ആ മഞ്ഞകാർഡ് എന്തിനായിരുന്നു ? റഫറിയുടെ തീരുമാനം വിവാദത്തിൽ

വീഡിയോ റിപ്ലേയിൽ ഫ്രാൻസ് താരമാണ് മൊറോക്കൻ താരത്തെ ഫൗൾ ചെയ്യുന്നത് വ്യക്തമായതിന് പിന്നാലെയാണ് വിവാദമായത്

Update: 2022-12-14 20:26 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: ഖത്തർ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിനിടെ വിവാദം. ഫ്രാൻസിന്റെ ബോക്‌സിൽ അവരുടെ വിങ് ബാക്കർ തിയോ ഹെർണാണ്ടസിനെ ഫൗൾ ചെയ്തതിന് റഫറി മൊറോക്കൻ താരം സൊഫിയാനേ ബൗഫലിന് മഞ്ഞക്കാർഡ് നൽകിയതാണ് വിവാദമായിരിക്കുന്നത്.



വീഡിയോ റിപ്ലേയിൽ ഫ്രാൻസ് താരമാണ് മൊറോക്കൻ താരത്തെ ഫൗൾ ചെയ്യുന്നത് വ്യക്തമായതിന് പിന്നാലെയാണ് വിവാദമായത്. ബോക്‌സിനകത്ത് മൊറോക്കൻ താരത്തെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചില്ലെന്നും പകരമായി ഫൗൾ ചെയ്യപ്പെട്ട താരത്തിന് മഞ്ഞക്കാർഡ് നൽകുകയാണ് ചെയ്തതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

അതേസമയം, മത്സരത്തിന്റെ ആദ്യപകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് മുന്നിൽ. പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് ഇതുവരെ ഗോൾ വഴങ്ങാത്ത മൊറോക്കൻ പ്രതിരോധത്തെ കീഴ്പ്പെടുത്തിയത്. അൽയാമിഖിനെ മറികടന്ന് ഗ്രീസ്മാൻ നൽകിയ പന്ത് എംബാപ്പെ ഗോൾപോസ്റ്റിലേക്ക് രണ്ടു അടിച്ചുവെങ്കിലും തടയപ്പെട്ടു. എന്നാൽ തിരിച്ചുവന്ന പന്ത് സ്വീകരിച്ച് ഹെർണാണണ്ടസ് തൊടുത്ത അക്രോബാറ്റിക് ഷോട്ട് ബൂനോയെ കീഴപ്പെടുത്തി വലയിൽ കയറുകയായിരുന്നു. ഇതോടെ സുപ്രധാന മത്സരത്തിന്റെ ആദ്യപകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് മുന്നിട്ടു നിൽക്കുകയാണ്. 15ാം മിനുട്ടിൽ മൊറോക്കോ കൗണ്ടർ അറ്റാക്കുമായി മുന്നേറിയെങ്കിലും സിയെച്ചിന്റെ ഷോട്ട് ഗോൾ കിക്കായി ഒടുങ്ങി. ഈ നീക്കം അവസാനിച്ചയുടൻ ഫ്രാൻസ് നടത്തിയ നീക്കത്തിനൊടുവിൽ ജിറൗദിന്റെ ഷോട്ട് മൊറോക്കൻ പോസ്റ്റിൽ തട്ടി പുറത്ത്പോയി.

അതിനിടെ, മത്സരത്തിന്റെ 20ാം മിനുട്ടിൽ മൊറോക്കോ റൊമൈൻ സായിസിനെ തിരിച്ചുവിളിച്ചു. സാലിം അമല്ലാഹാണ് പകരമിറങ്ങിയത്. മത്സരത്തിന് മുമ്പേ താരം കളിക്കുന്നത് സംശയത്തിലായിരുന്നു. 35ാം മിനുട്ടിൽ ആദ്യം എംബാപ്പെയും പിന്നീട് ജിറൗദും മികച്ച ഗോളവസരങ്ങൾ പാഴാക്കി. എംബാപ്പെയെ ഹകീമി തടയുകയായിരുന്നുവെങ്കിൽ ജിറൗദ് പോസ്റ്റിന് പുറത്തേക്കാണ് അടിച്ചത്.

43ാം മിനുട്ടിൽ മൊറോക്കോക്ക് ലഭിച്ച ആദ്യ കോർണറിൽ ഗോളായെന്ന് ഉറച്ച മട്ടിലൊരു ഷോട്ട് പിറന്നു. ഹകീമിയെടുത്ത കിക്കിൽ നിന്ന് യാമിഖ് കിടിലൻ അക്രോബാറ്റിക് ഷോട്ട് തൊടുത്തുവെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. പന്ത് വീണ്ടും മൊറോക്കൻ താരങ്ങളുടെ കാലിലെത്തി. പക്ഷേ ഒടുവിൽ ഷോട്ടെടുത്ത ബൗഫലിനും ലക്ഷ്യത്തിലെത്തിക്കാനായില്ല. വീണ്ടും ഒരു കോർണർ കൂടി മൊറോക്കൻ ടീമിന് ലഭിച്ചെങ്കിലും ലോറിസിന്റെ കൈകളിലൊതുങ്ങി.

അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. ഫ്രഞ്ച് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോയില്ല. മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News