ഫൈനലിൽ എതിരാളിയായി റയൽ മാഡ്രിഡിനെ കിട്ടണം : മുഹമ്മദ് സലാഹ്
2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സലാഹ് പരിക്കേറ്റ് പുറത്തായിരുന്നു
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ എതിരാളിയായി റയൽ മാഡ്രിഡ് വരണമെന്നാണ് ആഗ്രഹമെന്ന് സൂപ്പർതാരം മുഹമ്മദ് സലാഹ്. 2018 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിക്ക് കണക്ക് തീർക്കാനായി റയൽ മാഡ്രിഡിനെ തന്നെ കിട്ടമെന്നാണ് ആഗ്രഹമെന്ന് സെമിഫൈനലിൽ വിയ്യാറയലിനെതിരെ നേടിയ വിജയത്തിന് ശേഷം സലാഹ് വ്യക്തമാക്കി.
5 കൊല്ലത്തിന് ഇടയിൽ 3 കൊല്ലം ലിവർപൂൾ ഫൈനലിലെത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയ നേട്ടമാണ്. ഇത്തവണയും കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും സലാഹ് പറഞ്ഞു.2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സലാഹ് പരിക്കേറ്റ് പുറത്തായിരുന്നു. മത്സരത്തിൽ ലിവർപൂൾ തോറ്റതോടെ സലാഹിന്റെ പരിക്കും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അന്നത്തെ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനെതിരെയായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, 2019 ൽ ടോട്ടൻഹാമിനെ തോൽപ്പിച്ച ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്തിരുന്നു. ഇന്ന് രാത്രി 12.30 നാണ് മാഞ്ചസ്റ്റർ സിറ്റി- റയൽ മാഡ്രിഡ് പോരാട്ടം.
അതേസമയം,വിയ്യാറയലിനെ തോൽപ്പിച്ച് ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ കയറി. രണ്ടാംപാദ സെമിയിൽ വിയ്യാറയലിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശം. ആദ്യ പാദ മത്സരം 2-0 ന് ലിവർപൂൾ ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 5-2നാണ് ലിവർപൂളിന്റെ ജയം. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലിവർപൂളിന്റെ തിരിച്ചുവരവ്. ഇന്നു നടക്കുന്ന റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ സിറ്റി മൽസര വിജയികളാവും ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ.
ആദ്യ പകുതിയിൽ വിയ്യാറയൽ രണ്ട് ഗോളിന് മുന്നിലെത്തിയതോടെ ലിവർപൂൾ ഞെട്ടി. മൂന്നാം മിനിറ്റിൽ ബൂലോ ഡിയയിലൂടെ വിയ്യാറയൽ മുന്നിലെത്തി. 41ാം മിനിറ്റിൽ ഫ്രാൻസിസ് കോക്വിൽ വിയ്യാറയലിനായി വീണ്ടും വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ മടക്കാൻ ആക്രമിച്ച് കളിച്ച ലിവർപൂൾ 62ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്ന് ഫാബിഞ്ഞോയുടെ വക ഗോൾ. വിയ്യാറയൽ ഗോൾ കീപ്പർ റൂളിയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ.
അഗ്രിഗേറ്റിൽ വീണ്ടും ലിവർപൂൾ മുന്നിൽ. അഞ്ചുമിനിറ്റിനുള്ളിൽ രണ്ടാംപാദത്തിലെ സമനിലഗോളടിച്ച് ലിവർപൂൾ അഗ്രിഗേറ്റിൽ രണ്ടുഗോൾ ലീഡ് നേടി. ലൂയിസ് ഡിയാസാണ് ലിവർപൂളിനായി സ്‌കോർ ചെയ്തത്. 74ാം മിനിറ്റിൽ സൂപ്പർതാരം സാദിയോ മാനെയുടെ ഗോൾ ലിവർപൂളിന്റെ ഫൈനൽ പ്രവേശം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദസെമിയിൽ ഇന്ന് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യപാദത്തിലെ ജയം മാഞ്ചസ്റ്റർ സിറ്റിക്ക് മേൽക്കൈ നൽകുന്നു. എന്നാൽ സ്വന്തം മൈതാനത്ത് മത്സരം നടക്കുന്നത് റയലിന് പ്രതീക്ഷ നൽകുന്നുണ്ട്.രാത്രി 12.30നാണ് മൽസരം.