ആരാധകർക്ക് നേരെ ച്യൂയിംഗമേറ്; മതേവോയുടെ കുസൃതികൾ അവസാനിക്കുന്നില്ല
ആസ്ത്രേലിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷമാണ് ഗാലറിയില്‍ രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്
ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ ആസ്‌ത്രേലിയക്കെതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആവേശത്തിലാണ് അർജന്റീന ആരാധകർ. അഹ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയും യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്റീനക്കായി വലകുലുക്കിയത്. മത്സര ശേഷം ഗാലറിയിൽ വലിയ ആവേശത്തിലായിരുന്നു അർജന്റീന ആരാധകർ. ആരാധകരുടെ ആഘോഷാരവങ്ങൾക്കിടെ നടന്നൊരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
ഗാലറിയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാര്യ ആന്റൊണെല്ലയും മക്കളും കളിക്ക് ശേഷം ആഘോഷങ്ങളിലായിരുന്നു. മുമ്പിലെ സീറ്റുകളിൽ ഇരിക്കുന്ന ആരാധകർ മെസ്സിയുടെ കുടുംബത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു. അതിനിടെ മെസ്സിയുടെ മകൻ മതേവോ എഴുന്നേറ്റു നിന്നു. ച്യൂയിംഗം ചവച്ചു കൊണ്ടിരിക്കുകയായിരുന്ന മതേവോ വായിൽ നിന്ന് അതെടുത്ത ശേഷം ആരാധകരെ ലക്ഷ്യമാക്കി എറിഞ്ഞു. ഇത് കണ്ട് മകനെ ശാസിക്കുന്ന അമ്മ ആന്റണല്ലോയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. നേരത്തേയും ഇതു പോലെ മതേവോയുടെ നിരവധി കുസൃതികൾ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. ഏഴ് വയസ്സുകാരനായ മതേവോ മെസ്സിയുടെ രണ്ടാമത്തെ മകനാണ്.
ലോകകപ്പില്‍ നെതര്‍ലന്‍റ്സിനെതിരെയാണ് അര്‍ജന്‍റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ശനിയാഴ്ച ഇന്ത്യന്‍ സമയം 12: 30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.