ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ടീം ഗോൾ
സ്വന്തം ഹാഫിൽ ഇടതുഭാഗത്തു നിന്ന് തുടങ്ങി, മധ്യഭാഗം വഴി വലത്തേക്കെത്തി ബ്രീൽ എംബോളോയ്ക്ക് അനായാസം ഗോളടിക്കാൻ പാകത്തിൽ ബോക്‌സിലേക്കു വന്ന ആ പന്തിന്റെ ഗമനം സ്വിറ്റ്‌സർലാന്റ് കളിക്കുന്ന ഫുട്‌ബോളിന്റെ നേർ വിവർത്തനമായിരുന്നു.
അങ്ങനെ ഗ്രാനിത് ഷാക്കയുടെ സ്വിറ്റ്‌സർലാന്റ് വിജയത്തോടെ തുടങ്ങി; സ്‌കോർലൈൻ പറയുന്ന ഒന്നേ പൂജ്യത്തിനുമപ്പുറം ആധികാരികതയോടെ. കുറഞ്ഞ നീക്കങ്ങൾ കൊണ്ട് പന്ത് ഫൈനൽ തേഡിലെത്തിക്കുകയും ഓടിക്കയറി ആക്രമിക്കുകയും ചെയ്ത ആഫ്രിക്കൻ വീര്യത്തെ ടാക്ടിക്കൽ ഗെയിം കൊണ്ട് തളക്കുകയും മനോഹരമായൊരു നീക്കത്തിൽ ഗോളടിക്കുകയും ചെയ്ത സ്വിറ്റ്‌സർലന്റ് അർഹിച്ച ജയം. യൂറോപ്പിലേക്കു കുടിയേറിയ ആഫ്രിക്കൻ മനുഷ്യരുടെ ധർമസങ്കടം പ്രതിഫലിപ്പിച്ച ബ്രീൽ എംബോളോയുടെ ഗോൾപ്രതികരണത്തിന്റെ ചിത്രം ഒരു ബിംബമായി മനസ്സിൽ പതിഞ്ഞുനിൽക്കുന്നു.
തമ്മിൽ ഭേദം കാമറൂണെന്ന് തോന്നിച്ച ആദ്യപകുതി അവസാനിക്കുമ്പോഴും ഈ കളി സ്വിറ്റ്‌സർലാന്റ് ജയിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല; കാരണം, തമ്മിൽ മികച്ച കളിക്കാർ എന്നതിനൊപ്പം കൂടുതൽ ഇന്റന്റും സ്വിസുകാർക്കായിരുന്നു. 30-ാം മിനുട്ടിൽ ഗോൾകീപ്പർ യാൻ സോമറുടെ കൈകളിൽ നിന്നു തുളുമ്പിയ പന്ത് ക്ലിയർ ചെയ്യാൻ സിൽവൻ വിദ്മർ കൃത്യമായ പൊസിഷനിൽ ഉണ്ടായിരുന്നു എന്നതിൽ നിന്നുതന്നെ അവരുടെ ഡിസിപ്ലിൻ വ്യക്തമായിരുന്നു. സെറ്റ്പീസുകളിൽ എൽവേദിയും അക്കാഞ്ചിയും തൊടുത്ത ഹെഡ്ഡറുകൾ ഗോളാകാതെ പോയത് കാമറൂണുകാരുടെ ഭാഗ്യം.
സ്വന്തം ഹാഫിൽ ഇടതുഭാഗത്തു നിന്ന് തുടങ്ങി, മധ്യഭാഗം വഴി വലത്തേക്കെത്തി ബ്രീൽ എംബോളോയ്ക്ക് അനായാസം ഗോളടിക്കാൻ പാകത്തിൽ ബോക്‌സിലേക്കു വന്ന ആ പന്തിന്റെ ഗമനം സ്വിറ്റ്‌സർലാന്റ് കളിക്കുന്ന ഫുട്‌ബോളിന്റെ നേർ വിവർത്തനമാണ്.
രണ്ടാം പകുതി തുടങ്ങി കളി സെറ്റിലാവും മുമ്പുതന്നെ, മധ്യവരയോളം കടന്ന് ലെഫ്റ്റ് വിങ്ബാക്ക് റിക്കാർഡോ റോഡ്രിഗസ് നീട്ടിയ പന്ത് സമർത്ഥമായ ഒറ്റ ടച്ചിലാണ് വിങ്ങർ വർഗാസ് ഷാക്കയ്ക്ക് കൊടുക്കുന്നത്. പന്ത് കൊടുത്ത് ഓടിക്കയറി വർഗാസ് ഒരു ഡിഫന്ററെ കൂടെ കൂട്ടുമ്പോൾ ഷാക്കയ്ക്ക് പന്ത് നിയന്ത്രിക്കാനും കളി സ്‌കാൻ ചെയ്യാനുമുള്ള സ്പേസും സമയവും ലഭിക്കുന്നു.
തൊട്ടടുത്തുണ്ടായിരുന്ന ജിബ്രിൽ സോയ്ക്കു പകരം ഷാക്ക പന്ത് കൊടുക്കുന്നത് അയാളേക്കാൾ അഡ്വാൻസ്ഡായി, ഫ്രീയായി നിൽക്കുന്ന ഫ്രോയ്‌ലർക്കാണ്. റഫറിക്കും ഒരു കാമറൂൺ താരത്തിനുമിടയിലെ ഇടനാഴിയിലൂടെയാണ് അളന്നുതൂക്കിയുള്ള ആ പാസ് പോകുന്നത്. പാസിനു കാത്തുനിൽക്കുമ്പോൾ ഇടത്തേയ്ക്കും സ്വീകരിച്ചു കഴിഞ്ഞപ്പോൾ വലത്തേയ്ക്കും അഭിമുഖമായി മാറിയ ഫ്രോയ്‌ലറുടെ ടേൺ കാമറൂൺ ഡിഫൻസിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. കളിയുടെ ഗതി മാറിമറിയുന്നു.
ഫ്രോയ്‌ലറിൽ നിന്ന് ക്ഷണവേഗത്തിൽ പന്ത് ചെല്ലുന്നത് വലതുഭാഗം വഴി ഓടിക്കയറുന്ന ഷാഖിരിയ്ക്ക്. ഒറ്റ ടച്ചിൽ തന്നെ പന്തിനെ സിക്‌സ് യാർഡ് ബോക്‌സിലേക്ക് തള്ളിയ ഷഖീരിയുടെ സാമർത്ഥ്യത്തിൽ അതുവരെ ഇളകാതെ നിന്ന ഫുൾബാക്ക് കരുത്തനായ എൻകൂലു അസ്തപ്രജ്ഞനായിപ്പോയി. ആ പാസ് വന്ന വഴിയുടെ ഞെട്ടലിൽ ഒന്നനങ്ങാൻ പോലുമാകാതെ കല്ലുപോലെ നിന്ന എൻകൂലുവും പിന്നോട്ടോടിയ രണ്ടു കളിക്കാരും സൃഷ്ടിച്ച ത്രികോണത്തിനകത്തുവെച്ച് എംബോളോ സർവസ്വതന്ത്രനായാണ് പന്തിനെ ഗോളിലേക്കയച്ചത്. സ്വന്തം ഹാഫിൽ നിന്ന് നീക്കം തുടങ്ങിവച്ച റിക്കാർഡോ റോഡ്രിഗസ് മുതൽ പന്തിന്റെ ഗമനത്തിനു സമാന്തരമായി സ്‌പേസുണ്ടാക്കി ഓടിക്കയറിയ എംബോളോ വരെ അവകാശികളായ അത്യുഗ്രൻ ഗോൾ. ഈ ടൂർണമെന്റിൽ ഇത്ര പെർഫക്ടായ ഒരു ടീം ഗോൾ ഞാൻ കണ്ടിട്ടില്ല.
വലതുവിങ്ങിൽ അസ്ത്രം പോലെ പാഞ്ഞ് ഷഖീരി ബോക്‌സിലേക്കു നൽകിയ മറ്റൊരു ക്രോസ് എല്ലാ സ്വാതന്ത്ര്യവുമുണ്ടായിട്ടും വർഗാസിനു ഗോളിലെത്തിക്കാൻ കഴിഞ്ഞില്ലെന്നതും ഇഞ്ച്വറി ടൈമിൽ ഹാരിസ് സഫറവോച്ചിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളാകാതെ പോയതും സ്വിസുകാരുടെ വിജയമാർജിൻ കുറച്ചെന്നേയുള്ളൂ.