ബയേണിനും ഡോട്മുണ്ടിനും വേണ്ട; നാപോളി വാങ്ങുമോ? ചർച്ചയാരംഭിച്ച് ക്രിസ്റ്റ്യാനോയുടെ ഏജന്റ്
നാപോളി ടീമിലെടുത്തില്ലെങ്കിൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുകയെന്ന താരത്തിന്റെ മോഹം അവസാനിക്കും
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ സീരി എ ക്ലബ് നാപോളിയുമായി ചർച്ചയാരംഭിച്ചതായി റിപ്പോർട്ട്. താരത്തിന്റെ ഏജന്റ് ജോർജ് മെൻഡിസാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. കൂടുമാറ്റത്തില്‍ നേരത്തെ നിരവധി പ്രമുഖ യൂറോപ്യൻ ക്ലബുകളുമായി മെൻഡിസ് ചർച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചിരുന്നത്.
അഞ്ചു തവണ ബാളൻ ദ്യോർ ജേതാവായ താരത്തെ ടീമിലെത്തിക്കാൻ നാപോളി താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ തങ്ങളുടെ നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഒസിമനെ യുണൈറ്റ് വാങ്ങണമെന്നാണ് ക്ലബ് ആവശ്യപ്പെടുന്നത്. 85 മില്യൺ യൂറോയാണ് സീരി എ ക്ലബ് കൈമാറ്റത്തിനായി ആവശ്യപ്പെട്ടിട്ടുള്ളത്. നിരവധി ക്ലബുകൾ നോട്ടമിട്ടിട്ടുള്ള ഒസിമെൻ കഴിഞ്ഞ സീസണിൽ 32 കളികളിൽനിന്ന് 18 ഗോളുകളാണ് നേടിയിരുന്നത്. ഈ സീസണിൽ ക്ലബ് നേടിയ മൂന്നു ഗോളുകളിലും താരത്തിന്റെ ടച്ചുണ്ട്.
എന്നാൽ ഒസിമെനെ കൈമാറുമെന്ന വാർത്തകൾ താരത്തിന്‍റെ ഏജന്റ് റോബർട്ടോ കലെൻഡ നിഷേധിച്ചു. 'ഒസിമെൻ നാപോളിയുടെ കളിക്കാരനാണ്. ടീമിനു വേണ്ടി ചാമ്പ്യൻസ് ലീഗ് കളിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഭാഗമാകുന്നതിൽ അവൻ അഭിമാനിക്കുന്നു'- ഏജന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ലീഗിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് നാപോളിയുള്ളത്. അയാക്‌സും റേഞ്ചെഴ്‌സ് എഫിസിയുമാണ് മറ്റു ടീമുകൾ. ഇതിഹാസ താരം ഡീഗോ മറഡോണ കളിച്ച ക്ലബ്ബാണ് നാപോളി. മറഡോണയുടെ പേരെഴുതിയ ക്ലബിന്റെ പത്താം നമ്പർ ജഴ്‌സിക്ക് ഇപ്പോഴും രാജ്യത്ത് ആരാധകർ ഏറെയുണ്ട്.
നാപോളി ടീമിലെടുത്തില്ലെങ്കിൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുകയെന്ന ക്രിസ്റ്റ്യാനോയുടെ മോഹം അവസാനിക്കും. പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തതു മൂലം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണ ചാമ്പ്യൻസ് കളിക്കാനാകില്ല. ഇതിനു പിന്നാലെ, ബൊറൂഷ്യ ഡോട്മുണ്ട്, ബയേൺ മ്യൂണിക്ക്, പിഎസ്ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, എസി മിലാൻ, ഇന്റർമിലാൻ ക്ലബുകളുമായി താരത്തിന്റെ ഏജന്റ് ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രായക്കൂടുതലും ഉയര്‍ന്ന വേതനവുമാണ് ക്രിസ്റ്റ്യാനോക്ക് മുമ്പിൽ തടസ്സമായി നിൽക്കുന്നത്.
അതേസമയം, ക്രിസ്റ്റ്യാനോയെ വിൽക്കുന്നില്ലെന്ന നിലപാടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ തുടര്‍ച്ചയായ മത്സരങ്ങളില്‍ താരത്തിന് ടീമിലെ ആദ്യ ഇലവനിൽ അവസരവും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെയും ശനിയാഴ്ച സതാംപ്ടണെതിരെയും താരം ആദ്യ ഇലവനിലുണ്ടായിരുന്നില്ല.
പതിറ്റാണ്ടിനിടെ ആദ്യം
2002-03 സീസണ് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ ഇല്ലാതെ ചാമ്പ്യൻസ് ലീഗ് നടക്കാന്‍ പോകുന്നത്. 140 ഗോളുമായി ടൂര്‍ണമെന്‍റിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനാണ് പോർച്ചുഗീസ് നായകൻ. കളത്തിലെ എതിരാളി ലയണൽ മെസ്സിയേക്കാൾ പതിനഞ്ച് ഗോളുകൾ ക്രിസ്റ്റ്യാനോ അധികം നേടിയിട്ടുണ്ട്. ലീഗിൽ ഏറ്റവും കൂടുതൽ കളിച്ച താരവും ഇദ്ദേഹം തന്നെ- 183 മത്സരങ്ങൾ. ഇതിൽ 115 മത്സരത്തിലും വിജയിച്ചു.