കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് മെസി, പകർത്തിയത് ആരാധകർ; വീഡിയോ വൈറൽ
മേജർ സോക്കർ ലീഗിൽ ഇന്റർമയാമിയിലുളള അരങ്ങേറ്റം എന്ന് എന്ന ആകാംക്ഷയിലാണ് ആരാധകർ.
ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്‌ബോൾ ആരാധകർ ലയണൽ മെസിയെ വരവേൽക്കാനൊരുങ്ങുകയാണ്. മേജർ സോക്കർ ലീഗിൽ ഇന്റർമയാമിയിലുളള അരങ്ങേറ്റം എന്ന് എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ മെസി ഒരപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന വാർത്ത പുറത്തുവരുന്നു. അമേരിക്കയിൽ എത്തിയ മെസി, കാർ മാർഗം സഞ്ചരിക്കവെയാണ് അപകടത്തിന്റെ വക്കോളമെത്തിയത്.
ട്രാഫിക് സിഗ്നൽ തെറ്റിച്ച് മെസിയുടെ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. എന്നാൽ ഇടത് ഭാഗത്ത് നിന്നും വന്ന മറ്റൊരു കാർ അതിവേഗത്തിൽ പോകുകയായിരുന്നു. മെസി സഞ്ചരിച്ച കാറിൽ ഇടിക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മെസി വരുന്ന വഴിയിൽ ആരാധകർ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പൊലീസ് അകമ്പടിയിലാണ് മെസിയുടെ വരവ്. ആരാധകർ വീഡിയോ എടുക്കുന്നതിനാൽ കാറിന്റെ വേഗത പതുക്കെയാക്കിയതാണോ അതോ മുന്നിലെ ജംഗ്ഷൻ മുൻനിർത്തിയാണോ വേഗത കുറച്ചത് എന്ന് വ്യക്തമല്ല.
ഈ ആരാധകർ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. നേരത്തെ ഒരു സൂപ്പർമാർക്കറ്റിൽ മെസി സാധനങ്ങൾ വാങ്ങുന്നതായുള്ള വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ആരാധകർ സെൽഫിക്കായി തിക്കുംതിരക്കും കൂട്ടിയതോടെ മെസി സൂപ്പർമാർക്കറ്റിൽ നിന്ന് വേഗത്തില്‍ പോകാന്‍ നിർബന്ധിതനായി. വമ്പൻ ഡീലിലാണ് മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നും അമേരിക്കയിലേക്ക് എത്തുന്നത്. മെസിയുടെ പ്രതിഫലം സംബന്ധിച്ചുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. ശമ്പളത്തിന് പുറമെ പരസ്യവരുമാനവും ക്ലബ്ബിന്റെ ഓഹരി പങ്കാളിത്തവും ഉൾപ്പെടെ കരാറിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വർഷത്തേക്കാണ് അർജന്റീനിയൻ സൂപ്പർതാരത്തിന്റെ മയാമി പ്രവേശം. താരത്തിന്റെ മൂന്നാമത്തെ ക്ലബ്ബാണ് മയാമി. ഏറെക്കാലം ബാഴ്‌സയിലായിരുന്ന മെസി, ലാലീഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളെ തുടർന്നാണ് പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്. രണ്ട് വർഷത്തേക്കായിരുന്നു പിഎസ്ജി ഡീൽ. തുടർന്നാണ് മയാമിയിലെത്തുന്നത്.