മെസ്സിയില്ലാതെ ബാലൻദ്യോർ ചുരുക്കപ്പട്ടിക; 17 വർഷത്തിന് ശേഷം ആദ്യം
മെസ്സിയെ കൂടാതെ പിഎസ്ജിയിലെ ബ്രസീലിയൻ സഹതാരം നെയ്മറും ടീമിലില്ല.
പാരിസ്: പോയ വർഷത്തെ മികച്ച ഫുട്‌ബോൾ താരങ്ങൾക്കുള്ള ബാലൻദ്യോർ പുരസ്‌കാരപ്പട്ടികയിൽ ഇടം നേടാനാകാതെ സൂപ്പർ താരം ലയണൽ മെസ്സി. മുപ്പതംഗ പട്ടികയാണ് പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്‌ബോൾ പുറത്തുവിട്ടത്. 2005ന് ശേഷം ആദ്യമായാണ് പട്ടികയിൽ അർജന്റൈൻ നായകന്റെ പേരില്ലാതിരിക്കുന്നത്.
ഏഴ് ബാലൺദ്യോർ നേട്ടവുമായി ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ നേടിയ താരമെന്ന ഖ്യാതി മെസ്സിയുടെ പേരിലാണ്. കോവിഡ് മൂലം 2020-ലെ ബാലൺദ്യോർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. 2019-ൽ മെസ്സി തന്നെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലും മെസ്സി പുരസ്‌കാര ജേതാവായി.
മെസ്സിയെ കൂടാതെ പിഎസ്ജിയിലെ ബ്രസീലിയൻ സഹതാരം നെയ്മറും ടീമിലില്ല. അതേസമയം, അഞ്ചു തവണ ബാലൻദ്യോർ നേടിയ ക്രിസ്റ്റിയാനോ റൊണോൾഡോ, റോബർട്ടോ ലവൻഡോവ്‌സ്‌കി, കിലിയൻ എംബാപ്പെ, കരിം ബെൻസേമ, എർലിങ് ഹാലൻഡ് തുടങ്ങിയവർ ഇടം പിടിച്ചിട്ടുണ്ട്.
2020-21 സീസണിൽ ബാഴ്‌സലോണയിൽനിന്ന് പിഎസ്ജിയിലേക്ക് കൂടുമാറിയ മെസ്സിക്ക് ക്ലബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതാണ് ലിസ്റ്റിൽനിന്ന് പുറത്താകാൻ കാരണം. ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനോടു തോറ്റ് പി.എസ്.ജി പുറത്തായിരുന്നു.