ഐ.എസ്.എല്‍ മാറുന്നു: പ്ലേ ഓഫിലേക്ക് ആറു ടീമുകൾ
പ്ലേ ഓഫിൽ ഓഫിൽ ഇനി ആറു ടീമുകളുണ്ടാകും. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 9ാം സീസണാണ് ഇനി നടക്കാനിരിക്കുന്നത്.
കൊല്‍ക്കത്ത: അടുത്ത സീസണിൽ നിർണായക മാറ്റവുമായി ഐ.എസ്.എൽ. പ്ലേ ഓഫിൽ ഓഫിൽ ഇനി ആറു ടീമുകളുണ്ടാകും. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 9ാം സീസണാണ് ഇനി നടക്കാനിരിക്കുന്നത്. കോവിവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് സീസണുകൾ ഗോവയിൽ വെച്ചാണ് നടത്തിയത്.
നിലവിൽ നാല് ടീമുകളാണ് പ്ലേ ഓഫിലെത്തുന്നതെങ്കിൽ അടുത്ത സീസൺ മുതൽ 6 ടീമുകൾക്കാവും പ്ലേ ഓഫ് യോഗ്യത. ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും. മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ നോക്കൗട്ട് മത്സരം കളിക്കും. അതായത് മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മിലും, 4, 5 സ്ഥാനക്കാരും തമ്മിലും മത്സരിക്കും. ഈ ടീമുകളിൽ ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവരുടെ ഹോം ഗ്രൗണ്ടിലാകും മത്സരങ്ങൾ. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾ അവസാന നാലിലേക്ക് യോഗ്യത നേടും.
സെമി ഫൈനലുകൾ മുൻ സീസണുകളിലേത് പോലെ തന്നെ രണ്ട് പാദങ്ങളിലായിട്ടാവും നടക്കുക. ഒരു പാദം സ്വന്തം പാദത്തിലും, അടുത്ത പാദം എതിരാളികളുടെ തട്ടകത്തിലുമാകും ടീമുകൾക്ക് കളിക്കേണ്ടി വരിക.
ഐ.എസ്.എൽ ടെക്‌നിക്കൽ കമ്മിറ്റി പുതിയ നിർദേശത്തെ അംഗീകരിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഐഎസ്എൽ എട്ട് ടീമുകളുമായാണ് തുടങ്ങിയത്. അതിൽ പകുതി ടീമുകൾക്കും പ്ലേഓഫ് അവസരം ലഭിച്ചിരുന്നു. പിന്നാലെ പുതിയ മൂന്ന് ടീമുകൾ കൂടിച്ചേർന്നെങ്കിലും പ്ലേ ഓഫ് യോഗ്യത പഴയതുപോലെ തുടരുകയായിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം കൊണ്ടുവരുന്നത്. പുതിയ പരിഷ്‌കാരം കൂടുതൽ ക്ലബ്ബുകൾക്ക് അവസരം ലഭിക്കുമെന്ന് ഐസ്എസ്എൽ വക്താവ് വ്യക്തമാക്കുന്നു.
Summary-New Six-team Playoffs in Indian Super League from Next Season