സ്വകാര്യ വിമാനം, 25 മുറി വീട്, അവധിക്കാലത്തെ മുഴുവൻ ബില്ലുകൾ; വമ്പൻ ശമ്പളത്തിന് പുറമേ സൗദിയിൽ നെയ്മറിന് ലഭിക്കുന്നത്...
ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു ക്ലബ്ബ് മുടക്കുന്ന റെക്കോർഡ് തുകയായിരിക്കും നെയ്മറിന് വേണ്ടിയുള്ളത്
റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പുവച്ചിരിക്കുകയാണ്. രണ്ടു വർഷത്തെ കരാറിലേർപ്പെട്ട താരത്തിന് നൂറു മില്യൺ ഡോളർ വാർഷിക ശമ്പളം കിട്ടുമെന്നാണ് വാർത്തകൾ. ഈ വമ്പൻ ശമ്പളത്തിന് പുറമേ, സൗദി അറേബ്യയിൽ നെയ്മർ ജൂനിയറിന് വേറെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ഗ്ലോബൽ ഇൻഡക്‌സ് പോലെയുള്ള ട്വിറ്റർ (എക്‌സ്) പേജുകളും ചില വെബ്‌സൈറ്റുകളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
25 കിടപ്പുമുറികളുള്ള വീട്, 40X10 മീറ്ററുള്ള നീന്തൽക്കുളവും 3 നീരാവിക്കുളങ്ങളും, വീട്ടിൽ അഞ്ച് മുഴുവൻ സമയ ജീവനക്കാർ, ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി -ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ് -ലംബോർഗിനി ഹുറാക്കൻ എന്നിങ്ങനെ മൂന്ന് ആഡംബര കാറുകൾ, മുഴുവൻ സമയ ഡ്രൈവർ, അവധി ദിവസങ്ങളിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിവിധ സേവനങ്ങൾ എന്നിവയുടെ എല്ലാ ബില്ലുകളും ക്ലബ് ആസ്ഥാനത്ത് നിന്ന് അടയ്ക്കും. യാത്രകൾക്കായി സ്വകാര്യ വിമാനം, സൗദി അറേബ്യയെ പ്രമോട്ട് ചെയ്യുന്ന ഓരോ സമൂഹ മാധ്യമ പോസ്റ്റിനും 500,000 യൂറോ എന്നിവയാണ് താരത്തിന് ലഭിക്കുകയെന്ന് ഗ്ലോബൽ ഇൻഡ്ക്‌സ് ട്വീറ്റ് ചെയ്തു.
രണ്ടു വർഷത്തേക്ക് ആകെ 2664 കോടി രൂപയാണ് മുൻ പിഎസ്ജി താരത്തിന്റെ പ്രതിഫലം. അൽഹിലാൽ വിജയിക്കുന്ന ഓരോ മത്സരത്തിനും 80,000 യൂറോ ( ഏകദേശം 87,395 ഡോളർ) ലഭിക്കുമെന്നാണ് റെമെസ്‌ക്ലാ.കോം റിപ്പോർട്ട് ചെയ്യുന്നത്.
അൽ ഹിലാൽ ഔദ്യോഗികമായി നെയ്മറുടെ വീഡിയോ പുറത്തുവിട്ടിരുന്നു. താരം അടുത്തയാഴ്ചയോടെ സൗദിയിലെത്തിയേക്കും. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു ക്ലബ്ബ് മുടക്കുന്ന റെക്കോർഡ് തുകയായിരിക്കും നെയ്മറിന് വേണ്ടിയുള്ളത്. ശനിയാഴ്ചയാണ് നെയ്മറിന്റെ ആദ്യ മത്സരം. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും താരത്തിന്റെ അരങ്ങേറ്റം.
2017ൽ ബാഴ്‌സലോണയിൽ നിന്നാണ് നെയ്മർ പി.എസ്.ജിയിൽ എത്തുന്നത്. ഫുട്‌ബോൾ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും ക്ലബിനൊപ്പം ചേർന്നു.
നേരത്തെ, ക്രിസ്റ്റ്യാനോ അൽ നസ്‌റിലേക്ക് പോയതിനു പിന്നാലെ റയൽ മാഡ്രിഡ് താരം കരീം ബെൻസേമ അൽ ഇത്തിഹാദിലേക്കും ചേക്കേറിയിരുന്നു. ലിവർപൂൾ മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ട്.
Apart from the huge salary, Neymar will get many perks in Saudi Arabia