മോശം പ്രകടനം: റോബർട്ടോ മാൻസീനിയെ സൗദി നീക്കി
റിയാദ്: സൗദി അറേബ്യ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും റോബർട്ടോ മാൻസീനിയെ മാറ്റി. സൗദിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഉഭയകക്ഷി സമ്മതപ്രകാരം മാൻസീനിയെ മാറ്റിയത്.
59കാരനായ ഇറ്റാലിയൻ പരിശീലകൻ 2023 ഓഗസ്റ്റിലാണ് സൗദി പരിശീലകനായെത്തിയത്. ഇറ്റലി ടീമിനൊപ്പമുള്ള കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് മാൻസീനി സൗദിക്കൊപ്പം ചേർന്നത്. എന്നാൽ തുടർന്നുള്ള 18 മത്സരങ്ങളിൽ ഏഴെണ്ണം മാത്രമാണ് സൗദിക്ക് വിജയിക്കാനായത്.
നവംബർ 14ന് ആസ്ട്രേലിയക്കെതിരെ നടക്കുന്ന നിർണായക ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായാണ് സൗദിയുടെ തീരുമാനം. മാൻസീനിക്ക് കീഴിൽ ഏഷ്യൻ കപ്പിനിറങ്ങിയ സൗദി പ്രീക്വാർട്ടറിൽ ദക്ഷിണക്കൊറിയയോട് തോറ്റ് പുറത്തായിരുന്നു.
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് സിയിൽ നാലുമത്സരങ്ങളിൽ നിന്നും അഞ്ച് പോയന്റാണ് സൗദിക്കുള്ളത്.10 പോയന്റുമായി ജപ്പാൻ ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോൾ അഞ്ച് പോയന്റുള്ള ആസ്ട്രേലിയയാണ് രണ്ടാമത്. ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും എന്നതിനാൽ തന്നെ ആസ്ട്രേലിയയുമായുള്ള മത്സരം സൗദിക്ക് നിർണായകമാണ്.
മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ അടക്കമുള്ള മുൻനിര ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള മാൻസീനി 2021ൽ ഇറ്റലിയെ യൂറോ ചാമ്പ്യൻമാരാക്കിയിരുന്നു.