23,180 പേർ! സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ രണ്ടാം മത്സരത്തിലും മഞ്ചേരി പതിവ് തെറ്റിച്ചില്ല
പ്രത്യേകമായി ഗേറ്റുകൾ ക്രമീകരിച്ചതിനാൽ ഇവരുടെ ഗ്യാലറിയിലേക്ക് ഉള്ള പ്രവേശനം എളുപ്പമായിരുന്നു.
മലപ്പുറം: സന്തോഷ് ട്രോഫിയിലെ കേരള-വെസ്റ്റ് ബംഗാൾ മത്സരം കാണാന്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് എത്തിയത് ഇരുപത്തി മൂവായിരത്തിലധികം പേർ. പ്രത്യേകമായി ഗേറ്റുകൾ ക്രമീകരിച്ചതിനാൽ ഇവരുടെ ഗ്യാലറിയിലേക്ക് ഉള്ള പ്രവേശനം എളുപ്പമായിരുന്നു. വൈകിട്ട് അഞ്ചരയോടെ കൂടി തന്നെ പലരും സ്റ്റേഡിയത്തിലെത്തി.
23,180 പേർ. മലപ്പുറം പതിവ് തെറ്റിച്ചില്ല. ഗ്രൂപ്പിലെ വമ്പൻ പോരിനിറങ്ങിയ കേരളത്തിനൊപ്പം പന്ത്രണ്ടാമനായി ഗ്യാലറിയും നിറഞ്ഞു. എട്ടു മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് വൈകിട്ട് അഞ്ചര മുതൽ തന്നെ ആളുകൾ കൂട്ടം കൂട്ടമായി എത്തി. ഓരോ വിഭാഗത്തിലും ടിക്കറ്റ് എടുത്തവർക്ക് പ്രത്യേകം പ്രവേശനകവാടം ഉണ്ടായതിനാൽ കാണികൾക്കും പരാതിയില്ല. പതിവുപോലെ മഞ്ഞപ്പടയും കേരളത്തെ പിന്തുണയ്ക്കാൻ എത്തി.
ആദ്യപകുതിയിൽ കാണികൾക്ക് ആവേശം പകരാൻ അധികം ഒന്നും ഉണ്ടായില്ല. എങ്കിലും ഓരോ കേരള താരങ്ങളുടെ മികച്ച പ്രകടനത്തെയും അവർ പിന്തുണച്ചു. സമനിലയിലേക്ക് പോകുമെന്ന് തോന്നിയ മത്സരത്തിൽ ആദ്യ ഗോൾ വീണതോടെ ആവേശം അണപൊട്ടി. വിജയമുറപ്പിച്ച ആഹ്ലാദത്തിനിടെ മലപ്പുറം കാരനായ യുവതാരം ജെസിൻ കൂടി ഗോൾ നേടിയതോടെ ആരാധകരുടെ ആവേശം ടോപ്പ് ഗിയർ എത്തി. മേഘാലയക്കെതിരായ നാളത്തെ മത്സരത്തിലും ഗ്യാലറി നിറയുമെന്ന് ഉറപ്പാണ്.
അതേസമയം വെസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം രണ്ടാം ജയം ആഘോഷിച്ചത്. ജയത്തോടെ കേരളം സെമിഫൈനൽ യോഗ്യതയ്ക്ക് അരികിലെത്തി. ആദ്യ പകുതിൽ ആധിപത്യം ബംഗാളി നായിരുന്നു. ഒറ്റ സ്ട്രൈക്കറുമായിട്ടാണ് ആണ് കേരളം ആദ്യ പകുതിയിൽ കളിച്ചത്. മധ്യനിരയിൽ കളി മെനയുന്ന നായകൻ ജിജോ ജോസഫിനെ പൂട്ടിയതോടെ കേരളത്തിന്റെ മുന്നേറ്റങ്ങളെ തടയാൻ ബംഗാളിനായി. എങ്കിലും ആദ്യപകുതിയിൽ ഗോൾ വഴങ്ങാതെ കേരളം പിടിച്ചുനിന്നു. രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ വിജയഗോളുകള്‍.