'ഒട്ടും സാധ്യതയില്ല'; ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ചേരില്ലെന്ന് റിപ്പോർട്ട്
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ലോകകപ്പിന്റെ തൊട്ടുമുമ്പ് റദ്ദാക്കിയ താരം കഴിഞ്ഞ ദിവസം മുൻ ക്ലബായ റയലിന്റെ പരിശീലന കേന്ദ്രത്തിലെത്തിയിരുന്നു
മാഡ്രിഡ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ചേരില്ലെന്ന് റിപ്പോർട്ട്. പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ഖത്തർ ലോകകപ്പിന്റെ തൊട്ടുമുമ്പ് റദ്ദാക്കിയ താരം കഴിഞ്ഞ ദിവസം മുൻ ക്ലബായ റയലിന്റെ പരിശീലന കേന്ദ്രത്തിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ സ്പാനിഷ് കായിക മാധ്യമമാണ് താരം ക്ലബിൽ ചേരില്ലെന്ന കാര്യം വ്യക്തമാക്കിയത്. 2009 മുതൽ 2017-18 സീസൺ വരെ റൊണാൾഡോ സ്പാനിഷ് ക്ലബിനായി കളിച്ചിരുന്നു. ഇനി വീണ്ടും കളിക്കാൻ സാധ്യതയില്ലെന്നാണ് 'മാർക്ക' മാധ്യമ പ്രവർത്തകൻ ജോസ് ഫെലിക്‌സ് ഡയസ് പറയുന്നത്. 'താരത്തിന് ഒരു ഓഫറും ടീം നൽകിയിട്ടില്ല. സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയായിരുന്നു' അദ്ദേഹം വ്യക്തമാക്കി.
റയലിന്റെ വാൽഡെബെബാസ് ഗ്രൗണ്ടിൽ റൊണാൾഡോയ്ക്ക് പരിശീലനത്തിന് അനുമതി ലഭിച്ചതായി ESPN-ന്റെ അലക്‌സ് കിർക്ക്ലാൻഡും റോഡ്രിഗോ ഫെയ്സും, സ്‌കൈ സ്പോർട്സ് ന്യൂസും മറ്റ് ഔട്ട്ലെറ്റുകളും ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമണായി വേർപിരിഞ്ഞ ശേഷം 37 കാരനായ റൊണാൾഡോ ഒരു ടീമിലും ചേർന്നിട്ടില്ല. അതിനാൽ ബുധനാഴ്ചത്തെ പരിശീലനം റയലിൽ വീണ്ടും ചേരാനുള്ള സൂചനയാണെന്ന് ചിലർ വിശ്വസിച്ചിരുന്നു.
റൊണാൾഡോ ഇപ്പോഴും റയലിന്റെ എക്കാലത്തെയും മുൻനിര ഗോൾ സ്‌കോററാണ്. കൂടാതെ തന്റെ നീണ്ട കാലയളവിൽ ക്ലബ്ബിനെ നാല് യുവേഫ ചാമ്പ്യൻസ് ലീഗും രണ്ട് ലാ ലിഗ കിരീടങ്ങളും നേടാൻ സഹായിച്ചിട്ടുമുണ്ട് താരം. കഴിഞ്ഞ ട്രാൻസ്ഫറിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയെ റയലിലേക്ക് തിരികെ കൊണ്ടുവരാൻ മാനേജർ കാർലോ ആൻസലോട്ടിക്ക് അവസരം ലഭിച്ചിരുന്നു, എന്നാൽ ആൻസലോട്ടി ഭാവി താരങ്ങളെ ലക്ഷ്യമിട്ടതിനാൽ ശ്രമങ്ങളൊന്നും നടന്നില്ല.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ടീമുകൾ റൊണാൾഡോയെ സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, സൗദി അറേബ്യയിലെ അൽ-നാസർ എഫ്സി അദ്ദേഹത്തിന് ഒരു സീസണിൽ 200 മില്യൺ ഡോളറിലധികം സമ്പാദിക്കാൻ കഴിയുന്ന കരാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഒരു ക്ലബ്ബുമായും ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല, സൗദി അറേബ്യയിൽ നിന്നുള്ള നിരവധി ടീമുകൾ അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ റൊണാൾഡോയെ രാജ്യത്തെത്തിച്ച് അവിടെയുള്ള ഫുട്‌ബോളിന്റെ അംബാസഡറാക്കാനാണ് നീക്കമെന്ന് സ്‌കൈ സ്‌പോർട്‌സ് ന്യൂസടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതോടെ ക്രിസ്റ്റ്യാനോ ജന്മനാട്ടിൽ തിരികെയെത്തിയിരുന്നു. തുടർന്ന് സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിലെത്തുകയായിരുന്നു താരം. തുടർച്ചയായി മത്സരങ്ങളിൽ പരിഗണിക്കാതെ വന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചിനെതിരെ കടുത്ത വിമർശനവുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലമാണ് താരവുമായുള്ള കരാർ റദ്ദാക്കുന്നതിലേക്ക് ടീം മാനേജ്മെന്റിനെ നയിച്ചത്. കരാർ റദ്ദാക്കിയെങ്കിലും കരാർ വ്യവസ്ഥ അനുസരിച്ച് താരത്തിന് 17 മില്യൺ പൗണ്ട് നൽകാൻ ക്ലബിന് ബാധ്യതയുണ്ടായിരുന്നു. എന്നാൽ, ഈ തുക തനിക്ക് വേണ്ടെന്ന് ക്ലബിനെ താരം അറിയിച്ചു.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പരിശീലകൻ ടെൻഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പിന്നാലെ യുണൈറ്റഡും താരത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
Marca reports that superstar Cristiano Ronaldo will not join Real Madrid