ഈ സീസൺ മുഴുവൻ അർജൻ്റീന താരത്തിന് നഷ്ടം; യുണൈറ്റിൻ്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിൽ?

പ്രീമിയർ ലീഗിൽ 29- മൽസരങ്ങളിൽ നിന്നായി 56 പോയിൻ്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ നാലാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള ഓരോ മത്സരവും ടീമിന് നിർണ്ണായകമാണ്

Update: 2023-04-15 09:01 GMT
Advertising

മാഞ്ചസ്റ്റർ: യൂറോപ്പ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനെസിന് ഈ സീസൺ മുഴുവൻ നഷ്ടമാകുമെന്ന് റിപ്പോർട്ട്. ടീം തന്നെയാണ് ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടിരിക്കുന്നത്. താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ രണ്ടു മൂന്നു മാസമെങ്കിലും എടുത്തേക്കുമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ സെവില്ലയെ നേരിടുമ്പോഴാണ് താരത്തിന് അപ്രതീക്ഷിതമായി പരിക്കേറ്റത്. എൺപത്തിയേഴാം മിനുട്ടിൽ പന്തുമായി മുന്നേറുന്നതിനിടയിൽ പെട്ടെന്ന് താരം ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

മാർട്ടിനെസിന് പരിക്ക് പറ്റിയ ഉടൻ തന്നെ അർജൻ്റീനിയൻ ടീമിലെ സഹതാരങ്ങളായ അക്യുന, മൊണ്ടിയേൽ, ലൂക്കസ് ഒകാമ്പോസ് എന്നിവർ താരത്തിൻ്റെ അടുത്തേക്ക് ഓടിച്ചെന്ന് ആശ്വസിപ്പിച്ചു. നടക്കാൻ കഴിയാതിരുന്ന ദേശീയ ടീമിലെ സഹതാരത്തെ മാർക്കസ് അക്യുനയും ഗോൺസാലോ മൊണ്ടിയേലും തോളിലേറ്റി മൈതാനത്തിൻ്റെ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ ഒകാമ്പോസും മാർട്ടിനെസിനെ ആശ്വസിപ്പിച്ച് കൂടെയുണ്ടായിരുന്നു.

മാർട്ടിനെസിൻ്റെ പരിക്കിനു പുറമെ മറ്റൊരു സെൻ്റർ ബാക്കായ റാഫേൽ വരാനെയുടെ മോശം ഫിറ്റ്നെസും വരും മത്സരങ്ങളിൽ യുണൈറ്റഡിന് തിരിച്ചടിയാകും. അടുത്ത വെള്ളിയഴ്ച്ച സെവില്ലയുടെ ഹോം ഗ്രൗണ്ടിൽ യുണൈറ്റഡിന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരം കളിക്കേണ്ടതുണ്ട്. പ്രീമിയർ ലീഗിൽ 29- മൽസരങ്ങളിൽ നിന്നായി 56 പോയിൻ്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ നാലാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള ഓരോ മത്സരവും ടീമിന് നിർണ്ണായകമാണ്.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News