7-0 ന് തോറ്റ അതേ ടീമിനെ ഇറക്കി; ബെറ്റിസിനെ തകർത്തുവാരി മാഞ്ചസ്റ്റർ
ബ്രൂണോ ഫെർണാണ്ടസാണ് കളിയിലെ താരം
മാഞ്ചസ്റ്റർ: യുവേഫ യൂറോപ്പ ലീഗിൽ സ്പാനിഷ് ക്ലബ്ബ് റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിലാണ് നാലു ദിവസം മുമ്പ് ലിവർപൂളിൽ നിന്നേറ്റ നാണക്കേടിന് ചെറിയ തോതിലെങ്കിലും ചുകന്ന ചെകുത്താന്മാർ പ്രായശ്ചിത്തം ചെയ്തത്. മറ്റൊരു മത്സരത്തിൽ, പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആർസനലിനെ പോർട്ടുഗീസ് ക്ലബ്ബ് സ്‌പോട്ടിങ് ലിസ്ബൻ 2-2 സമനിലയിൽ തളച്ചപ്പോൾ എ.എസ് റോമ, യുവന്റസ്, ബയേർ ലേവർകുസൻ ടീമുകൾ ആദ്യപാദ ജയം കണ്ടു.
പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തട്ടകത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ അതേ പ്ലെയിങ് ഇലവനെ തന്നെയാണ് മാഞ്ചസ്റ്റർ കോച്ച് എറിക് ടെൻ ഹാഗ് ഇന്നലെയും ഇറക്കിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ആതിഥേയർ ആറാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോഡിലൂടെ മുന്നിലെത്തി. എതിർ പ്രതിരോധ താരത്തിന്റെ ക്ലിയറൻസ് പിഴവിൽ നിന്ന് വീണുകിട്ടിയ പന്ത് റാഷ്‌ഫോഡ് പോസ്റ്റിന്റെ മോന്തായത്തിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 18ാ-ം മിനിറ്റിൽ ലീഡ് ഉയർത്താൻ റാഷ്‌ഫോഡിന് തന്നെ അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ ക്ലാഡിയോ ബ്രാവോയുടെ സേവ് ബെറ്റിസിന്റെ രക്ഷയ്‌ക്കെത്തി.
ഒന്നിനു പിറകേ ഒന്നായി മാഞ്ചസ്റ്റർ ആക്രമണം തുടരുന്നതിനിടെ 32-ാം മിനിറ്റിൽ ബെറ്റിസ് സമനില പിടിച്ചു. ബോക്‌സിന്റെ വലതുഭാഗത്ത് വിങ്ങർ യുവാന്മിയുടെ ക്രോസ് നെഞ്ചിൽ സ്വീകരിച്ച അയോസെ പെരെസ് കീപ്പർ ഡേവിഡ് ഡെ ഹെയയ്ക്ക് ഒരവസരവും നൽകാതെ പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നൽക്കെ പെരസിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചു.
രണ്ടാം പകുതിയിൽ ഡീഗോ ഡാലോട്ടിന്റെ സ്ഥാനത്ത് ആരോൺ വാൻ-ബിസാക്കയെ വിന്യസിച്ചാണ് ടെൻ ഹാഗ് ടീമിനെ ഇറക്കിയത്. 52-ാം മിനിറ്റിൽ മാഞ്ചസ്റ്റർ ലീഡെടുത്തു. വിങ്ങിൽ അധ്വാനിച്ചു കളിച്ച ആന്റണി ബോക്‌സിന്റെ ഇടതുമൂലയിൽ നിന്ന് തൊടുത്ത മഴവിൽകിക്ക് ഗോളിക്ക് ഒരവസരവും നൽകാതെ ഗോൾവലയിളക്കി. അമ്പത്തിയെട്ടാം മിനിറ്റിൽ വീണ്ടും ഗോൾ. ലൂക് ഷോയെടുത്ത കിക്ക് ബോക്‌സിന്റെ ഇടതുവശത്ത് നിന്ന് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസാണ് വലയിലേക്ക് ചെത്തിയിട്ടത്. 63-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുമ്പിൽ നിൽക്കെ ആന്റണിയുടെ ചിപ്പിങ് ശ്രമം നിർഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്. പകരക്കാരനായി വന്ന വെഗോസ്റ്റ് 82-ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്ററിന്റെ ഗോൾ പട്ടിക പൂർത്തിയായി.
ബ്രൂണോ ഫെർണാണ്ടസാണ് കളിയിലെ താരം. വിജയത്തോടെ യുണൈറ്റഡ് ക്വാർട്ടർ ഫൈനൽ ഏതാണ്ട് ഉറപ്പിച്ചു. രണ്ടാം പാദ മത്സരത്തിൽ ചുരുങ്ങിയത് നാലു ഗോളിനെങ്കിലും ജയിച്ചാൽ മാത്രമേ ബെറ്റിസിന് ക്വാർട്ടറിലേക്ക് കടക്കാനാകൂ. മാർച്ച് 16ന് ബെറ്റിസിന്റെ ഹോം ഗ്രൗണ്ടിലാണ് രണ്ടാം പാദം.