ക്രിസ്റ്റ്യാനോ വാർത്ത അറിയാൻ ആളുകൾ ഇടിച്ചുകയറി; നിശ്ചലമായി യുണൈറ്റഡ് വെബ്‌സൈറ്റ്

വാർത്ത സംബന്ധിച്ച സ്ഥിരീകരണത്തിനായാണ് ആളുകൾ കൂട്ടത്തോടെ വെബ്‌സൈറ്റിനെ ആശ്രയിച്ചത്

Update: 2021-08-28 05:57 GMT
Editor : abs | By : Sports Desk
Advertising

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ മടങ്ങിവരവിൽ പണി കിട്ടിയത് ക്ലബ് വെബ്‌സൈറ്റിന്. വാർത്തയറിയാനായി ആളുകൾ ഇടിച്ചു കയറിയതോടെ സൈറ്റ് നിശ്ചലമായി. എന്നാൽ വൈകാതെ സൈറ്റിലെ പ്രശ്‌നം പരിഹരിച്ചു.

ക്രിസ്റ്റ്യാനോ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറും എന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ ഒരു രാത്രിക്കിടെ കാര്യങ്ങൾ നാടകീയമായി മാറിമറിയുകയായിരുന്നു. വാർത്ത സംബന്ധിച്ച സ്ഥിരീകരണത്തിനായാണ് ആളുകൾ കൂട്ടത്തോടെ വെബ്‌സൈറ്റിനെ ആശ്രയിച്ചത്. ട്രാഫിക് വര്‍ധിച്ചതോടെ സൈറ്റ് ക്രാഷ് ആയി എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച വ്യക്തിപരമായ ആവശ്യങ്ങളും യുവന്റസിൽ നിന്നുള്ള ട്രാൻസ്ഫർ തുകയും സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നായിരുന്നു ക്ലബ്ബിന്റെ പിന്മാറ്റം. 

ഫെർഗൂസന്റെ ശിഷ്യൻ

ലിസ്ബണിൽ നിന്നും ഓൾഡ് ട്രാഫോഡിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നുകാണുന്ന ലോകഫുട്‌ബോളിലെ സൂപ്പർ താരമാക്കി വളർത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ഇതിഹാസ പരിശീലകനായ അലക്‌സ് ഫെർഗൂസണും ചേർന്നാണ്. 

18 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അലക്‌സ് ഫെർഗൂസൺ ശ്രദ്ധിക്കുന്നത് 2003 ആഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌പോർട്ടിങ് ലിസ്ബണോട് 3-1 ന് തോറ്റ മത്സരത്തിലാണ്. 5 ദിവസത്തിനകം അയാളെ തന്റെ പാളയത്തിലെത്തിക്കുന്നതിൽ ഫെർഗൂസൺ വിജയിച്ചു. അലക്‌സ് ഫെർഗൂസനും റോണോയും തമ്മിലുളള ബന്ധം എന്നത് മഹാനായ ഒരു കളിക്കാരനെ വാർത്തെടുത്ത കോച്ചും ശിഷ്യനുമായുളള ബന്ധത്തിന്റെ കഥയാണ്. റോണോ ചുവന്ന ചെകുത്താൻമാർക്കായി അരങ്ങേറ്റം നടത്തിയത് 16 ആഗസ്റ്റ് 2003 ൽ ബോൾട്ടണെതിരെ 4-0 ത്തിന് യുണൈറ്റഡ് ജയിച്ച മത്സരത്തിലായിരുന്നു. നിക്കി ബട്ടിന് പകരം റോണോ ഇറങ്ങുമ്പോൾ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു. 'ഞാൻ കണ്ട എക്കാലത്തെയും മികച്ച അരങ്ങേറ്റം' എന്നാണ് ഇതിഹാസതാരം ബെസ്റ്റ് അന്ന് കുറിച്ചത്. 


ആദ്യ സീസണിൽ എഫ് എ കപ്പ് ഫൈനലിലടക്കം 45 കളികളിൽ 6 ഗോളുകൾ, അടുത്ത സീസണിൽ 50 കളികളിൽ 9, തൊട്ടടുത്ത സീസണിൽ 47 ൽ 12, അടുത്ത സീസണിൽ 53 ൽ 23. 2007-08 സീസണിൽ 48 കളിയിൽ 42 ഗോൾ നേടി...ചാമ്പ്യൻസ് ലീഗും, പ്രീമിയർ ലീഗും മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ആ വർഷം അയാൾ ബാലൺ ഡി ഓറും സ്വന്തമാക്കി. അവസാന സീസണിൽ 53 കളിയിൽ 26 ഗോളും... ഓരോ സീസണിലും അയാൾ കൂടുതൽ കൂടുതൽ അപകടകാരിയായി മാറി...വിങറായെത്തിയ റോണോ മാഞ്ചസ്റ്ററിൽ ഒരു മികച്ച ഫോർവേഡായി വളരുകയായിരുന്നു.


Tags:    

Writer - abs

contributor

Editor - abs

contributor

By - Sports Desk

contributor

Similar News