പരിക്കിന് ശേഷം നെയ്മർ വരുന്നു; നാളെ അൽഹിലാലിനായി കളത്തിലിറങ്ങിയേക്കും
റിയാദ്: പരിക്കിനെത്തുടർന്ന് ഒരു വർഷത്തോളം കളത്തിന് പുറത്തായിരുന്ന നെയ്മർ മൈതാനത്തേക്ക് മടങ്ങിവരുന്നു. നാളെ നടക്കുന്ന എഫ്.എഫ്.സി ചാമ്പ്യൻസ്‍ ലീഗിലെ അൽ ഐനെതിരെയുള്ള മത്സരത്തിനുള്ള അൽഹിലാൽ ടീമിൽ നെയ്മർ ഉൾപ്പെടുമെന്ന സൂചനകളുണ്ട്.
‘അൽഹിലാൽ’ സമൂഹമാധ്യമ പേജുകളിൽ മടങ്ങി വരവ് വാർത്തയുടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘‘നിങ്ങൾ ആകാംക്ഷയിലാണെന്നറിയാം. ഞാനും അതെ. ഒക്ടോബർ 21ന് ഞാൻ മടങ്ങിവരും’’ -വിഡിയോയിൽ നെയ്മർ പ്രതികരിച്ചു.
2023 ഓഗസ്റ്റിലാണ് നെയ്മർ പി.എസ്.ജിയിൽ നിന്നും അൽ ഹിലാലിലേക്കെത്തിയത്. കോടികൾ മുടക്കിയെത്തിയ താരം വെറും അഞ്ചുമത്സരങ്ങളിൽ മാത്രമാണ് അൽഹിലാലിനായി കളത്തിലിറങ്ങിയത്. പോയ വർഷം ഒക്ടോബറിൽ യുറുഗ്വായ്ക്കെതിരെ നേരിട്ട ഗുരുതര പരിക്കാണ് താരത്തിന് വിനയായത്.
എസിഎൽ പരിക്കിനെ തുടർന്ന് (The anterior cruciate ligament) നെയ്മർ ഒരു വർഷത്തിലേറെയായി കളത്തിന് പുറത്തായിരുന്നു. ശാരീരികമായി ഫിറ്റാണെങ്കിൽ താരം നവംബറിൽ പ്രഖ്യാപിക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെട്ടേക്കും.