സഹലില്ലാതെ മോഹൻ ബഗാൻ; ഒന്നാമതെത്താൻ ബ്ലാസ്റ്റേഴ്സ്
11 കളിയിൽ ഏഴ് ജയവുമായി 23 പോയിന്റുള്ള ബാസ്റ്റേഴ്സ് രണ്ടാംസ്ഥാനത്താണ്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന എഫ്.സി മോഹൻ ബഗാൻ നിരയിൽ മലയാളി താരം സഹൽ അബ്ദുസ്സമദില്ല. ഒഡിഷക്കെതിരായ മത്സരത്തിലേറ്റ പരിക്ക് ഭേദമാകാത്തതാണ് താരത്തിന് വിനയായത്. ഈ സീസണിലാണ് സഹൽ ബ്ലാസ്റ്റേഴ്സിൽനിന്ന് മോഹൻ ബഗാനിലെത്തുന്നത്.
ഇന്നത്തെ മത്സരത്തിൽ കമ്മിങ്സ്, പെട്രാട്ടോസ്, ബൗമൗസ് എന്നിവരാണ് മോഹൻ ബഗാന്റെ മുന്നേറ്റ നിരയിലുള്ളത്. നസ്സിരി, ടാൻഗ്രി, താപ, ബോസ് എന്നിവർ മധ്യനിരയെ ശക്തിപ്പെടുത്തുന്നു. റായ്, യുസ്തെ, രതി എന്നിവരാണ് ഡിഫണ്ടേഴ്സ്. വിഷാൽ കെയ്ത് ആണ് വല കാക്കുന്നത്.
ദിമിത്രിയോസ് ഡൈമന്റാകോസ്, ക്വമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയിലുള്ളത്. മുഹമ്മദ് അയ്മൻ, ഡാനിഷ് ഫാറൂഖ്, അസ്ഹർ, രാഹുൽ കെ.പി എന്നിവർ മധ്യനിരയിലുണ്ട്. എൻ. സിങ്, മാർക്കോ ലെസ്കോവിച്, മിലോസ് ഡ്രിൻസിച്, പ്രീതം കോട്ടാൽ എന്നിവർ പിൻനിരയിൽ ശക്തി പകരും. സച്ചിൻ സുരേഷാണ് ഗോളി.
സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. കൊച്ചിയിൽ ഞായറാഴ്ച മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിൻറെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലെത്തിയിരിക്കുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
11 കളിയിൽ ഏഴ് ജയവുമായി 23 പോയിന്റുള്ള ബാസ്റ്റേഴ്സ് രണ്ടാംസ്ഥാനത്താണ്. ഒമ്പത് മത്സരത്തിൽനിന്ന് 19 പോയിന്റുമായി മോഹൻ ബഗാൻ നാലാമതുണ്ട്. ഒമ്പത് മത്സരങ്ങളിൽനിന്ന് 23 പോയിന്റുള്ള ഗോവയാണ് പട്ടികയിൽ ഒന്നാമത്.