എഫ് എ കപ്പിൽ മാഞ്ചസ്റ്റർ ഡർബി; കൊവെൻട്രിയെ ഷൂട്ടൗട്ടിൽ മറികടന്ന് യുണൈറ്റഡ് കലാശകളിക്ക്
മത്സരത്തിലുടനീളം പ്രീമിയർ ലീഗ് വമ്പൻമാരെ വിറപ്പിച്ചാണ് കൊവെൻട്രി കീഴടങ്ങിയത്.
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പിൽ വീണ്ടുമൊരു മാഞ്ചസ്റ്റർ യുണൈറ്റഡ്-സിറ്റി ഫൈനൽ പോരാട്ടം. വെംബ്ലി സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ കൊവെൻട്രിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് (4-2) ചുവന്ന ചെകുത്താൻമാർ കലാശകളിക്ക് യോഗ്യത നേടിയത്. മുഴുവൻ സമയവും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും (3-3) സമനില പാലിക്കുകയായിരുന്നു. യുണൈറ്റഡിനായി മക്ടോമിനി(23), ഹാരി മഗ്വയർ(45+1), ബ്രൂണോ ഫെർണാണ്ടസ്(58) എന്നിവർ ഗോൾനേടി. എലീസ് സിംസ്(71), കല്ലും ഒഹേർ(79), ഹജി റൈറ്റ്(90+5) എന്നിവർ കൊവെൻട്രിക്കായി വലകുലുക്കി. ഷൂട്ടൗട്ടിൽ യുണൈറ്റഡിനായി നിർണായക സേവ് നടത്തി ആന്ദ്രെ ഒനാന രക്ഷകനായി. മെയ് 25ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ
ഷൂട്ടൗട്ടിൽ യുണൈറ്റഡിനായി കിക്കെടുത്ത ഡീയോ ഡാലോട്ട്, ക്രിസ്റ്റിയൻ എറിക്‌സൺ, ബ്രൂണോ ഫെർണാണ്ടസ്, റാസ്മസ് ഹോയ്‌ലണ്ട് എന്നിവർ ലക്ഷ്യത്തിലെത്തിച്ചപ്പോൾ കസമിറോയുടെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞു. മറുവശത്ത് ഹാജ്‌റൈറ്റ്, വിക്ടർ ട്രോപ്പ് എന്നിവരെടുത്ത കിക്ക് ഒനാനെയെ മറികടന്ന് ലക്ഷ്യത്തിലെത്തിച്ചെങ്കിലും കല്ലും ഒഹേറിന്റെ ഷോട്ട് യുണൈറ്റഡ് ഗോളി തട്ടിയകറ്റി. ബെൻഷെഫെടുത്ത കിക്ക് പോസ്റ്റിന് ഏറെ മുകളിലൂടെ ഗ്യാലറിയിലേക്ക് പറന്നു.
മത്സരത്തിലുടനീളം പ്രീമിയർ ലീഗ് വമ്പൻമാരെ വിറപ്പിച്ചാണ് കൊവെൻട്രി കീഴടങ്ങിയത്. മൂന്ന് ഗോൾ ലീഡ് നേടിയ യുണൈറ്റഡിനെതിരെ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് രണ്ടാംഡിവിഷൻ ക്ലബായ കൊവെൻട്രി തിരിച്ചുവന്നു. എക്‌സ്‌ട്രൈ ടൈമിലും പ്രതിരോധത്തിലൂന്നി കളിക്കാതെ യുണൈറ്റഡ് ബോക്‌സിലേക്ക് ഇരമ്പിയെത്തി ആന്ദ്രെ ഒനാനെയെ നിരന്തരം പരീക്ഷിച്ചു. എക്‌സ്‌ട്രൈ ടൈമിൽ യുണൈറ്റഡിന്റെയും കൊവെൻട്രിയുടേയും ഗോൾ ശ്രമം ബാറിൽതട്ടി പുറത്ത് പോയി.
അധികസമയത്തിന്റെ അവസാന മിനിറ്റിൽ യുണൈറ്റഡ് വലയിലേക്ക് കൊവെൻട്രി പന്തെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് വിധിച്ചു. 70 മിനിറ്റ് വരെ റെഡ് ഡെവിൾസ് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. എന്നാൽ അവസാന അരമണിക്കൂറിൽ കൊവെൻട്രി വിശ്വരൂപം കാണിച്ചു. 90+5 മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് സമനില പിടിച്ചത്. പ്രധാന പ്രതിരോധ താരങ്ങൾക്ക് പരിക്കേറ്റതിനാൽ നിർണായക മാച്ചിൽ ഹാരി മഗ്വയറിനൊപ്പം ബ്രസീലിയൻ കസമിറോയെയാണ് എറിക്ടെൻ ഹാഗ് പ്രതിരോധത്തിൽ കളിപ്പിച്ചത്.