'എന്നെ നോക്കി നിൽക്കാതെ പോയി പണി നോക്ക് സ്റ്റുപ്പിഡ്'; ഡച്ച് താരത്തിനെതിരെ മെസി

സബ്ബായിറങ്ങി രണ്ടുഗോളടിച്ച് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോയ വെഗ്ഹോസ്റ്റിനോടാണ് മെസി ക്ഷുഭിതനായത്

Update: 2022-12-10 14:37 GMT
Advertising

സംഭവ ബഹുലമായ നെതർലൻഡ്- അർജൻറീന മത്സരത്തിലെന്ന പോലെ ശേഷവും നടന്നത് അസാധാരണ നടപടികൾ. റഫറി അന്റോണിയോ മിഗ്വയ്ൽ മാതേവ് ലാഹോസ് നിറഞ്ഞാടിയ മത്സരത്തിന് ശേഷം ഡച്ച് താരത്തോട് സൂപ്പർ താരം മെസി നടത്തിയ പ്രതികരണം വൈറലായിരിക്കുകയാണ്. തന്നെ നോക്കി നിന്ന ഡച്ച് സ്‌ട്രൈക്കർ വൗട്ട് വെഗ്‌ഹോസ്റ്റിനോട് 'എന്നെ നോക്കി നിൽക്കാതെ പോയി പണി നോക്ക് സ്റ്റുപ്പിഡ്' എന്ന് ആക്രോശിക്കുകയായിരുന്നു താരം. വാർത്താസമ്മേളനത്തിനിടയിൽ സ്പാനിഷിൽ താരം നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. സബ്ബായിറങ്ങിയ വെഗ്‌ഹോസ്റ്റാണ് രണ്ടുഗോളടിച്ച് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോയത്. ക്ഷുഭിതനായ മെസിയോട് ശാന്താനാകാൻ അവതാരകൻ പറയുന്നുണ്ടായിരുന്നു.

ക്വാർട്ടർ ഫൈനലിൽ ഇരട്ടഗോൾ നേടിയ അർജൻറീന ആദ്യം മുന്നിട്ടുനിൽക്കുകയായിരുന്നു. ആദ്യ പകുതിയിൽ മൊളീനയും രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മെസ്സിയുമാണ് നീലപ്പടക്കായി ഗോൾ നേടിയത്. എന്നാൽ 78ാം മിനുട്ടിൽ സബ്ബായി ഇറങ്ങിയ സ്‌ട്രൈക്കർ വൗട്ട് വെഗ്‌ഹോസ്റ്റ് 83ാം മിനുട്ടിൽ ഓറഞ്ച് പടയ്ക്ക് ആദ്യ ഗോൾമധുരം നൽകി. രണ്ടാം വട്ടവും നെതർലൻഡ്‌സിനെ തുണച്ചത് അദ്ദേഹം തന്നെയായിരുന്നു. രണ്ടാം പകുതിയുടെ അധികസമയത്ത് കൂംപനേഴ്‌സിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.

73ാം മിനുട്ടിൽ അർജൻറീന രണ്ടാം ഗോൾ നേടിയ ശേഷമാണ് സൂപ്പർ സബ്ബെന്ന് വിളിക്കാവുന്ന വെഗ്‌ഹോസ്റ്റ് ഇറങ്ങിയത്. ഡീപേയ്ക്ക് പകരമായാണ് താരം 78ാം മിനുട്ടിൽ ഇറങ്ങിയത്. തുടർന്ന് 83ാം മിനുട്ടിൽ ബെർജിസായിരുന്നു അസിസ്റ്റിൽ നിന്ന് ഡച്ചുകാർക്കായി ആദ്യ ഗോൾ നേടുകയായിരുന്നു.

നേരത്തെ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടിയ ശേഷം ഡച്ച് കോച്ച് ലൂയി വാൻ ഗാലിന്റെ അടുത്തെത്തി, കൈപ്പത്തികൾ പുറത്തേക്ക് തുറന്ന് ചെവിയോട് ചേർത്തുപിടിച്ച് മെസ്സി ആഘോഷിച്ചിരുന്നു. മത്സരത്തിന് മുമ്പ് വാൻ ഗാൽ നടത്തിയ പരാമർശങ്ങൾ മെസിയെ ചൊടിപ്പിച്ചതായാണ് നിരീക്ഷിക്കപ്പെട്ടത്. അതേസമയം അർജന്റീനൻ നായകനായിരുന്ന യുവാൻ റോമൻ റിക്വൽമിക്കു വേണ്ടിയാണ് മെസ്സി ഇങ്ങനെയൊരു ആഘോഷം നടത്തിയതെന്നും ഫുട്ബോൾ വിദഗ്ധർ വിശദീകരിച്ചു. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ബാഴ്സലോണയിൽ കോച്ചായിരുന്ന വേളയിൽ വാൻ ഗാൽ ഏറെ പുറത്തിരുത്തിയ താരമാണ് റിക്വൽമി. കളത്തിലിറക്കിയ വേളയിൽ തന്റെ ഇഷ്ട പൊസിഷനായ സെൻട്രൽ മിഡ്ഫീൽഡിൽ താരത്തെ കളിപ്പിക്കാനും വാൻ ഗാൽ തയ്യാറായിരുന്നില്ല. രണ്ടര വർഷമാണ് റിക്വൽമി ബാഴ്സലോണയിലുണ്ടായിരുന്നത്.

ക്വാർട്ടറിൽ അതിനാടകീയ രംഗങ്ങൾക്കൊടുവിൽ നെതർലൻഡ്സിനെതിരെ അർജൻറീന വിജയിക്കുകയായിരുന്നു. ആദ്യ ഇരുപകുതിയും അധികസമയവും സമനിലയിലായതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നേരത്തെ ഇരട്ടഗോൾ ലീഡ് നേടി മത്സരത്തിൽ മുന്നിട്ടുനിന്ന മെസ്സിപ്പടയെ സമനിലയിൽ കുരുക്കിയ ടീമിന് പക്ഷേ ഷൂട്ടൗട്ട് സമ്മർദ്ദം അതിജീവിക്കാനായില്ല. നാലു അർജൻറീനൻ താരങ്ങൾ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ മൂന്നു പേരാണ് ഡച്ചപടയിൽ നിന്ന് ലക്ഷ്യം കണ്ടത്. അർജൻറീനൻ ഗോൾകീപ്പർ മാർട്ടിനെസ് കിടിലൻ സേവുകളും ഷൂട്ടൗട്ടിൽ കാഴ്ചവെച്ചു. നാലാമത് കിക്കെടുത്ത എൻസോ അവസരം പാഴാക്കിയെങ്കിലും ലൗത്താരോയെടുത്ത അവസാന കിക്ക് സെമിയിൽ അർജൻറീനയുടെ ഇടം ഉറപ്പാക്കി.

Messi's angry reaction to Weghorst during a post-match interview

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News