സൗദിയിലെത്താൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇനി എല്ലാ കിരീടങ്ങളും നേടണം: നെയ്മർ
''റൊണാൾഡോയാണ് എല്ലാത്തിനും തുടക്കമിട്ടത്, ആദ്യം ഭ്രാന്തൻ തീരുമാനം എന്നാണ് എല്ലാവരും പറഞ്ഞത്, ഇന്ന് സൗദി ലീഗ് വളരുകയാണ്''- നെയ്മര്‍
റിയാദ്: തന്റെ സൗദി പ്രവേശനത്തിന് പിന്നിൽ പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. റെക്കോർഡ് തുകയ്ക്കാണ് നെയ്മറിനെ അൽഹിലാൽ ടീമിൽ എത്തിച്ചത്. അൽ നസർ- ഹിലാൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അൽ നസറിന്റെ ആദ്യ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നില്ല.
അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനിടെ പരിക്കേറ്റതിനാലാണ് റൊണാൾഡോക്ക് ആദ്യ മത്സരം നഷ്ടമായത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി പ്രവേശത്തിലേക്കുള്ള കാരണമെന്ന് നെയ്മർ പറഞ്ഞു. 'റൊണാള്‍ഡോ സൗദിയിലേക്ക് പോയപ്പോൾ എല്ലാവരും ഭ്രാന്തൻ തീരുമാനം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് സൗദി ലീഗ് കൂടുതൽ വളരുന്നതായി കാണാം - നെയ്മർ പറഞ്ഞു. സൗദിയിൽ എത്തിയ ശേഷം ആദ്യമായി സംസാരിക്കുകയായിരുന്നു താരം.
''കാര്യങ്ങളെല്ലാം ആവേശഭരിതമാണ്. മറ്റു ടീമുകളിലെ ഉയർന്ന നിലവാരമുള്ള കളിക്കാരെ കാണുമ്പോൾ നിങ്ങളെ കൂടുതൽ ആവേശഭരിതമാക്കുകയും നന്നായി കളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും, പ്രത്യേകിച്ചും റൊണാൾഡോ, ബെൻസീമ, റോബർട്ടോ ഫിർമിനോ എന്നിവരെ നേരിടുമ്പോൾ''- നെയ്മർ പറഞ്ഞു. അതേസമയം സാദിയോ മാനെ, റിയാദ് മെഹ്‌റസ്, എൻഗോളോ കാന്റെ, എഡ്വാർഡ് മെൻഡി തുടങ്ങി ഫുട്‌ബോൾ ലോകത്ത് അടയാളപ്പെടുത്തിയവരെല്ലാം പുതിയ സീസണിൽ സൗദിയുലുണ്ട്.
''സൗദി ലീഗ് വളരെയേറെ മത്സരാത്മകമായിരിക്കും. പ്രത്യേകിച്ച് സമ്മർ ട്രാൻസ്ഫറിന് ശേഷം. മത്സരക്ഷമത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഇവിടെ ഞാൻ ചേർന്നത്. വെല്ലുവിളികളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ലീഗിന്റെ വളർച്ചയെ സഹായിക്കാൻ ഞാനും ഉണ്ടാകും. തീർച്ചയായും ധാരാളം ബ്രസീലുകാര്‍ ലീഗിനെ വീക്ഷിക്കും. എല്ലാവരും അൽ ഹിലാലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്‌ബോൾ ആസ്വദിക്കാൻ പറ്റുന്നതെല്ലാം എന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് എനിക്ക് അവർക്ക് നൽകാനുള്ള സന്ദേശം, എല്ലാ കിരീടങ്ങളും നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം- നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ഹിലാലിൽ എത്തുന്നത്. ആറ് വർഷത്തെ പിഎസ്ജി വാസം അവസാനിപ്പിച്ചാണ് നെയ്മറിന്റെ വരവ്. അതേസമയം രണ്ട് വർഷത്തെ കരാറിലാണ് റൊണാൾഡോയും സൗദിയിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നായിരുന്നു റൊണാൾഡോയുടെ വരവ്.