സൂപ്പർ സബ്ബായി വെഗോർസ്റ്റ്; യൂറോയിൽ പോളണ്ടിനെ തകർത്ത് ഡച്ച് പട തുടങ്ങി
പകരക്കാരനായി ഇറങ്ങിയ വെഗോർസ്റ്റ് 83ാം മിനിറ്റിൽ വിജയഗോൾ നേടുകയായിരുന്നു
മ്യൂണിക്: അർജന്റീനയുടെ നെഞ്ചുപിളർത്തി ഖത്തർ ലോകകപ്പിലെ അവസാന മിനിറ്റിൽ ഗോൾ നേടി മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീട്ടിയ അതേ വെർഗെസ്റ്റ് ഇത്തവണ പണി കൊടുത്തത് പോളണ്ടിന്. പകരക്കാരനായി അവസാന പത്തു മിനിറ്റിൽ കളത്തിലിറങ്ങിയ താരത്തിന്റെ ഗോളിൽ പോളണ്ടിനെതിരെ വിജയം പിടിച്ച് നെതർലാൻഡ്. ഗ്രൂപ്പ് ഡിയിലെ അത്യന്തം ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഓറഞ്ചു പടയുടെ ജയം. കോഡ് ഗാപ്‌കോ(29), വെർഗോസ്റ്റ്(83) നെതർലാൻഡിനായി വലകുലുക്കിയപ്പോൾ ബുക്‌സ(16) പോളിഷ്‌നിരക്കായി ആശ്വാസഗോൾ നേടി.
വോക്‌സ്പാർക്ക് സ്റ്റേഡിയത്തിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് ഓറഞ്ചുപട വിജയം പിടിച്ചത്. കോർണർ കിക്കിൽ നിന്ന് പോളണ്ട് മത്സരത്തിൽ ലീഡെടുത്തു. മിഡ്ഫീൽഡർ സീലിൻസ്‌കിയെടുത്ത കോർണർ ഉയർന്നുചാടി അഡം ബുക്‌സ പോസ്റ്റിലേക്ക് കുത്തിയിറക്കി. ഗോൾവീണതോടെ കൂടുതൽ ആക്രമിച്ചുകളിച്ച ഡച്ച് പട എതിർബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. തുടരെ അവസരങ്ങൾ നഷ്ടമായെങ്കിലും 29ാം മിനിറ്റിൽ യുവതാരം കോഡി ഗാപ്‌കോയിലൂടെ നെതർലാൻഡ് സമനില പിടിച്ചു. പ്രതിരോധ താരം നഥാൻ ആകെയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറി ബോക്‌സിനുള്ളിൽ നിന്ന് ലിവർപൂൾ താരം ഉതിർത്ത വലംകാലൻ ബുള്ളറ്റ് ഷോട്ട് പോളിഷ് താരത്തിന്റെ കാലിലുരസി വലയിൽകയറി. ആദ്യ യൂറോയിൽ തന്നെ ഗോൾനേടാനും താരത്തിനായി.
ആദ്യ പകുതിയിലുടനീളം നെതർലാൻഡ് താരങ്ങൾ നിരവധി അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ മെംഫിസ് ഡിപേയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. അവസാന 45 മിനിറ്റിലും പന്തടക്കത്തിലും മുന്നേറ്റത്തിലും നെതർലാൻഡായിരുന്നു മുന്നിൽ. എതിരാളികളെ പിൻകാലിലൂന്നി പ്രതിരോധിക്കാനാണ് പോളണ്ട് ശ്രമിച്ചത്. 54ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ലഭിച്ച അവസരം ഡച്ച് താരം സിമൻസ് പുറത്തേക്കടിച്ചു. 59ാം മിനിറ്റിൽ കിവിയോറിന്റെ ഗോൾശ്രമം നെതർലാൻഡ് ഗോൾകീപ്പർ തട്ടിയകറ്റി. തൊട്ടുപിന്നാലെ ഡംഫ്രിസ് അടിച്ച ഷോട്ടും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പോളണ്ട് ഗോൾകീപ്പർ വോയ്‌ചെക് ഷെസ്‌നിയുടെ മികച്ച സേവുകളും പോളണ്ടിന്റെ രക്ഷക്കെത്തി.
മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ വെർഗോസ്റ്റിനെ കളത്തിലിറക്കാനുള്ള പരിശീലകൻ റൊണാൾഡോ കോമാന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിലെ ആദ്യ ടച്ച് തന്നെ ഗോൾ. ആകെയുടെ പാസിൽ ബോക്‌സിൽ രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച് വെർഗോസ്റ്റിന്റെ ക്ലിനിക്കൽ ഫിനിഷ്. അവസാന മിനിറ്റിൽ സമനിലക്കായുള്ള പോളണ്ട് നീക്കങ്ങൾ നിഷ്പ്രഭമായതോടെ യൂറോയിലെ ആദ്യ ജയം നെതർലാൻഡ് സ്വന്തമാക്കി.