പി.എസ്.ജി കുപ്പായത്തില്‍ മിശിഹയുടെ ആദ്യ ഗോള്‍; പൂരപ്പറമ്പായി ഗ്യാലറി
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ പരാജയത്തിന് കണക്ക് തീർക്കൽ, കാത്തുകാത്തിരുന്ന ഗോളും സിറ്റിയോടുള്ള വിജയവും, എന്തുകൊണ്ടും പി.എസ്.ജി ആരാധകർക്കിന്നലെ ആഘോഷരാവായിരുന്നു.
കാത്തിരുന്ന ആരാധകരുടെ കണ്ണും മനസും നിറച്ച് പി.എസ്.ജി കുപ്പായത്തില്‍ മെസിയുടെ ആദ്യ ഗോള്‍. ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തന്നെ ഗോളടിച്ച് അങ്ങനെ മെസി തുടങ്ങി. ഇദ്രിസ ഗുവേയും മെസിയും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് പി.എസ്.ജി സിറ്റിയെ തകര്‍ത്തത്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ പരാജയത്തിന് കണക്ക് തീർക്കൽ, കാത്തുകാത്തിരുന്ന ഗോളും സിറ്റിയോടുള്ള വിജയവും, എന്തുകൊണ്ടും പി.എസ്.ജി ആരാധകർക്കിന്നലെ ആഘോഷരാവായിരുന്നു. ആദ്യ പകുതിയിൽ ഗുവേയുടെ ഗോളിൽ മുന്നിലെത്തിയ ശേഷം മത്സരത്തിന്റെ എഴുപത്തി മൂന്നാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിന്‍റെ കൊടുമുടി കയറ്റിയ മെസിയുടെ ഗോളെത്തുന്നത്
മെസ്സി ആദ്യ ഇലവനിൽ എത്തിയപ്പോള്‍ തന്നെ സൂചനകള്‍ വ്യക്തമായിരുന്നു. ആ ഊര്‍ജം പി.എസ്.ജിയുടെ കളിയില്‍ കാണാനുമുണ്ടായിരുന്നു. ആദ്യം മുതൽ ആക്രമിച്ചു കളിക്കാനായിരുന്നു ഇരു ടീമുകളുടേയും ശ്രമം. മത്സരത്തിന്‍റെ എട്ടാം മിനുട്ടിൽ തന്നെ പി.എസ് ജി ലീഡെടുത്തു. വലതു വിങിലൂടെ എംബാപ്പെ നടത്തിയ കുതിപ്പ് സിറ്റി ഡിഫൻസിനെ പ്രതിരോധത്തിലാക്കി. എംബാപ്പെ ബോക്സിലേക്ക് കട്ട് ചെയ്ത് കൊടുത്ത പന്ത് സ്വീകരിച്ച് ഇദ്രിസ ഗുവേയുടെ കിടിലന്‍ ഷോട്ട് സിറ്റിയുടെ വലതുളച്ചു. പി.എസ്.ജിക്ക് ഒരു ഗോള്‍ ലീഡ്. ഈ സീസണിലെ താരത്തിന്‍റെ നാലാം ഗോള്‍ കൂടിയായിരുന്നു ഇത്.
ആദ്യ പകുതിയിൽ തന്നെ ഗോള്‍ തിരിച്ചടിക്കാന്‍ സമനില സിറ്റിക്ക് യഥേഷ്ടം അവസരങ്ങൾ ലഭിച്ചെങ്കിസും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 26ആം മിനുട്ടിൽ സ്റ്റെർലിംഗിന്‍റെ ഒരു ഹെഡർ ബാറിൽ തട്ടി മടങ്ങി. ആ ഷോട്ട് റീബൗണ്ട് ചെയ്ത ബെർണാഡോ സിൽവക്കും ഗോളിലേക്ക് തിരിച്ചുവിടാനായില്ല.
രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ പി.എസ്.ജിയുടെ ഡിഫൻസിനെ മറികടന്ന് പന്ത് വലയിലെത്തിക്കാന്‍ സിറ്റിയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. ഒടുവില്‍ മത്സരത്തിന്‍റെ 74ആം മിനുട്ടില്‍ ആരാധകര്‍ കാത്തിരുന്ന ആ ഗോളെത്തി. മെസ്സി തന്നെ തുടങ്ങിയ ആക്രമണം അവസാനം മെസ്സി തന്നെ ഫിനിഷ് ചെയ്തു. ഗംഭീമായ ഓട്ടവും തുടര്‍ന്നുള്ള മനോഹരമായ ഫിനിഷും, മെസ്സിയുടെ ആ ഇടങ്കാലൻ ഷോട്ട് നോക്കി നില്‍ക്കാന്‍ മാത്രമേ സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് കഴിഞ്ഞുള്ളൂ. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ പി.എസ്.ജിയുടെ ആദ്യ ജയമായിരുന്നു ഇന്നലെ.