കളിക്ക്​​ ശേഷം ആരെയും അധിക്ഷേപിക്കരുതെന്ന്​ മെസ്സി പറഞ്ഞു -റോഡ്രിഗോ ഡിപോൾ

Update: 2024-07-19 18:09 GMT
Editor : safvan rashid | By : Sports Desk
Advertising

ബ്വോനസ്​ ഐറിസ്​: കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരങ്ങളെ അധിക്ഷേപിച്ച് ചാന്റുകൾ മുഴക്കിയ അർജൻറീന താരങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക്​ മറുപടിയുമായി റോഡ്രിഗോ ഡിപോൾ. അധിക്ഷേപ പരാമർശങ്ങൾ ​ലയണൽ മെസ്സിയുടെ അറിവോടെയല്ല എന്നാണ് അർജൻറീന മധ്യനിര താരമായ​ ഡിപോളി​െൻറ വിശദീകരണം.

യൂട്യൂബ്​ ചാനലായ ഓൽഗയോട്​ ഡിപോളി​െൻറ പ്രതികരണമിങ്ങനെ:‘‘ഫൈനൽ കഴിഞ്ഞതിന്​ ശേഷം മെസ്സി ഞങ്ങളോട്​ പറഞ്ഞത്​ ആരെയും അധിക്ഷേപിക്കരുതെന്നാണ്​.  വിജയം ആഘോഷിക്കാനാണ്​ അദ്ദേഹം പറഞ്ഞത്​. പക്ഷേ അവരെപ്പോഴും വിജയികൾക്കെതിരെ എന്തെങ്കിലും പറയാൻ ശ്രമിക്കുന്നു. ഞങ്ങൾക്ക്​ സഹായം കിട്ടിയെന്നും ഞങ്ങൾ മറ്റുള്ളവരെ അധിക്ഷേപിക്കുന്നുവെന്നും പറയുന്നു. അതുമല്ലെങ്കിൽ ഞങ്ങൾ അത്ര നല്ല ടീമല്ല എന്നും തെക്കേ അമേരിക്ക യൂറോപ്പിനെപ്പോലെ വികസിതമല്ല എന്നും പറയുന്നു. അതിനെതിരെയൊന്നും ഒരു ചർച്ചയും കാണുന്നില്ല. ഞങ്ങളുടെ നേട്ടങ്ങളെ കുറച്ചുകാണാനാണ്​ പലരും ശ്രമിക്കുന്നത്​’’ -ഡിപോൾ പറഞ്ഞു.

‘‘എൻസോക്കെതിരെ പ്രതികരിച്ച സഹതാരങ്ങളിൽ പലർക്കും അദ്ദേഹത്തിനോട്​ നേരിട്ട്​ തന്നെ അത്​ പറയാമായിരുന്നു. അല്ലാതെ സമൂഹമാധ്യമങ്ങളിൽ പറയുകയല്ല വേണ്ടത്​. പലരും തീയിൽ എണ്ണയൊഴിക്കാനും വിഷയം കത്തിച്ചുനിർത്താനുമാണ്​ ശ്രമിച്ചത്​’’-ഡിപോൾ കൂട്ടിച്ചേർത്തു.

കോപ്പ അമേരിക്ക കിരീടനേട്ടത്തിന് ശേഷം അര്‍ജന്‍റൈന്‍ താരങ്ങള്‍ നടത്തിയ വിജയാഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫ്രഞ്ച് താരങ്ങളെ അപമാനിച്ച് കൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. എന്‍സോയും സഹതാരങ്ങളും ചേര്‍ന്ന് പാടിയ ചാന്‍റുകളിലെ വരികള്‍ ഇങ്ങനെ.

"കേൾക്കൂ, ലോകമെമ്പാടും പ്രചരിപ്പിക്കൂ.. അവരെല്ലാം അങ്കോളയിൽ നിന്നുള്ളവരാണ്. അവർ ട്രാൻസ്ജൻഡറുകൾക്ക് ഒപ്പം അന്തിയുറങ്ങും. അവരുടെ അമ്മമാര്‍ നൈജീരിയക്കാരാണ്. പിതാക്കന്മാര്‍ കാമറൂൺകാരും. പക്ഷേ പാസ്പോർട്ടിൽ പറയുന്നു അവർ ഫ്രഞ്ചുകാർ ആണെന്ന്".

വീഡിയോ ദൃശ്യങ്ങള്‍ വിവാദമായതോടെ എന്‍സോ ഫെര്‍ണാണ്ടസ് ക്ഷമാപണവുമായി രംഗത്തെത്തി. വിജയാഘോഷങ്ങൾക്കിടെ തങ്ങൾ പാടിയ ചാന്‍റ് ഏറെ പ്രകോപനപരമായിരുന്നു എന്നും അതിൽ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും എൻസോ പറഞ്ഞു. എൻസോയെ തള്ളി ചെൽസിയിലെ സഹതാരവും ഫ്രഞ്ച് താരവുമായ വെസ്ലി ഫൊഫാനയടക്കം രംഗത്തെത്തിയത് കൂടി​ ലക്ഷ്യമിട്ടാണ്​ ഡിപോളി​െൻറ പരാമർശം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News