോംപ്ലിക്കേറ്റഡായ ഒരു ചോദ്യമാണിത്. അവരവരുടെ ഇഷ്ടങ്ങൾക്കും വിശകലനങ്ങൾക്കും അനുസരിച്ച് വിലയിരുത്താവുന്ന മത്സരമാണ് ഇന്നലെ ഇത്തിഹാദിൽ കൊടിയിറങ്ങിയത്.
ആരടിക്കും പ്രീമിയർ ലീഗ്? സംശയമെന്ത് മാഞ്ചസ്റ്റർ സിറ്റി തന്നെ. ഇനി അതല്ലെങ്കിൽ ആർസനൽ എന്നുതന്നെയാണ് പൊതുവേ വിശകലനങ്ങളെല്ലാം പറയുന്നത്. ലിവർപൂൾ അടക്കമുള്ള വമ്പൻമാരെ മറന്നുകൊണ്ടല്ല ഇതുപറയുന്നത്. പോയ രണ്ട് വർഷങ്ങളിലും സിറ്റിക്ക് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയത് പീരങ്കിപ്പട തന്നെയാണ്. ഫൈനൽ ലാപ്പിലെ അപ്രതീക്ഷിത തോൽവികളിൽ മുട്ടുമടക്കിയ ഗണ്ണേഴ്സിന് ഇക്കുറി കിരീടത്തിൽ കുറഞ്ഞതൊന്നും സന്തോഷം നൽകില്ല.
ഒരു വശത്ത് കെവിൻ ഡിബ്രൂയ്നെയില്ല. മറുവശത്ത് മാർട്ടിൻ ഒഡേഗാർഡുമില്ല. എഞ്ചിനുകൾ ഇല്ലാതെയാണ് ഇരുടീമുകളും പോരിന് വന്നത്. അങ്ങനെ പ്രീമിയർ ലീഗിന്റെ വിധിനിർണയിക്കപ്പെടുമെന്ന് കരുതുന്ന മത്സരത്തിന് അരങ്ങുണർന്നു. മത്സരത്തിന്റെ ഒൻപതാം മിനുറ്റിൽ ഗാലറിയിലെ നീലപ്പടയെ സാക്ഷിനിർത്തി എർലിങ് ഹാളണ്ടിന്റെ ഗോളെത്തി. മാഞ്ചസ്റ്റർ സിറ്റി ജഴ്സിയിൽ ഹാളണ്ടിന്റെ നൂറാം ഗോൾ. ഇത്തിഹാദിൽ ഒരു ജയമൊക്കെ അതിമോഹമാണെന്ന് തന്നെയാണ് സിറ്റി ആ ഗോളിലൂടെ ആർസനലിനോട് പറഞ്ഞത്. ഹാഫ് വേ ലൈനിൽ നിന്നും കലഫിയോരിക്ക് പിടികൊടുക്കാതെ വെട്ടിത്തിരിഞ്ഞ് സുന്ദരമായി പന്ത് നീട്ടിനൽകിയ സാവീഞ്ഞ്യോക്കാണ് ആ ഗോളിന്റെ ക്രെഡിറ്റ് നൽകേണ്ടത്.
വൈകാതെ 17ാം മിനുറ്റിൽ തോമസ് പാർട്ടിയുമായുള്ള ഡ്യൂവലിനിടെ ഫൗളേറ്റ് റോഡ്രി പുറത്തേക്ക്. മത്സരത്തിനിടെ ആദ്യമായി ഗാർഡിയോളയുടെ കണ്ണുകളിൽ ആശങ്കപടർന്നു.
22ാം മിനുറ്റ് നാടകീയ രംഗങ്ങൾക്കാണ് സാക്ഷിയായത്. ഇൽകയ് ഗുണ്ടോഗൻ തോമസ് പാർട്ടിയെ ഫൗൾചെയ്യുന്നു. സിറ്റി ക്യാപ്റ്റനായ കൈൽവാക്കറെയും ഗണ്ണേഴ്സ് ക്യാപ്റ്റനായ ബുക്കായോ സാക്കയെും റഫറി മൈക്കൽ ഒലിവർ അടുത്തേക്ക് വിളിച്ചു. അതിനിടയിൽ അപ്പുറത്ത് ആർസനൽ താരങ്ങളായ ഡെക്ലൻ റൈസും തോമസ് പാർട്ടിയും ഫ്രീകിക്കിന് തയ്യാറെടുക്കുകയായിരുന്നു.
റഫറി വിസിലടിച്ചതും തോമസ് പാർട്ടി തന്ത്രപരമായി പന്ത് മാർട്ടിനലിക്ക് നീട്ടി നൽകുന്നു. സിറ്റി താരങ്ങൾ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് കൈകളുയർത്തി. ഓട്ട്ഓഫ് പൊസിഷനായിരുന്ന കൈൽവാക്കറിന്റെ സൈഡിലൂടെ ഓടിക്കയറിയ മാർട്ടിനലി നീട്ടി നൽകിയ പന്ത് ബോക്സിന് പുറത്തുനിന്നുള്ള ഒരു അപ്രതീക്ഷിത ഷോട്ടിൽ കലഫിയോരി വലയിലെത്തിക്കുന്നു. ഇത് ചതിയാണെന്ന് ചൂണ്ടിക്കാട്ടി സിറ്റി താരങ്ങൾ ഒന്നടങ്കം റഫറിക്കരികിലേക്ക് ഓടിയെങ്കിലും ഫലമുണ്ടായില്ല. തന്റെ കസേരയിൽ ആഞ്ഞുചവിട്ടിയാണ് പെപ് ഗ്വാർഡിയോള ദേഷ്യം തീർത്തത്.
അപ്പുറത്ത് മൈക്കൽ അർേടറ്റ ഉള്ളിൽ ചിരിയടക്കി. ടീമിലെ ആദ്യ ഇലവനിൽ ആദ്യമായി ഇടംപിടിച്ച കലഫിയോരിക്ക് ഇതിലും നല്ല ഒരു ഇൻട്രോ ലഭിക്കാനില്ല.
മത്സരം മുറുകുന്നു. 37ാം മിനുറ്റിൽ ആർസനലിന് കിട്ടിയ കോർണറിന് ഗബ്രിയേൽ തലവെച്ചെങ്കിലും പുറത്തേക്ക്. കോർണറിനിടയിൽ തക്കം പാർത്തിരിക്കുന്ന ഗബ്രിയേലെന്ന ഒളിപ്പോരാളിയെ അവഗണിച്ചാൽ വരാനിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പായിരുന്നു അത്. എന്നാൽ അതുകൊണ്ട് സിറ്റി പഠിച്ചില്ല. 45ാം മിനുറ്റിൽ സാക്കയുടെ കോർണറിന് സമാനരീതിയിൽ തലവെച്ച് ഗബ്രിയേൽ അതിനുള്ള ശിക്ഷ നൽകി. പ്രീമിയർ ലീഗിൽ ഗബ്രിയേൽ കുറിച്ചത് 16 ഗോളുകളാണ്. ഇതിൽ 14 എണ്ണവും അഥവാ 88ശതമാനവും നേടിയത് കോർണറുകളിൽ നിന്നാണ്. പത്തിലധികം ഗോൾ നേടിയ താരങ്ങളിൽ ഇക്കാര്യത്തിൽ ഗബ്രിയേലിനോളം റെക്കോർഡ് പ്രീമിയർലീഗ് ചരിത്രത്തിൽ മറ്റാർക്കുമില്ല.
എന്നാൽ ആർസനലിന്റെ സന്തോഷങ്ങൾ അധികം നീണ്ടില്ല. തൊട്ടുപിന്നാലെ രണ്ടാം മഞ്ഞക്കാർഡുമായി ലിയാണ്ട്രോ ട്രൊസാർഡ് പുറത്തേക്ക്. ആദ്യം മഞ്ഞകിട്ടിയത് സാവീഞ്ഞോയെ ഫൗൾ ചെയ്തതിന്. രണ്ടാം യെല്ലോ കുറച്ചുകൂടി കോംപ്ലിക്കേറ്റഡായിരുന്നു. ബെർണാഡോ സിൽവക്ക് നേരെയുള്ള ഫൗളിന് റഫറി വിസിൽ വിളിച്ചതിന് പിന്നാലെ ട്രൊസാർഡ് പന്ത് അടിച്ചകറ്റുന്നു. മത്സരം ഡിലേ ചെയ്തന്നെ കുറ്റം കൂടി ചുമത്തി റഫറി രണ്ടാം മഞ്ഞക്കാർഡും ചുവപ്പും പുറത്തെടുത്തു. രണ്ടാം മഞ്ഞക്കാർഡ് അർഹിച്ചിരുന്നോ ഇല്ലയോ എന്ന വിഷയത്തിൽ സംവാദം നടക്കുന്നുണ്ട്. ഹാഫ് ടൈം വിസിലാണെന്ന് കരുതിയാണ് ട്രൊസാർഡ് പന്തടിച്ചു കളഞ്ഞത് എന്ന വാദവുമുണ്ട്. എന്തായാലും ഇഞ്ചോടിച്ച് പോരാട്ടം പ്രതീക്ഷിച്ച ഫുട്ബോൾ പ്രേമികൾക്ക് അതോടെ നിരാശ പടർന്നു.
സിറ്റിയെപ്പോലൊരു ടീമിനോട് പത്തുപേരുമായി കളത്തിലിറങ്ങിക്കളിച്ചാൽ അത് വിനാശമായിരിക്കുമെന്ന് മറ്റാരെക്കാളും അർടേറ്റക്ക് അറിയാം. രണ്ടാം പകുതിയിൽ ബുക്കായോ സാക്കയെ പിൻവലിച്ച് ബെൻ വൈറ്റിനെ കളിക്കിറക്കിയതിലൂടെത്തന്നെ അർടേറ്റ നയം വ്യക്തമാക്കിയിരുന്നു. അവശേഷിക്കുന്നവരെല്ലാം പ്രതിരോധതാരങ്ങളായി മാറി. സിറ്റിയുടെ മുന്നേറ്റങ്ങളെ എങ്ങനെയെങ്കിലും മുട്ടിനിന്ന് ജയവുമായി തിരിച്ചുനടക്കുക എന്നതാണ് അർടേറ്റ സ്വപ്നം കണ്ടത്. ഓൾറെഡി ബോൾ പൊസിഷനിൽ മുന്നിലുണ്ടായിരുന്ന സിറ്റി രണ്ടാം പകുതിയിൽ മൃഗീയ ആധിപത്യമാണ് നേടിയത്. രണ്ടാം പകുതിയിൽ 211പാസുകൾ സിറ്റി തീർത്തപ്പോൾ പീരങ്കിപ്പട നേടിയത് 23 എണ്ണം മാത്രം. പക്ഷേ പടയാളികൾ നിരന്നുനിൽക്കുന്ന ആർസനൽ ബോക്സിലേക്ക് കടക്കുക സിറ്റിക്ക് എളുപ്പമായിരുന്നില്ല. ബോക്സിന് പുറത്തുനിന്നും ഷോട്ടുകളുതിർത്തത് നോക്കിയെങ്കിലും ഒന്നിനും മൂർച്ചയില്ലായിരുന്നു. ഇടക്ക് ജോസ്കോ ഗ്വാർഡിയോൾ ചില വെടിയുണ്ടകൾ പായിച്ചുനോക്കിയെങ്കിലും ഉജ്ജ്വലഫോമിലുള്ള ഡേവിഡ് റയ ചെറുത്തുനിന്നു.
സമയം കൂടിവരുന്നതിനനുസരിച്ച് പെപ് ഗ്വാർഡിയോളയുടെ മുഖം ചുവന്നുതുടുത്തു. ആർസനൽ ജയമുറപ്പിച്ച് ഉള്ളിൽ സന്തോഷം അടക്കിപ്പിടിച്ചൂ. അന്നേരമാണ് സബ്സ്റ്റ്യൂട്ടായി വന്ന ജോൺ സ്റ്റോൺസ് പീരങ്കിപ്പടയുടെ മോഹങ്ങൾ അരിഞ്ഞിടുന്നത്. ഗ്രീലിഷിന്റെ പാസിലൂടെ ബോക്സിൽ നിന്നും കൊവാറ്റിച്ച് തൊടുത്ത ഷോട്ട് റയ തടുത്തിട്ടെങ്കിലും അവസരം കാത്തുനിന്ന സ്റ്റോൺസ് വലയിലേക്ക് തിരിച്ചുവിടുന്നു. ആർസനലിന്റെ മോഹങ്ങൾക്ക് മേൽ ഇടിവെട്ടി. ഇതുവരെ എടുത്ത പണി വെള്ളത്തിലായതിന്റെ ദുഖത്തിൽ താരങ്ങൾ നിലത്തുകിടന്നു. ഒരു വിജയത്തേക്കാൾ മനോഹരമായാണ് സിറ്റി ആ ഗോളിനെ ആഘോഷിച്ചത്. ഗോളിന് പിന്നാലെ മത്സരം കൈയ്യാങ്കളിയിലേക്ക് നീങ്ങിയത് തന്നെ ഇരുടീമുകളും എത്രത്തോളം ഗൗരവമായാണ് മത്സരത്തെ സമീപിച്ചത് എന്നതിന്റെ തെളിവാണ്. രണ്ടാം പകുതിയിൽ 12 ശതമാനവും മത്സരത്തിലാകെ 22ശതമാനവും സമയം മാത്രമാണ് പന്ത് ആർസനലിന്റെ കൈകകളിലുണ്ടായിരുന്നത്.
അർടേറ്റ തന്ത്രങ്ങൾ പഠിച്ചത് ഗ്വാർഡിയോളയുടെ കളരിയിൽ ആണെങ്കിലും വേണ്ടി വന്നാൽ മൗറീഞ്ഞോ ആകാനും സാധിക്കുമെന്ന് ഓരോ മത്സരങ്ങളും തെളിയിക്കുകയാണ്. 2019ൽ അർടേറ്റ ചുമതലയേറ്റെടുത്തതിന് ശേഷം 17 ആർസനൽ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഈ കാലയളവിൽ മറ്റൊരു ക്ലബിനുമില്ലാത്ത റെക്കോർഡാണിത്. ആർസനൽ താരങ്ങളുടെ അനാവശ്യ സമയം കളയലിനെതിരെ ജോൺ സ്റ്റോൺസും ബെർണാഡോ സിൽവയും മത്സരശേഷം വെടിപൊട്ടിച്ചിട്ടുണ്ട്.
ഇപ്പോൾ ഞങ്ങളുടെ നല്ല എതിരാളികൾ ആർസനലാണ്. മുമ്പത് യുർഗൻ ക്ലോപ്പായിരുന്നു. പോയ രണ്ട് വർഷവും ആർസനലിനോട് ഞങ്ങൾ മത്സരിച്ചത് മത്സരശേഷം ഗ്വാർഡിയോള പറഞ്ഞതിങ്ങനെയായിരുന്നു. എന്തായാലും ഇന്നലെ നമ്മൾ കണ്ടത് ട്രെയിലറാണ്. പ്രീമിയർ ലീഗ് മുറുകുന്ന ഫെബ്രുവരിയിൽ പെപ് ഗ്വാർഡിയോളയും കുട്ടികളും എമിറേറ്റ്സിലേക്ക് വരുന്നുണ്ട്. കാത്തിരിക്കാം.