ഇനിയേസ്റ്റയെ കിട്ടുമോ എന്ന് ബഗാൻ; തുക കേട്ട് ഞെട്ടി ക്ലബ്
നിലവിൽ യുഎഇ പ്രോലീഗിലെ എമിറേറ്റ്‌സ് ക്ലബിലാണ് താരം
കൊൽക്കത്ത: ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റയെ ക്ലബിലെത്തിക്കാനുള്ള വിഫല ശ്രമം നടത്തി മോഹൻ ബഗാൻ. ട്രാന്‍സ്ഫര്‍ തുക കേട്ട് ഒരു സ്‌മൈലിയോടെ ചർച്ചയ്ക്ക് ബഗാൻ വിരാമമിട്ടു എന്നാണ് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് മാർക്കസ് മർഗൽഹൗ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
പ്രതിവർഷം എട്ട് ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 66 കോടി ഇന്ത്യൻ രൂപ) ഇനിയേസ്റ്റയുടെ ഏജന്‍റ് ആവശ്യപ്പെട്ടത്. ഇതോടെ മറ്റു വിഷയങ്ങളിലേക്കൊന്നും ക്ലബ് കടന്നില്ല. നിലവിൽ യുഎഇ പ്രോലീഗിലെ എമിറേറ്റ്‌സ് ക്ലബിലാണ് താരം.
ബാഴ്‌സയ്ക്കായി 2002ൽ 18-ാം വയസ്സിൽ അരങ്ങേറിയ ഇനിയേസ്റ്റ 16 വർഷത്തെ കാലയളവിൽ ക്ലബിനായി 35 ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യൻസ് ലീഗും ഒമ്പത് ലാ ലീഗ കിരീടവും നേടി. ബാഴ്‌സയിലെ കരിയറിന് ശേഷം 2018ൽ വിസ്സൽ കോബെയുമായി കരാറിലെത്തി. ടീമിനായി 130 മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞു. 2023 ആഗസ്തിലാണ് ക്ലബ് എമിറേറ്റ്‌സുമായി കരാറൊപ്പിട്ടത്. 2025 വരെയാണ് കരാർ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വമ്പന്മാരായ മോഹന്‍ ബഗാന്‍റെ ആകെ മൂല്യം 71 കോടി രൂപയാണ്. ലീഗിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള ക്ലബ്ബു കൂടിയാണ് ബഗാൻ. 30-40 കോടി രൂപയാണ് ഐഎസ്എൽ ടീമുകളുടെ ശരാശരി ബജറ്റ്.